മയോസിറ്റിസ് രോഗവുമായുള്ള പോരാട്ടത്തിനിടയിലും ശാകുന്തളം ട്രെയിലർ ലോഞ്ചിനെത്തിയ സാമന്തയുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ചിലർ താരത്തെ തളർത്താനാണ് ആ അവസരം വിനിയോഗിച്ചത്. അസുഖം സാമന്തയുടെ എല്ലാ മനോഹാരിതയും നഷ്ടമാക്കി, സാമന്തയെ ഓർത്ത് സങ്കടം തോന്നുന്നു എന്നൊക്കെയാണ് ട്രെയിലര്‍ ലോഞ്ച് ചടങ്ങിലെ സാമന്തയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ഒരു വെരിഫൈഡ് ട്വിറ്റര്‍ പേജ് കുറിച്ചത്. “സാമന്തയുടെ ഭംഗിയും തിളക്കവും എല്ലാം നഷ്ടപ്പെട്ടു. അവൾ വിവാഹമോചനത്തിൽ നിന്ന് ശക്തമായി പുറത്തുവന്നുവെന്നും പ്രൊഫഷണൽ ജീവിതത്തിൽ ഉയരങ്ങൾ താണ്ടുകയാണെന്നും എല്ലാവരും കരുതിയപ്പോൾ, മയോസിറ്റിസ് അവളെ വല്ലാതെ ബാധിച്ചു, അത് സാമന്തയെ വീണ്ടും ദുർബലയാക്കി,” എന്നായിരുന്നു ഒരു വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ട കുറിപ്പിന്റെ ഉള്ളടക്കം.
ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിലൂടെ വിമർശകർക്ക് മറുപടി നൽകുകയാണ് സാമന്ത. ചിത്രത്തിൽ സാമന്തയുടെ കൈകളിലെ പേശികൾ വ്യക്തമായി കാണാം. ‘അത്ര ലോലയല്ല’ എന്നാണ് സാമന്ത കുറിക്കുന്നത്. സാമന്തയുടെ ഫിറ്റ്നസ്സ് ട്രെയിനറായ ജുനൈദ് ഷെയ്ഖിനെയും ചിത്രത്തിൽ കാണാം.

തന്റെ ആരോഗ്യസ്ഥിതിയിൽ സഹതാപം പ്രകടിപ്പിച്ച, ബോഡിഷെയിമിംഗ് പോസ്റ്റിനു സാമന്ത അന്നു തന്നെ മറുപടി നൽകിയിരുന്നു. ” ഞാൻ പ്രാർത്ഥിക്കുന്നു ഞാൻ കടന്നു പോയതുപോലെ മാസങ്ങളോളം ചികിത്സയും മരുന്നും കഴിച്ച് നിങ്ങൾക്ക് കടന്നുപോകാൻ ഇടവരരുതേ എന്ന്.നിങ്ങളുടെ ഭംഗിയും തിളക്കവും വര്‍ധിപ്പിക്കാൻ ഞാനിതാ അല്‍പം സ്നേഹം പകരുന്നു.”
മയോസിറ്റിസുമായുള്ള തന്റെ പോരാട്ടത്തെക്കുറിച്ച് നേരത്തെ സാമന്ത വെളിപ്പെടുത്തിയിരുന്നു. രോഗം ജീവൻ അപകടപ്പെടുത്തുന്ന ഘട്ടത്തിൽ അല്ലെന്നും ഉടൻ ഭേദമാകുമെന്ന പ്രതീക്ഷയിലാണെന്നും താരം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. മയോസിറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന സമയത്താണ് സാമന്ത തന്റെ മുൻ ചിത്രമായ യശോദയ്ക്ക് ഡബ്ബ് ചെയ്തത്.
“ജീവിതത്തിൽ എത്ര ബുദ്ധിമുട്ടുകൾ നേരിട്ടാലും ഒരു കാര്യം മാത്രം മാറില്ല, സിനിമയോടുള്ള സ്നേഹം. അത്രമാത്രം ഞാൻ സിനിമയെ സ്നേഹിക്കുന്നു, സിനിമ എന്നെ തിരികെ സ്നേഹിക്കുന്നു. ശാകുന്തളത്തിനൊപ്പം ഈ സ്നേഹം പലമടങ്ങ് വളരുമെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു,” ശാകുന്തളത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ സാമന്ത പറഞ്ഞതിങ്ങനെ.