തെന്നിന്ത്യൻ സൂപ്പർ താരം സാമന്തയുടെ 35-ാം പിറന്നാളായിരുന്നു ഇന്നലെ. ഷൂട്ടിങ് സെറ്റിലായിരുന്നു സാമന്തയുടെ ഇത്തവണത്തെ പിറന്നാൾ ആഘോഷം. തന്റെ പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി കശ്മീരിലാണ് സാമന്തയുള്ളത്. ഷൂട്ടിങ് സെറ്റിൽ സാമന്തയ്ക്കായി സഹപ്രവർത്തകർ സർപ്രൈസ് ബെർത്ത്ഡേ പാർട്ടി ഒരുക്കിയിരുന്നു. ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.
സിനിമയുടെ ഭാഗമാകാത്ത ഒരു സീൻ ചിത്രീകരിച്ചാണ് സാമന്തയ്ക്ക് ടീം സർപ്രൈസ് കൊടുത്തത്. സീൻ ചിത്രീകരിക്കുകയാണെന്ന് കരുതിയ സാമന്ത ഡയലോഗ് പറയുകയായിരുന്നു. മറുപടിയായി ചിത്രത്തിലെ നായകൻ വിജയ് ദേവേരകൊണ്ട സാമന്തയുടെ പേര് വിളിച്ചു. ഇത് കേട്ടതും സാമന്ത ചിരിച്ചു. ഹാപ്പിബെർത്ത്ഡേ സാമന്ത എന്ന് വിജയ് പറഞ്ഞപ്പോഴാണ് താരത്തിന് അതൊരു പിറന്നാൾ സർപ്രൈസ് ആണെന്ന് മനസിലായത്. പിറന്നാൾ സർപ്രൈസിൽ സാമന്തയുടെ കണ്ണുകൾ നിറയുകയും ചെയ്തു.
2018 ൽ പുറത്തിറങ്ങിയ ‘മഹാനടി’ക്കുശേഷം സാമന്തയും വിജയ്യും വീണ്ടും ഒന്നിക്കുകയാണ്. ശിവ് നിർവാണയാണ് ചിത്രത്തിന്റെ സംവിധായകൻ. സാമന്തയുടെ തമിഴ് സിനിമ ‘കാത്തുവാക്കുല രണ്ടു കാതൽ’ താരത്തിന്റെ ബെർത്ത്ഡേ ദിനമായ ഇന്നലെ റിലീസ് ചെയ്തിരുന്നു. താരത്തിന്റെ പുതിയ സിനിമയായ ‘ശാകുന്തള’ത്തിലെ ക്യാരക്ടർ പോസ്റ്ററും പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്തിരുന്നു.
Read More: സാമന്തയ്ക്ക് നയൻതാര നൽകിയ സ്നേഹസമ്മാനം