കഴിഞ്ഞ ദിവസമാണ് ആലിയ ഭട്ട് നായികയായ സഞ്ജയ് ലീല ഭൻസാലിയുടെ ‘ഗംഗുഭായ് കത്ത്യാവാടി’ തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ഇപ്പോഴിതാ, ചിത്രത്തെയും ആലിയ ഭട്ടിന്റെ പ്രകടനത്തെയും പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് നടി സാമന്ത റൂത്ത് പ്രഭുവും.
“ഗംഗുഭായ് കത്ത്യാവാടി! ഒരു മാസ്റ്റർപീസാണ്!! ആലിയ ഭട്ട്, നിങ്ങളുടെ പ്രകടനത്തെ വിവരിക്കാൻ വാക്കുകൾ പോരാ. ഓരോ ഡയലോഗുകളും ഭാവങ്ങളും എന്റെ മനസ്സിൽ എന്നും മായാതെ നിൽക്കും.” സാമന്ത ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
സോഫി ചൗദരി, അനന്യ പാണ്ഡെ, ആദിത്യ സീൽ, അനുരാഗ് കശ്യപ് തുടങ്ങിയവരും ആലിയയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. “ഓരോ സമയത്തും നിങ്ങളെ കാണുന്നത് മാസ്റ്റർ ക്ലാസാണ്, ആലിയ! സഞ്ജയ് സർ, നിങ്ങൾ മായാജാലം തീർക്കുകയാണ്!” അനന്യ കുറിച്ചു. വാണിജ്യ സിനിമയിലെ ഏറ്റവും മികച്ച നടി എന്ന് ആലിയയെ വിശേഷിപ്പിക്കുന്ന വാർത്താകുറിപ്പാണ് സംവിധായകൻ അനുരാഗ് കശ്യപ് പങ്കുവച്ചത്.
കാമാത്തിപുര എന്ന മുംബൈയിലെ ചുവന്ന തെരുവ് പ്രദേശത്തെ സ്ത്രീകളുടെയും അനാഥരുടെയും ഉന്നമനത്തിനായി പ്രവർത്തിച്ച ഗംഗുഭായ് കത്ത്യാവാടിയുടെ ജീവിതം എസ്.ഹുസൈൻ സൈദി തന്റെ ‘മാഫിയ ക്വീൻസ് ഓഫ് മുംബൈ’ എന്ന പുസ്തകത്തിലെ ഒരു അധ്യായത്തില്‍ വിവരിക്കുന്നുണ്ട്. അതിനെ അടിസ്ഥാനമാക്കിയാണ് സംവിധായകന്‍ സഞ്ജയ് ലീലാ ഭന്‍സാലി ചിത്രമൊരുക്കിയിരിക്കുന്നത്.
ഇന്ത്യയിലെ തിയേറ്ററുകളിൽ ഇന്ന് പ്രദർശനത്തിന് എത്തിയ ചിത്രത്തിന് സിനിമാ നിരൂപകരിൽ നിന്ന് ഉൾപ്പെടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വേശ്യാവൃത്തിയിലേക്ക് നിർബന്ധിതയായി എത്തിപ്പെടുകയും പിന്നീട് മുംബൈയിലെ ചുവന്ന തെരുവായ കാമാത്തിപുരയിലെ ശക്തമായ വ്യക്തിത്വമായി മാറുകയും ചെയ്യുന്ന ഗംഗുഭായിയെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ. ആലിയ ഭട്ടാണ് നായിക,. ആലിയക്ക് പുറമേ അജയ് ദേവ്ഗൺ, വിജയ് റാസ്, ജിം സർബ എന്നിവരും ചിത്രത്തിലുണ്ട്.