‘ശാകുന്തളം’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ കണ്ണീരണിഞ്ഞ് സാമന്ത. ചിത്രത്തിന്റെ സംവിധായകൻ ഗുണശേഖർ ചിത്രത്തിന്റെ ഷൂട്ടിംഗ് അനുഭവങ്ങൾ ഷെയർ ചെയ്യുന്നതിനിടയിലായിരുന്നു സാമന്തയുടെ കണ്ണുനിറഞ്ഞത്. സാം, സാം എന്നു വിളിച്ച് ആരാധകർ താരത്തെ ‘ചിയർ അപ്’ ആക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
മയോസിറ്റിസ് എന്ന രോഗവുമായുള്ള പോരാട്ടത്തിലാണ് സാമന്ത. കുറച്ചു മാസങ്ങളായി മാധ്യമങ്ങളിൽ നിന്നും പൊതുപരിപാടികളിൽ നിന്നും അകന്നു നിൽക്കുകയാണ് സാമന്ത. പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് സാമന്ത പൊതുവേദിയിലെത്തിയത്.
ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ ‘അഭിജ്ഞാന ശാകുന്തള’ത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ‘ശാകുന്തളം’. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹൻ ആണ് ചിത്രത്തിൽ സാമന്തയുടെ നായകൻ. ഫെബ്രുവരി 17 നാണ് ‘ശാകുന്തളം’ തിയേറ്ററുകളിൽ എത്തുക.
സംവിധായകനായ ഗുണശേഖറാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയതും. അദിതി ബാലൻ, മോഹൻ ബാബു, സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരും ചിത്രത്തിലുണ്ട്. അല്ലു അർജുന്റെ മകൾ അല്ലു അർഹയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സംഗീത സംവിധാനം ശർമ. ശേഖർ വി ജോസഫ് ഛായാഗ്രഹണവും പ്രവീൺ പുഡി എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് ഗുണാ ടീംവർക്സിന്റെ ബാനറിൽ നീലിമ ഗുണയാണ്. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക.