അല്ലു അർജുൻ നായകനായ തെലുങ്ക് സിനിമ ’പുഷ്പ’ ബോക്സ് ഓഫീസിൽ വൻ ഹിറ്റായി മാറിയിട്ടുണ്ട്. തെലുങ്കിനു പുറമെ തമിഴ്, മലയാളം, കന്നഡ ഭാഷകളിലായാണ് സിനിമ റിലീസ് ചെയ്തത്. ‘പുഷ്പ’ സിനിമയിലെ ഏറെ ശ്രദ്ധേയമായ ഗാനങ്ങളിലൊന്നായിരുന്നു സാമന്തയുടെ ഐറ്റം ഡാൻസ്.
‘ഊ അന്തവാ..’ എന്ന ഐറ്റം ഡാൻസ് പരിശീലനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സാമന്ത. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സാമന്ത വീഡിയോ ഷെയർ ചെയ്തത്. കഠിനമായ നൃത്തച്ചുവടുകൾ അനായാസം ചെയ്യുന്ന സാമന്തയെയാണ് വീഡിയോയിൽ കാണാനാവുക. സാമന്തയുടെ ആദ്യ ഐറ്റം ഡാൻസായിരുന്നു പുഷ്പയിലേത്.
സാമന്ത ആദ്യം ഗാനം നിരസിച്ചതായി പുഷ്പയുടെ സംവിധായകൻ സുകുമാർ ഒരു പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. “അത് ശരിയായ തിരഞ്ഞെടുപ്പായിരിക്കില്ല എന്നാണ് അവൾ ആദ്യം എന്നോട് പറഞ്ഞത്. പാട്ട് എങ്ങനെ ഹിറ്റാകുമെന്ന് ഞാൻ അവളോട് വിശദീകരിച്ചു. അത്തരം നമ്പറുകൾ പല മുൻനിര വനിതാ താരങ്ങൾക്കും പ്രശസ്തി നേടിക്കൊടുത്തു. പൂജാ ഹെഗ്ഡെയുടെ കാര്യം എടുക്കുക, അവർ രംഗസ്ഥലത്ത് “ജിഗേലു റാണി” അവതരിപ്പിച്ചു, ഈ ഗാനം ഒരു വലിയ ചാർട്ട്ബസ്റ്ററായി മാറി. പുഷ്പയിലെ ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നിലുള്ള വിശ്വാസത്തിൽ വിശ്വസിച്ചാണ് സാമന്ത ഗാന രംഗത്ത് വന്നത്, ”അദ്ദേഹം പറഞ്ഞിരുന്നു.
തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളാണ് സാമന്ത കരാർ ഒപ്പിട്ടിട്ടുള്ളത്. ശാകുന്തളം, യശോദ, കാത്തുവാക്കുല രണ്ടു കാതൽ, അറേഞ്ച്മെന്റ് ഓഫ് ലവ് തുടങ്ങിയ സിനിനകളാണ് സാമന്തയുടേതായി റിലീസിന് ഒരുങ്ങുന്നത്.
Read More: പോസ്റ്റ് ചെയ്യണമെന്ന് ഒരിക്കലും വിചാരിച്ചതല്ല; സാമന്തയുടെ ഐറ്റം ഡാൻസിന് ചുവടുവച്ച് അഹാന