മയോസൈറ്റിസ് രോഗാവസ്ഥയ്ക്കു ശേഷം സാമന്തയ്ക്ക് അവരുടെ തിളക്കവും ഊർജവും നഷ്ടപ്പെട്ടു എന്ന തരത്തിൽ പ്രചരിച്ച പോസ്റ്റിനെതിരെ പ്രതികരിച്ച് സാമന്ത. “സാമന്തയെക്കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു. അവരുടെ തിളക്കവും, ഊർജവും നഷ്ടമായിരിക്കുന്നു. ഡിവോഴ്സ് കഴിഞ്ഞ് വളരെ ധൈര്യത്തോടെ പെരുമാറിയിരുന്ന അവർ തന്റെ കർമ്മ മേഖലയിൽ ഉയർന്ന് നിൽക്കുന്ന സമയത്താണ് രോഗം പിടിപ്പെടുന്നത്. രോഗം അവരെ വളരെ മോശമായി ബാധിച്ചിട്ടുണ്ട്” സാമന്തയുടെ ചിത്രത്തിനൊപ്പം സോഷ്യൽ മീഡിയയിൽ വൈറലായ ട്വീറ്റിൽ പറയുന്നു.
വളരെ പക്വതയോടെയാണ് സാമന്ത ഇതിനെതിരെ പ്രതികരിച്ചത്. “ഒരിക്കലും മാസങ്ങൾ നീണ്ട ചികിത്സയിലൂടെ നിങ്ങൾ കടന്നു പോകാതിരിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നിങ്ങളുടെ തിളക്കത്തിന്റെ അളവ് കൂട്ടുവാനായി ഞാൻ ഇതാ കുറച്ച് സ്നേഹം നൽകുന്നു” സാമന്ത കുറിച്ചു.
സാമന്തയെ പോലെ തന്നെ മയോസൈറ്റിസ് രോഗാവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്ന ഒരു വ്യക്തിയുടെ പോസ്റ്റും സാമന്ത പങ്കുവച്ചു. “എന്തുമായി തീരാനാകുന്ന ഒരു ലോകത്താണ് നിങ്ങൾ ജീവിക്കുന്നത്, അതുകൊണ്ട് എപ്പോഴും കരുണയുള്ളവരായിരിക്കുക. നിങ്ങൾ മനോഹരിയാണ്” തന്നെ പിന്തുണച്ച വ്യക്തിയുടെ ട്വീറ്റ് പങ്കുവച്ച് സാമന്ത കുറിച്ചു.
കഴിഞ്ഞ വർഷമാണ് തനിക്ക് മയോസൈറ്റിസ് എന്ന രോഗമുണ്ടെന്ന് സാമന്ത വെളിപ്പെടുത്തിയത്. രോഗാവസ്ഥയിൽ നിന്നു കൊണ്ടാണ് ‘യശോദ’ എന്ന ചിത്രത്തിനായി സാമന്ത ഡബ്ബ് ചെയ്തത്.
മാസങ്ങൾക്കു ശേഷം ആദ്യമായാണ് സാമന്ത ഒരു പൊതു പരിപാടിയിൽ പ്രത്യക്ഷപ്പെടുന്നത്. സാമന്തയുടെ പുതിയ ചിത്രം ‘ശാകുന്തള’ത്തിന്റെ ട്രെയിലർ ലോഞ്ച് ഇന്നലെ ഹൈദരാബാദിൽ നടന്നു. “ജീവിതത്തിൽ എന്തൊക്കെ പ്രതിസന്ധികൾ നേരിട്ടാലും ഒരു കാര്യത്തിൽ മാത്രം മാറ്റം സംഭവിക്കില്ല. സിനിമയ്ക്ക് എന്നോടും എനിക്ക് സിനിമയോടുമുള്ള പ്രണയമായിരിക്കുമത്.ശാകുന്തളത്തിന്റെ റിലീസോടെ ഈ പ്രണയത്തിന്റെ അളവ് വർധിക്കുമെന്നത് എനിക്ക് ഉറപ്പാണ്” സാമന്ത പറഞ്ഞു.