കൈനിറയെ ചിത്രങ്ങളാണ് നടി സാമന്തയ്ക്ക്. തമിഴ് തെലുങ്ക് ഭാഷകളിലായി അടുത്തകാലത്തിറങ്ങിയ മൂന്നു ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകള്‍. രങ്കസ്ഥലം, മഹാനടി, ഇരുമ്പു തിറൈ എന്നിവയായിരുന്നു ചിത്രങ്ങള്‍. സാമന്തയുടെ പ്രകടവും മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ നേടി.

അടുത്തിടെ ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സാമന്ത പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സിനിമാ ലോകം ചര്‍ച്ച ചെയ്യുന്നത്. തന്റെ മുന്‍കാല കാമുകനെ കുറിച്ചും പ്രണയത്തെക്കുറിച്ചും സാമന്ത മനസു തുറന്നു. മഹാനടിയിലെ ജെമിനി ഗണേശന്റെ കഥാപാത്രവുമായാണ് സാമന്ത തന്റെ പഴയ കാമുകനെ താരതമ്യം ചെയ്തത്.

‘സാവിത്രി കടന്നു പോയ അവസ്ഥകളിലൂടെ എല്ലാം ഞാനും കടന്നു പോയേനെ. പക്ഷെ ഭാഗ്യത്തിന് എനിക്കത് നേരത്തേ തിരിച്ചറിയാന്‍ കഴിയുകയും ആ ബന്ധത്തില്‍ നിന്നും പുറത്തു കടക്കാന്‍ സാധിക്കുകയും ചെയ്തു. ആ ബന്ധം ഒരു ദുരന്തമാകും എന്നെനിക്ക് തോന്നിയിരുന്നു. പിന്നീടാണ് നാഗനാഗചൈതന്യയെപ്പോലെ ഒരാള്‍ എന്റെ ജീവിതത്തിലേക്കു വരുന്നത്. അതൊരു അനുഗ്രഹമാണ്. അദ്ദേഹം അത്ര നല്ല മനുഷ്യനാണ്,’ സാമന്ത പറഞ്ഞു.

ജെമിനി ഗണേശന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധമാണ് സാവിത്രിയുമായുള്ള വിവാഹ ബന്ധം തകരാന്‍ കാരണമെന്ന് മഹാനടിയില്‍ പറയുന്നു. ഇത് സാവിത്രിയുടെ വ്യക്തിജീവിതത്തെയും അഭിനയ ജീവിതത്തെയും സാരമായി ബാധിച്ചതായും ചിത്രം പറയുന്നു.

ഏതാനും വര്‍ഷം മുമ്പ് സാമന്തയും നടന്‍ സിദ്ദാര്‍ത്ഥും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രണ്ടര വര്‍ഷത്തോളം പ്രണയത്തിലായിരുന്ന ഇവര്‍ പിന്നീട് പിരിയുകയായിരുന്നു. വിവാഹത്തെ കുറിച്ച് രണ്ടുപേരുടേയും വ്യത്യസ്ത കാഴ്ചപ്പാടുകളാണ് ബന്ധം പിരിയാന്‍ കാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ