ഇന്ത്യൻ സിനിമയിലെ തന്നെ മുൻനിര നായികമാരിൽ ഏറ്റവും ആരാധകരുള്ള താരമാണ് സാമന്ത പ്രഭു. മലയാളത്തിൽ ഒരു ചിത്രം പോലും ചെയ്തിട്ടില്ലെങ്കിലും മലയാളികൾക്ക് ഏറെ സുപരിചിയാണ് ഈ താരം. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ശാകുന്തള’ത്തിന്റെ പ്രമോഷനായി കേരളത്തിലെത്തിയ സാമന്ത പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ആരാധകരോട് മലയാളത്തിൽ സംസാരിക്കാൻ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് പറഞ്ഞാണ് സാമന്തയുടെ വാക്കുകൾ ആരംഭിച്ചത്. “എന്റെ അമ്മ ആലപ്പുഴ സ്വദേശിയാണ്. അമ്മയോട് മലയാളം പഠിപ്പിച്ചു തരണമെന്ന് പറഞ്ഞെങ്കിലും അമ്മ അത് ചെയ്തില്ല. ഒരുപാട് മലയാള ചിത്രങ്ങൾ ഞാൻ കാണാറുണ്ട്, പക്ഷെ അതിനെല്ലാം സബ്ടൈറ്റിലുകളും ഉപയോഗിക്കും. മലയാളത്തിലെ അഭിനേതാക്കാളോട് ഏറെ ആരാധനയുള്ള ആളാണ് ഞാൻ. സൂപ്പർ ഡിലെക്സ് എന്ന ചിത്രത്തിൽ ഫഹദിന്റെ അഭിനയം നേരിട്ടു കണ്ടപ്പോൾ അത്ഭുതം തോന്നി” സാമന്ത പറഞ്ഞു. താരത്തിന്റെ അമ്മ മലയാളിയാണെന്ന് പറഞ്ഞപ്പോൾ ആരാധകർ ഏറെ ആവേശത്തിലാവുകയും ചെയ്തു.
മലയാളത്തിൽ സിനിമ ചെയ്യാൻ ഒരു അവസരം ലഭിച്ചാൽ താൻ എന്തായാലും ഭാഷ പഠിക്കുമെന്നും താരം പറഞ്ഞു. ഫഹദ് ഫാസിലിനൊപ്പം ഒരു മുഴുനീള ചിത്രം ചെയ്യാൻ താത്പര്യമുണ്ടെന്നും സാമന്ത കൂട്ടിച്ചേർത്തു. ഈയടുത്താണ് സംവിധായകൻ ദീപു കരുണാകരൻ സാമന്തയെ കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലായത്. ‘ക്രേസി ഗോപാലൻ’ എന്ന ചിത്രത്തിൽ സാമന്ത ഓഡിഷനു വന്നിരുന്നെന്നും എന്നാൽ അവസാന ഘട്ടത്തിൽ റിജക്റ്റാവുകയാണ് ചെയ്തതെന്നുമാണ് പറഞ്ഞത്.
ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ ‘അഭിജ്ഞാന ശാകുന്തള’ത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ശാകുന്തളം. ഏപ്രിൽ 14ന് റിലീസിനെത്തുന്ന ചിത്രത്തിൽ മലയാളി താരം ദേവ് മോഹൻ ആണ് നായകൻ.