സാമന്ത അക്കിനേനിക്ക് വളർത്തു മൃഗങ്ങളോട് പ്രത്യേക വാത്സല്യമുണ്ടെന്ന് താരത്തെ അടുത്തറിയുന്നവർക്കൊക്കെ അറിയാം. തന്റെ പ്രിയപ്പെട്ട വളർത്തു നായ ബുഗാബൂ അപ്രതീക്ഷിതമായി വിട്ടുപിരിഞ്ഞപ്പോൾ സാമന്തയ്ക്ക് അത് താങ്ങാനാവാത്തതും അതിനാലാണ്. ബുഗാബൂ പോയത് താങ്ങാനാവാതെ താൻ നിർത്താതെ കരഞ്ഞുവെന്നാണ് സാമന്ത പറയുന്നത്.
തന്റെ പുതിയ നായ്ക്കുട്ടിയായ ഹാഷിന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് സാമന്ത ബുഗാബൂവിനെക്കുറിച്ച് പറഞ്ഞത്. സാമന്ത പങ്കുവച്ച പോസ്റ്റിലെ വീഡിയോയും ആദ്യത്തെ ഫോട്ടോയും ബുഗാബൂവിന്റേതാണ് ”പാർവോ വൈറസു (നായ്ക്കുട്ടികളെ ബാധിക്കുന്ന മാരകമായ വൈറസ് രോഗം) മായാണ് ബുഗാബൂ എത്തിയത്. വീട്ടിൽവന്നു നാലു ദിവസം കഴിഞ്ഞപ്പോൾ ചത്തു. അന്നു ഞാൻ കരഞ്ഞത് ഓർക്കുന്നു. ഇനിയൊരിക്കലും മറ്റൊരു നായ്ക്കുട്ടിയെ വളർത്തില്ലെന്ന് ഞാൻ തീരുമാനിച്ചു. ഒരു മാസങ്ങൾക്കുശേഷം ചായ് (നാഗചൈതന്യ) മറ്റൊരു നായ്ക്കുട്ടിയെ വാങ്ങുന്നതിനെക്കുറിച്ചു സംസാരിച്ചു തുടങ്ങി. ഒരു ദിവസം ഞാൻ നല്ല മൂഡിലായിരുന്നപ്പോൾ ചായ് എനിക്ക് ഹാഷിനെ തന്നു.”
”പാർവോ വൈറസ് മാരകമാണെന്നും മാസങ്ങൾ കഴിഞ്ഞാൽ വീട്ടിലുണ്ടാകുമെന്നും ഞാൻ വായിച്ചിട്ടുണ്ട്. അതിനാൽ തന്നെ വീട് മുഴുവൻ വൃത്തിയാക്കിയശേഷവും ഞാൻ ഡോഗ് ട്രെയിനർമാരോടും നായ്ക്കുട്ടികളുളള സുഹൃത്തുക്കളോടും ഇനി എന്തെങ്കിലും ചെയ്യണമോയെന്നു ചോദിച്ചു കൊണ്ടിരുന്നു. ഹാഷ് വന്നപ്പോൾ ആദ്യ ആഴ്ചകളൊക്കെ ഞാൻ വളരെ ബുദ്ധിമുട്ടി. രാത്രിയിൽ ഞാൻ ഉറങ്ങാറില്ലായിരുന്നു. ഞാൻ കരഞ്ഞുകൊണ്ടിരുന്നു. എപ്പോഴാണ് എന്തെങ്കിലും മോശമായത് സംഭവിക്കുകയെന്ന ഭയമായിരുന്നു. ഇപ്പോൾ നിങ്ങൾക്ക് മനസിലായില്ലേ അവന്റെ ഒന്നാം പിറന്നാൾ എനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന്. ഞാൻ പറയുന്നത് എന്തെന്നാൽ നിങ്ങൾക്ക് ഒരിക്കലും പൂർണ്ണമായും നിയന്ത്രിക്കാൻ കഴിയില്ല, നിങ്ങൾ അങ്ങനെ ആകാൻ ശ്രമിക്കരുത്. എന്തെങ്കിലും മോശം സംഭവിക്കുമ്പോൾ നിങ്ങൾ ഒരിക്കലും അമിതമായി വിഷമിക്കരുത്” സാമന്ത ഇൻസ്റ്റഗ്രാമിൽ എഴുതി.
തന്റെ പുതിയ നായ്ക്കുട്ടിയായ ഹാഷിൽ സാമന്ത സന്തോഷവതിയാണ്. കഴിഞ്ഞ ദിവസമാണ് സാമന്ത ഹാഷിന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ചത്.