ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ‘ദി ഫാമിലിമാൻ സീസൺ 2’ വെബ്സീരിസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടീനടന്മാരുടെ അഭിനയമുഹൂർത്തങ്ങൾ കൊണ്ടും ആകാംക്ഷാജനകമായ കഥ കൊണ്ടും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുകയാണ് ഈ സീരീസ്. മനേജ് ബാജ്പേയ്, പ്രിയാമണി തുടങ്ങിയ ആദ്യ സീസണിലെ താരങ്ങൾക്കൊപ്പം തന്നെ ഇത്തവണ പ്രേക്ഷകരുടെ കയ്യടി നേടുന്നത് സാമന്ത അക്കിനേനിയാണ്.
രാജി എന്ന ശ്രീലങ്കൻ പെൺകുട്ടിയായി എത്തി അമ്പരപ്പിക്കുന്ന പ്രകടനമാണ് സാമന്ത കാഴ്ച വയ്ക്കുന്നത്. നടപ്പിലും ചലനങ്ങളിലും സംഘട്ടനരംഗങ്ങളിലുമെല്ലാം തന്റെ കഥാപാത്രത്തോട് നൂറുശതമാനം നീതി പുലർത്തുകയാണ് സാമന്ത. താരത്തിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന വേഷമാണ് രാജി.
ഏറെ അപകടം നിറഞ്ഞ സംഘട്ടനരംഗങ്ങളെല്ലാം മികവോടെ ചെയ്ത സാമന്തയെ അഭിനന്ദിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ, ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ പങ്കുവയ്ക്കുകയാണ് സാമന്ത. ഒപ്പം ‘ഫാമിലി മാൻ’ സീരിസിനായി തന്നെ സ്റ്റണ്ട് പരിശീലിപ്പിച്ച പരിശീലകൻ യാനിക് ബെന്നിന് നന്ദി പറയുകയാണ് താരം.
“സംഘട്ടനരംഗങ്ങൾക്കായി എന്നെ പരിശീലിപ്പിച്ച യാനിക് ബെന്നിന് പ്രത്യേകം നന്ദി…. എന്റെ ശരീരത്തിന്റെ ഓരോ ഭാഗവും വേദനിക്കുമ്പോഴും മികച്ച രീതിയിൽ മുന്നേറാൻ എന്നെ പ്രേരിപ്പിച്ചതിന്…..(വേദനാസംഹാരികൾക്ക് നന്ദി). ഉയരങ്ങളെ എനിക്ക് ഭയമാണ്, പക്ഷേ ഞാൻ ആ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയത് നിങ്ങൾ എന്റെ പിറകിലുണ്ടെന്ന ധൈര്യത്തിലാണ്… ഒരുപാടൊരുപാട് സ്നേഹം,” സാമന്ത കുറിക്കുന്നു.
നടിമാരായ രാകുൽ പ്രീത്, റിമ കല്ലിങ്കൽ, രഷ്മിക മന്ദാന, വിമല രാമൻ എന്നിവരെല്ലാം സാമന്തയെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.
ജൂൺ നാലിനാണ് ആമസോണിൽ ഫാമിലിമാൻ സ്ട്രീമിങ് ആരംഭിച്ചത്. വലിയൊരു മിഷനുമായി എത്തുന്ന ശ്രീലങ്കൻ തമിഴ് പോരാളിയുടെ വേഷമാണ് ചിത്രത്തിൽ സാമന്ത അവതരിപ്പിച്ചത്. സ്പെഷൽ ട്രെയിനിംഗ് ലഭിച്ച ഒരു കഥാപാത്രമായതിനാൽ തന്നെ ഉദ്വോഗജനകമായ നിരവധി സംഘട്ടനരംഗങ്ങൾ ചിത്രത്തിൽ സാമന്ത അവതരിപ്പിക്കുന്നുണ്ട്.
“രാജിയുടെ കഥ സാങ്കൽപ്പികമാണെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം യുദ്ധത്തിൽ മരണമടഞ്ഞവർക്കും അതിന്റെ വേദനാജനകമായ ഓർമയിൽ ജീവിക്കുന്നവർക്കുമുള്ള സമർപ്പണം കൂടിയാണ്. രാജിയെ സൂക്ഷ്മതയോടെയാണ് അവതരിപ്പിച്ചത്. വിദ്വേഷം, അടിച്ചമർത്തൽ, അത്യാഗ്രഹം എന്നിവയ്ക്കെതിരെ ഒത്തുചേർന്ന് പോരാടുന്നതിനുള്ള ഏറ്റവും അനിവാര്യമായ കാലമാണിത്. അതിൽ പരാജയപ്പെട്ടാൽ, അസംഖ്യം പേർക്ക് അവരുടെ വ്യക്തിത്വം, സ്വാതന്ത്ര്യം, സ്വയം നിർണയിക്കാനുള്ള അവകാശം എന്നിവയും നിഷേധിക്കപ്പെടും,” തന്റെ കഥാപാത്രത്തെ കുറിച്ച് മറ്റൊരു ഇൻസ്റ്റഗ്രാം കുറിപ്പിൽ സാമന്ത പറഞ്ഞതിങ്ങനെ. സംവിധായകരായ രാജും ഡികെയും ചേർന്നാണ് ഈ സീരീസ് ഒരുക്കിയിരിക്കുന്നത്.
Read more: സൂഫിയല്ല ഇനി ദുഷ്യന്തൻ, സാമന്തയുടെ നായകനായി ദേവ് മോഹൻ; ചിത്രങ്ങൾ