വിഖ്യാത സംഗീതജ്ഞയുടെ ജീവിതം സിനിമയാകുന്നു, അനുഷ്കയോ സാമന്തയോ നായികയാകും

മുതിര്‍ന്ന സംവിധായകന്‍ സിങ്കിതം ശ്രീനിവാസറാവു ആണ് ചിത്രം ഒരുക്കാന്‍ പോകുന്നത്

bangalore nagarathnamma, bangalore nagarathnamma songs, bangalore nagarathnamma youtube, bangalore nagarathnamma play, bangalore nagarathnamma daughter, ബാംഗ്ലൂര്‍ നാഗരത്നമ്മ, samantha, anushka chetty, samantha photos, anushka shetty photos

വിഖ്യാത സംഗീതജ്ഞയായ ബാംഗ്ലൂര്‍ നാഗരത്നമ്മയുടെ ജീവിതം സിനിമയാകുന്നു. മുതിര്‍ന്ന സംവിധായകന്‍ സിങ്കിതം ശ്രീനിവാസറാവു ആണ് ചിത്രം ഒരുക്കാന്‍ പോകുന്നത്. തെന്നിന്ത്യന്‍ നായികമാരായ അനുഷ്ക ഷെട്ടി, സാമന്ത അക്കിനേനി എന്നിവരെ നായികാ വേഷം കൈകാര്യം ചെയ്യുന്നതിനായി സംവിധായകന്‍ സമീപിച്ചിട്ടുണ്ട് എന്നാണു റിപ്പോര്‍ട്ടുകള്‍.

ഈ വര്‍ഷാവാസനത്തോടെ ചിത്രീകരണമാരംഭിക്കാന്‍ പദ്ധതിയിടുന്ന ചിത്രം തമിഴ്-തെലുങ്ക്‌ ഭാഷകളില്‍ റിലീസ് ചെയ്യും.

ആരാണ് ബാംഗ്ലൂര്‍ നാഗരത്നമ്മ?

ഇന്ത്യ കണ്ടതിൽ വച്ച് ഉന്നതരായ രണ്ട് സംഗീതജ്ഞമാര്‍ -അന്നപൂർണ്ണാദേവി, നാഗരത്നമ്മ – എന്നിവരെക്കുറിച്ച് എഴുതിയ ലേഖനത്തില്‍ സി.എസ്.മീനാക്ഷി ബാംഗ്ലൂര്‍ നാഗരത്നമ്മയെക്കുറിച്ച് ഇങ്ങനെ പറയുന്നു.

1878 നവംബർ മൂന്നിന് മൈസൂരിലെ ദേവനകൊത്ത ഗ്രാമത്തിൽ ജനനം. അമ്മ പുട്ടലക്ഷ്മി അമ്മാൾ വൈഷ്ണവി നഞ്ചൻ ഗുഡിലെ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലെ ദേവദാസിയായിരുന്നു. അച്ഛൻ മൈസൂർ ബ്രാഹ്മണനായ സുബ്ബണ്ണ. മൈസൂരിൽ വക്കീലായി ജോലി ചെയ്തിരുന്ന എം സുബ്ബറാവു ആയിരുന്നു പുട്ടലക്ഷ്മിയുടെ സംരക്ഷകൻ. നാഗരത്നത്തിന് ഒന്നര വയസ്സുള്ളപ്പോൾ പുട്ടലക്ഷ്മിയും സുബ്ബറാവും തമ്മിലിടഞ്ഞു. ആ അമ്മയും കുഞ്ഞും എല്ലാം നഷ്ടപ്പെട്ട് തെരുവിലിറങ്ങേണ്ടി വന്നു. കഷ്ടകാലത്തിന്‍റെ കുറച്ച് വർഷങ്ങളായിരുന്നു പിന്നീടവർക്ക്. അതിനിടയിലും ആ അമ്മ മകളെ പാട്ടും നൃത്തവും സംസ്കൃതവും പഠിപ്പിച്ചു. ചാമരാജനഗറിൽ എത്തിപ്പെട്ട അവർ കൊട്ടാരത്തിലെ സംസ്കൃതപണ്ഡിതനും ശകുന്തള നാടകസഭയിലെ അദ്ധ്യാപകനുമായ ഗൃഹഭട്ട തിമ്മയ്യയെ പരിചയപ്പെട്ടു. അദ്ദേഹം കുഞ്ഞു നാഗരത്നത്തിന്‍റെ ഗുരുവായി. അങ്ങിനെ ‘അമരകോശം’, ‘ജമിനിഭാരതം’, ‘രാജശേഖരവിലാസം’, ‘കുമാരവ്യാസഭാരതം’ തുടങ്ങിയവയും, കന്നഡ തെലുഗു ഇംഗ്ലീഷ് ഭാഷകളും പഠിച്ചെടുത്തു.

ഗുരുമുഖത്തു നിന്നു കേൾക്കുന്നത് പെട്ടെന്ന് പിടിച്ചെടുക്കുവാനും പാഠങ്ങൾ ഹൃദിസ്ഥമാക്കുന്നതിനും അനിതരസാധാരണമായ കഴിവുണ്ടായിരുന്നു നാഗരത്നത്തിന്. അസൂയാലുക്കളുടെ കുപ്രചരണം മൂലം തിമ്മയ്യ നഗരത്നത്തിനെ പഠിപ്പിക്കാതായി. മൈസൂർ തെരുവുകളിൽ ചാണകം വാരാൻ വിധിക്കപ്പെട്ടതാണ് നാഗരത്നമ്മയുടെ കൈകൾ എന്ന ശാപവചസ്സുകളോടെയാണ് ഗുരു വിട്ടു പോയത്. എന്നാൽ ആ കൈകൾ കൊണ്ട് മഹാരാജാവിന്‍റെ കയ്യിൽ നിന്നും തങ്കവളകൾ സമ്മാനമായി വാങ്ങിപ്പിക്കും എന്ന പ്രതിജ്ഞയോടെ പുട്ടലക്ഷ്മി മകളേയും കൊണ്ട് കാഞ്ചീപുരത്തേക്ക് പോയി. സുഹൃത്തുക്കളെ കണ്ടെങ്കിലും അവിടെയും വിചാരിച്ച രീതിയിൽ ജീവിതം മുന്നോട്ട് പോയില്ല. തിരിച്ച് ബാംഗ്ലൂരില്‍ വരികയും സംഗീതവും നൃത്തവും അഭ്യസിക്കുകയും ചെയ്തു. 1891ൽ കഠിനാദ്ധ്വാനവും അലച്ചിലും കാരണം പുട്ടലക്ഷ്മി ക്ഷയരോഗം വന്നു മരിക്കുമ്പോഴേക്കും നാഗരത്നമ്മ നല്ലൊരു സംഗീതജ്ഞയും നർത്തകിയുമായിക്കഴിഞ്ഞിരുന്നു.

അമ്മ സ്വപ്നം കണ്ടിരുന്നതു പോലെ ധനികരും കലാസാമൂഹികരംഗത്തെ പ്രമുഖരും കച്ചേരികൾക്കായി അവരെ ക്ഷണിക്കുവാൻ തുടങ്ങി. പ്രശസ്തിയും ധനസ്ഥിതിയും വെച്ചടി കയറ്റമായിരുന്നു പിന്നീട്. വിനയവും സംഗീതപ്രതിഭയും ഉള്ളവൾ എന്ന് ഈ കാലത്തെ നാഗരത്നമ്മയെ പ്രശസ്ത കർണ്ണാടക സംഗീതകാരൻ മൈസൂർ വാസുദേവാചാര്യർ രേഖപ്പെടുത്തുന്നുണ്ട്. ഇക്കാലത്താണ് പദവിയും പണവും അധികാരവും കൊണ്ട് ഔന്നത്യത്തിലുള്ള ജസ്റ്റിസ് നരഹരി റാവുവിനെ നാഗരത്നമ്മ പരിചയപ്പെടുന്നത്. അദ്ദേഹം പിന്നീടവരുടെ സംരക്ഷകനായി മാറുകയും ബാംഗ്ലൂര്‍നഗരത്തിരക്കിൽ നിന്നൊഴിഞ്ഞൊരു കുന്നിന്മുകളിൽ ബംഗ്ലാവ് പണിത് അവരെ താമസിപ്പിക്കുകയും ചെയ്യുന്നു. ജസ്റ്റിസിന്‍റെ പൊതുരംഗത്ത് പ്രശസ്തരായ സുഹൃത്തുക്കൾക്ക് ആതിഥ്യമരുളുകയും അവരുടെ ചർച്ചകളിലും വാദപ്രതിവാദങ്ങളിലും പങ്കെടുക്കുകയും ചെയ്ത ആ കാലഘട്ടം പിൽക്കാലത്ത് പല സന്നിഗ്ദ്ധഘട്ടങ്ങളിലും നിന്നു പിഴയ്ക്കാനും നീതിക്കു വേണ്ടി വാദിയ്ക്കാനുമുള്ള ഊർജ്ജവും മനശ്ശക്തിയും നാഗരത്നമ്മാളിന് നൽകിയിട്ടുണ്ടാകണം.

തന്‍റെ  25ആം വയസ്സിലാണ് നാഗരത്നമ്മ മദ്രാസ് സംസ്ഥാനത്തിലെത്തുന്നത്. ദേവദാസിയായ വീണ ധനമ്മാൾ എന്ന കലാകാരിയാണ് അക്കാലത്ത് അവിടെ നിറഞ്ഞു നിന്നിരുന്നത്. രണ്ടു പേരും കണ്ടുമുട്ടിയ നാൾ മുതൽ 1938ൽ ധനമ്മാളുടെ വിയോഗം വരെ പരസ്പരം കൂട്ടായും താങ്ങായും തുടർന്നു. ഈ കാലഘട്ടത്തിൽ ശ്രദ്ധേയമായ ഒരു പിടി കച്ചേരികൾ നടത്തുന്നുണ്ട് നാഗരത്നമ്മ. 146 നഗരങ്ങളിലായി 1235 കച്ചേരികളും മദ്രാസിൽ മാത്രമായി 849 കച്ചേരികളും നടത്തിയതായി 1931ൽ രേഖപ്പെടുത്തിയിരിക്കുന്നു. പല രാജാക്കന്മാരിൽ നിന്നുമായി ഒരുപാട് പുരസ്കാരങ്ങളും ലഭിച്ചു അവർക്ക്. പ്രസിദ്ധ ആന്ധ്രാകവി പുരാണം സൂര്യനാരായണ തീർത്ഥയുടെ കയ്യിൽ നിന്നും ലഭിച്ച ‘വിദ്യാസുന്ദരി’ പട്ടം പിന്നീടവർ പേരിനൊപ്പം ചേർത്തു.

കുട്ടിക്കാലത്ത് ദാരിദ്ര്യത്തിൽക്കൂടി കടന്നു പോകേണ്ടി വന്നതു കൊണ്ടാവാം കച്ചേരികൾക്ക് ലഭിക്കുന്ന പ്രതിഫലത്തിന്‍റെ കണക്ക് സൂക്ഷിക്കുന്നതിലും അത് നന്നായി നിക്ഷേപിക്കുന്നതിലും ശ്രദ്ധാലുവായിരുന്നു അവർ. അന്നത്തെക്കാലത്ത് ആദായനികുതി അടച്ചിരുന്ന അപൂർവ്വം കലാകാരികളിലൊരാളായിരുന്നു നാഗരത്നമ്മ.

1900 കളുടെ തുടക്കത്തിലാണ് സൗണ്ട് റിക്കോർഡിങ് വരുന്നത്. ശബ്ദം രേഖപ്പെടുത്തുന്നത് തൊണ്ടയെ ബാധിക്കും എന്നും മറ്റുമുള്ള അന്ധവിശ്വാസവും പുതിയ സാങ്കേതിക വിദ്യകളോടുള്ള ഭയവും മൂലം പല പാട്ടുകാരും റിക്കോർഡിങ്ങിന് വിസ്സമ്മതിച്ചു. അതിനാൽ പിന്നത്തെ തലമുറകൾക്ക് ഒരുപാട് ശബ്ദങ്ങൾ നഷ്ടമായി. എന്നാൽ 1905ൽ നാഗരത്നമ്മ തന്‍റെ  ശബ്ദം റിക്കാർഡ് ചെയ്ത് ഡിസ്കിലാക്കി. നാഗരത്നമ്മ ആലപിച്ച കീർത്തനങ്ങൾ യൂട്യൂബില്‍     ഇന്നും കേൾക്കാൻ സാധിക്കുന്നതിന് അവരുടെ ധൈര്യത്തിനും ഇച്ഛാശക്തിക്കും നാം കടപ്പെട്ടിരിക്കുന്നു.

ആദ്യ ഗ്രാമഫോൺ കമ്പനിയായ The Gramaphone & Typewriter Limited (GTTL) ന് വേണ്ടി ഒരുപാട് ഡിസ്കുകൾ പാടി റെക്കോർഡ് ചെയ്തിട്ടുണ്ട് നാഗരത്നമ്മ. ഇതിനിടെ പെൺകുട്ടികളെ ക്ഷേത്രങ്ങളിൽ നടയിരുത്തുന്നതും ക്രമേണ വേശ്യാവൃത്തിയിലേക്ക് നയിക്കുന്നതുമായ ദേവദാസി സമ്പ്രദായത്തിനെതിരെയുള്ള ബ്രിട്ടീഷ്സർക്കാരിന്‍റെ നടപടികൾ ശക്തിയാർജ്ജിച്ചു വരുന്നുണ്ടായിരുന്നു. അതോടെ നൃത്തമുപേക്ഷിച്ച് ആദ്ധ്യാത്മകപ്രഭാഷണത്തിലേക്ക് കടന്നു നാഗരത്നമ്മ.

1921ലാണ് ത്യാഗരാജന്‍റെ തിരുവയ്യാറിലുള്ള സമാധിയുടെ ശോചനീയാവസ്ഥയെക്കുറിച്ച് നാഗരത്നമ്മ മനസ്സിലാക്കുന്നത്. ഉടനെ അവിടം സന്ദർശിച്ച് തിരുവയ്യാറിൽ കാവേരി തീരത്ത് സ്വസമ്പാദ്യത്തിലെ വിഹിതം വിനിയോഗിച്ച് ചെറിയ സ്ഥലം വാങ്ങുകയും അവിടെ ത്യാഗരാജപ്രതിമ സ്ഥാപിക്കുകയും ചെയ്തു. ക്രമേണ അത് ചെറിയ ക്ഷേത്രമായി പരിണമിച്ചു. 1952ൽ മരിയ്ക്കുന്നതു വരെ അവിടെത്തന്നെ താമസമാക്കി നാഗരത്നമ്മ.

ഫെമിനിസം എന്ന വാക്ക് ഇന്ത്യയിലെന്നല്ല യൂറോപ്പിൽ പോലും കേട്ടു തുടങ്ങുന്നതിനു മുൻപ് അതിൽ വിശ്വസിക്കുകയും പെൺപദവി ഉയർത്തിപ്പിടിക്കുകയും പെണ്ണൂങ്ങൾക്ക് ന്യായമായി കിട്ടേണ്ട അവകാശങ്ങൾ നേടിയെടുക്കുവാനായി പോരാടുകയും ചെയ്ത ഒരു മഹതിയായിരുന്നു നാ‍ഗരത്നമ്മ. അതിന് ദൃഷ്ടാന്തമായ ഒരു സംഭവം- ത്യാഗരാജാരാധനയിൽ പങ്കെടുത്തത്- മുൻപ് പ്രതിപാദിച്ചിരുന്നല്ലൊ.

1847ൽ ത്യാഗരാജൻ മരിച്ചതിൽപ്പിന്നെ അടുത്ത ബന്ധുക്കളും ശിഷ്യരും തുടങ്ങിവെച്ച ശ്രദ്ധാഞ്ജലി വർഷാവർഷം ചെറിയ തോതിൽ നടന്നു വന്നിരുന്നു. 1914മുതലാണ് അഞ്ച് ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പൂജാദി കർമ്മങ്ങളും സംഗീതക്കച്ചേരികളും ഉഞ്ചവൃത്തിയുമൊക്കെയായി ആഘോഷം വിപുലപ്പെടുത്തിയത്. ആദ്യകാലങ്ങളിൽ പ്രബലങ്ങളായ രണ്ട് സംഘങ്ങൾ- പെരിയ കച്ചി, ചിന്ന കച്ചി- നേതൃത്വം കൊടുത്തുകൊണ്ട് വേറെ വേറെയായിട്ടാണ് അഞ്ജലി നടത്തിയിരുന്നത്. പുരുഷ, ബ്രാഹ്മണ മേധാവിത്വം അധമത്വം കൽ‌പ്പിച്ച് അകറ്റി നിറുത്തിയ രണ്ടു വിഭാഗക്കാരായിരുന്നു നാദസ്വരക്കാരും സ്ത്രീകളും. രണ്ടു കൂട്ടർക്കും വേദിയിൽ പാടാൻ വിലക്കുണ്ടായിരുന്നു. പക്ഷേ പരിപാടി നടത്താനാവശ്യമായ പണത്തിന്‍റെ നല്ലൊരു പങ്ക് വഹിക്കുന്ന നാദസ്വരക്കാരെ പ്രീതിപ്പെടുത്താനായി വൈകുന്നേരത്തെ ഊർവ്വലത്തിന് അകമ്പടി സേവിക്കാൻ അവരെ കൂടെ കൂട്ടി.

1914 മുതൽ 1926 വരെ പെണ്ണുങ്ങൾ ത്യാഗരാജോത്സവ വേദിയിൽ പാടാറില്ലായിരുന്നു. അക്കാലത്ത് കച്ചേരി അവതരിപ്പിക്കുന്ന നിലവാരത്തിൽ സംഗീതമഭ്യസിച്ചിരുന്നത് ദേവദാസി സമുദായത്തിൽ പെട്ടവർ മാത്രമായിരുന്നു. ബ്രാഹ്മണസ്ത്രീകൾ പാട്ടു പഠിച്ചിരുന്നുവെങ്കിലും അത് വീട്ടിലെ പുരുഷന്മാരെ ആനന്ദിപ്പിക്കാനും പൂജാസമയത്ത് ആലപിക്കാനും വേണ്ടി മാത്രമായിരുന്നു. പെണ്ണാണെന്നുള്ളതിന് പുറമെ ദേവദാസി ആണെന്നുള്ള നിഷിദ്ധത കൂടി മറി കടക്കേണ്ടതുണ്ടായിരുന്നു നാഗരത്നമ്മയ്ക്ക്. പരിപാടിക്ക് നേതൃത്വം വഹിച്ചിരുന്ന പുരുഷന്മാരിൽ പലരും ദേവദാസികളുമായി ബന്ധം പുലർത്തിയിരുന്നുവെങ്കിലും ത്യാഗരാജോത്സവവേദിയിൽ ഒരു സ്ത്രീ അതും ഒരു ദേവദാസി പാടുക എന്നത് അവരുടെ ചിന്തകളിൽ പോലുമുണ്ടായിരുന്നില്ല.

കാലം കൊണ്ടുറച്ചു പോയ ആ ഒരു കീഴ്‌വഴക്കമാണ് 1926ൽ നാഗരത്നമ്മ ഉടച്ചു കളഞ്ഞത്. (കേരളത്തിൽ 300 കൊല്ലം വേണ്ടി വന്നു ഒരു സ്ത്രീക്ക് തിരുവനന്തപുരത്തെ നവരാത്രി മണ്ഡപത്തിൽ പാടാൻ. 2006ൽ പാറശ്ശാല പൊന്നമ്മാൾ എന്ന മഹാഗായികയാണ് അന്നു വരെ പുരുഷസ്വരം മാത്രം മുഴങ്ങിക്കേട്ടിരുന്ന നവരാത്രി മണ്ഡപത്തിൽ ആദ്യമായി പാടിയ സ്ത്രീ).

1927. ത്യാഗരാജാരാധനയുടെ ദിവസങ്ങൾ അടുക്കുന്നു. സമാധിയുടെയടുത്തുള്ള വാഴത്തോപ്പ് വെട്ടി തുറസ്സുണ്ടാക്കുന്നു, പന്തലിടുന്നു, സ്റ്റേജ് കെട്ടുന്നു. എല്ലാറ്റിനും മേൽനോട്ടം വഹിച്ചുകൊണ്ട് നാഗരത്നമ്മ ഓടി നടക്കുന്നുണ്ട്. അടുത്തുള്ള വീടുകളിലായി നാല്പതോളം ദേവദാസികൾക്ക് താമസ സൗകര്യമൊരുക്കിയിട്ടുണ്ട്. ഉച്ചയാകുമ്പോഴേക്കും ദേവദാസികളെത്തിത്തുടങ്ങി. എല്ലാവരും ഉത്സാഹത്തിലാണ്. ചിലർ പാടുന്നു, ചിലരാടുന്നു, ചിലർ പകിട കളിക്കുന്നു. ആകപ്പാടെ ജഗപൊക.

വൈകുന്നേരമായി. പെരിയ കച്ചിയുടെ ആരാധന തുടങ്ങി. തൊട്ടപ്പുറത്തെ സ്റ്റേജിൽ നാഗരത്നമ്മയും നാൽ‌പ്പത് ദേവദാസികളും ആലാപനം തുടങ്ങി. നാഗരത്നമ്മയുടെ ഉദ്ഘാടന പ്രസംഗത്തോടെയായിരുന്നു തുടക്കം. (പരിപാടിക്ക് വീണ ധനമ്മയുടെ അനുഗ്രഹാശിസ്സുകളുമുണ്ടായിരുന്നു). നിമിഷ നേരം കൊണ്ട് ആളുകൾ കൂടി. പെണ്ണുങ്ങളുടെ സദസ്സ് നിറഞ്ഞു. അപ്പുറത്ത് നിന്ന് ആഹാരവും ഇപ്പുറത്തു നിന്ന് ആസ്വാദനവും. പുരുഷ, ബ്രാഹ്മണ മേധാവികൾക്ക് ഇതിലും വലിയൊരു നാണക്കേടും ആഘാതവുമുണ്ടാകാനില്ല. അതിനടുത്ത വർഷം മുതൽ ആണുങ്ങൾക്കൊപ്പം പെണ്ണുങ്ങളും ത്യാഗരാജാരാധനാ വേദിയിൽ പാടിത്തുടങ്ങി.

18ആം നൂറ്റാണ്ടിലെ ദേവദാസിയായ പണ്ഡിത മുത്തുപളനിയുടെ ‘രാധികാസന്ത്വനം’ എന്ന രചന പൂർണ്ണരൂപത്തിൽ അച്ചടിച്ച് പുറത്തു കൊണ്ടു വന്നതാണ് നാഗരത്നമ്മയുടെ പ്രശംസാർഹമായ മറ്റൊരു പ്രവർത്തനം. 18ആം നൂറ്റാണ്ടിൽ തഞ്ചാവൂർ ഭരിച്ചിരുന്ന മറാത്താരാജാവ് പ്രതാപസിംഹന്‍റെ നിയമപരമല്ലാത്ത ഭാര്യയും കൊട്ടാര കവയിത്രിയുമായിരുന്നു മുത്തുപളനി. അവർ ആണ്ടാളുടെ ‘തിരുപ്പാവൈ’ തമിഴിൽ നിന്നും തെലുങ്കിലേക്ക് വിവർത്തനം ചെയ്തു. ‘രാധികാസാന്ത്വനം’ തെലുങ്കിൽ രചിക്കുകയും ചെയ്തു.

സ്വന്തം ജ്യേഷ്ടപുത്രിയെ വിവാഹം കഴിക്കുന്ന കൃഷ്ണന് രാധ നൽകുന്ന ഉപദേശങ്ങളും ആ വിവാഹത്തിൽ വൈകാരികമായി തകർന്നുപോകുന്ന രാധയെ കൃഷ്ണൻ ആശ്വസിപ്പിക്കുന്നതുമാണ് പ്രമേയം. എന്നാൽ സാധാരണ കൃഷ്ണഗീതികൾ പോലെ അതൊരു ഭക്തി കാവ്യമായിരുന്നില്ല, ശൃംഗാര, കാമ കാവ്യമായിരുന്നു. ആൺ-പെൺ ബന്ധത്തിലെ ചെറിയ ചെറിയ നിഗൂഢതകളും, ആകാംക്ഷകളും അസൂയയും ശാരീരിക ചോദനകളും എല്ലാം മറയില്ലാതെ വർണ്ണിക്കുന്ന ഒരു കൃതിയാണത്. പൗരസ്ത്യ വിഷയവൈജ്ഞാനികനായ ചാൾസ് ഫിലിപ് ബ്രൗൺ 1855ൽ മദ്രാസ് ഓറിയന്റൽ ലൈബ്രരിക്ക് കൈമാറിയ ഗ്രന്ഥശേഖരത്തിൽ ഒന്ന് ‘രാധികാസാന്ത്വന’മായിരുന്നു. അത് 1887ൽ പ്രസിദ്ധീകരിച്ചു. വീരേശലിംഗം എന്ന തെലുങ്ക് സാമൂഹ്യപരിഷ്കർത്താവ് തെലുങ്ക് കവികളുടെ ചരിത്രം സമാഹരിച്ചപ്പോൾ അതിൽ ‘രാധികാസാന്ത്വന’ത്തെക്കുറിച്ചും മുത്തുപളനിയെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ദേവദാസി സമ്പ്രദായത്തെ ശക്തമായി എതിർത്തിരുന്ന അദ്ദേഹം ‘രാധികാസാന്ത്വനം’ എന്ന കൃതിയുടെ ഉള്ളടക്കം തന്നെ ഞെട്ടിച്ചതായും അതൊരു വേശ്യ രചിച്ച നാണം കെട്ട കൃതിയാണെന്നും എഴുതി. 1907ൽ പുസ്തകത്തിന്‍റെ മറ്റൊരു വ്യാഖ്യാനം (വേർഷൻ) വെങ്കടനരശ് എന്ന എഴുത്തുകാരൻ പുറത്തിറക്കി.

അത് 1887ൽ പ്രസിദ്ധീകരിച്ച മൂലകൃതിയിൽ നിന്നും വ്യത്യസ്തമാണെന്ന് നാഗരത്നമ്മ കണ്ടെത്തി. രചയിതാവായ മുത്തുപളനി തന്നെയും തന്‍റെ മുത്തശ്ശിയേയും അമ്മായിയേയും പറ്റി അവരിലൂടെ തന്നിലേക്ക് നീണ്ട പാരമ്പര്യ ഗുണങ്ങളെപ്പറ്റിയും ഒക്കെ എഴുതിയത് പിന്നീട് പുറത്തു വന്ന പുസ്തകങ്ങളിൽ ഒഴിവാക്കിയിട്ടുണ്ടായിരുന്നു. ഇത് നാഗരത്നമ്മയെ ചൊടിപ്പിച്ചു. വിട്ടുപോയ ഭാഗങ്ങളെല്ലാമുൾപ്പെടുത്തി, വീരേശലിംഗത്തിന്‍റെ അഭിപ്രായപ്രകടനങ്ങൾക്കൊക്കെ മറുപടിയും ചേർത്ത് 1910ൽ പുസ്തകം അവർ വീണ്ടുമിറക്കി. താൻ കൂടി ഉൾപ്പെട്ട ദേവദാസികുലത്തിലെ അംഗമാണു മുത്തുപളനി എന്നതിൽ തനിക്കഭിമാനമുണ്ടെന്നവരെഴുതി. പക്ഷേ പുസ്തകത്തിനെതിരെ ശക്തമായ വിമർശനങ്ങളുയർന്നു. പലരും അതിലെ ലൈംഗികതയെ വിമർശിച്ച് എഡിറ്റോറിയൽ വരെ എഴുതി. പുസ്തകം നിരോധിച്ചു. നീണ്ട നിയമയുദ്ധത്തിനു ശേഷമാണ് നാഗരത്നമ്മയ്ക്ക് പിന്നീട് പുസ്തകമിറക്കാനായത്.

ഭാരതത്തിലെ ഒരുപാട് ആചാരനുഷ്ടാനങ്ങളിൽ കൈ കടത്തിയിട്ടുണ്ട് ബ്രിട്ടീഷുകാർ. ദേവദാസികൾക്കെതിരെയുള്ള നിയമം നിർമ്മിക്കുന്നതിനു വേണ്ടി ബ്രാഹ്മണരുൾപ്പെടെയുള്ള സവർണ്ണർ ശബ്ദമുയർത്തിയിരുന്നു. എന്നാൽ നാഗരത്നമ്മ സ്വന്തം സമുദായത്തെ ഒരിക്കലും തള്ളിപ്പറഞ്ഞില്ല. വീണ ധനമ്മാൾ, ബാലസരസ്വതി തുടങ്ങിയ മികച്ച കലാകാരികൾ ദേവദാസികളായിരുന്നുവെന്നും അവർ തനത് കലയുടെ സൂക്ഷിപ്പുകാരാണെന്നും നാഗരത്നമ്മ വാദിച്ചിരുന്നു. ദേവദാസികളുടെ ക്ഷേമത്തിനായുള്ള സംഘടനയുടെ ഭാരവാഹിയായിരുന്നു അവർ. തന്‍റെ ജീവിതാവസാനം വരെ ദേവദാസി എന്ന ഐഡന്റിറ്റി ഉയർത്തിപ്പിടിക്കുകയും അതിൽ അഭിമാനം കൊള്ളുകയും ചെയ്തിരുന്നു നാഗരത്നമ്മ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Samantha akkineni oru anushka shetty to star in bangalore nagarathnamma biopic

Next Story
ലോക്ക്ഡൗൺ ദിനങ്ങളിലും ഹൃത്വിക്കും മുൻഭാര്യ സൂസേനും തിരക്കിലാണ്Hrithik Roshan, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com