വെബ് സീരീസുകളുടെ കാലമാണിത്. സിനിമകളെ വെല്ലുന്ന വെബ് സീരീസുകളാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. സിനിമയുടെ പിൻഗാമിയെന്നോ സമാന്തര മീഡിയമെന്നോ ഒക്കെ ഇവയെ വിശേഷിപ്പിക്കാം. നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം പോലുള്ള സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളുടെ ജനപ്രീതി വർധിക്കുക കൂടി ചെയ്തതോടെ കോടികൾ ചെലവഴിച്ചു കൊണ്ട് സാങ്കേതിക തികവോടെയാണ് പല വെബ് സീരീസുകളും നിർമ്മിക്കപ്പെടുന്നത്.
വെബ് സീരീസുകളുടെ ഈ സ്വീകാര്യത സിനിമാതാരങ്ങളെയും ഈ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്ക് ആകർഷിച്ചു കൊണ്ടിരിക്കുകയാണ്. ‘സേക്രഡ് ഗെയിംസി’ലൂടെ സെയ്ഫ് അലി ഖാൻ, നവാസുദ്ദീൻ സിദ്ദിഖി, രാധിക ആപ്തെ, കൽക്കി കേക്ലെ, ‘ഫാമിലി മാനി’ലൂടെ മനോജ് ബാജ്പേയി, പ്രിയാമണി തുടങ്ങി നിരവധിയേറെ താരങ്ങൾ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിന്റെ സാധ്യതകൾ മനസ്സിലാക്കി വെബ് സീരീസുകളുടെ ലോകത്തേക്ക് കടന്നു വന്നിരിക്കുന്നു.
ഇപ്പോഴിതാ, ബോളിവുഡിൽ നിന്നും തമിഴകത്തുനിന്നുമെല്ലാം കൂടുതൽ താരങ്ങൾ വെബ് സീരീസുകളുടെ ലോകത്തേക്ക് കടന്നു വരികയാണ്. ബോളിവുഡ് താരം കാജോൾ, തെന്നിന്ത്യൻ താരസുന്ദരി സാമന്ത അക്കിനേനി, അമല പോൾ എന്നിവരും വെബ് സീരീസിന്റെ ലോകത്ത് ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്.
‘ഫാമിലിമാൻ’ സീസൺ 2വിൽ സാമന്തയും
മനോജ് വാജ്പേയ് കേന്ദ്രകഥാപാത്രമായെത്തുന്ന ‘ഫാമിലി മാൻ’ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ഇപ്പോൾ. 10 എപ്പിസോഡുകൾ അടങ്ങിയ ആദ്യ സീസൺ ആണ് ഇപ്പോൾ ആമസോൺ പ്രൈമിലൂടെ സംപ്രേക്ഷണം ചെയ്യപ്പെടുന്നത്. ഉദ്വോഗജനകമായ ‘ഫാമിലി മാന്റെ’ അടുത്ത സീസൺ ഇനി എപ്പോഴെത്തും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. അതിനിടയിലാണ് സാമന്ത അക്കിനേനിയും അടുത്ത സീസണിൽ ഉണ്ടാവുമെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
‘ഫാമിലി മാൻ’ എന്ന സ്പൈ ത്രില്ലറിൽ മനോജ് വാജ് പേയ്ക്ക് ഒപ്പം പ്രിയാമണി, സുധീപ് കിഷൻ, മലയാളിതാരം നീരജ് മാധവ് എന്നു തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. അടുത്ത സീസണിൽ തന്ത്രപ്രധാനമായൊരു കഥാപാത്രമായി സാമന്തയും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അൽപ്പം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണ് സാമന്ത അവതരിപ്പിക്കുന്നതെന്നും അഭ്യൂഹങ്ങളുണ്ട്. ഇതുമായി ബന്ധപ്പെട്ട് ‘ഫാമിലി മാന്റെ’ അണിയറപ്രവർത്തകർ സാമന്തയുമായി കൂടിക്കാഴ്ച നടത്തിയെന്നും വാർത്തകളുണ്ട്. വെബ് സീരീസുകളിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടെന്ന് സാമന്ത മുൻപ് അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നതുമാണ്.
രാജ് & ഡികെ യാണ് ഫാമിലി മാന്റെ സംവിധായകർ. എൻ ഐ എയിൽ ജോലി ചെയ്യുന്ന ഒരു മിഡിൽക്ലാസ്സ് വ്യക്തിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളിലൂടെയാണ് ഫാമിലി മാന്റെ കഥ വികസിക്കുന്നത്.
Read more: സേക്രഡ് ഗെയിംസ്’ ചതിച്ചതാ; മലയാളിയുടെ ഫോണിലേക്ക് ചറാപറാ കോളുകള്
നെറ്റ്ഫ്ളിക്സ് സീരീസിലൂടെ അരങ്ങേറ്റം കുറിക്കാനൊരുങ്ങി കാജോൾ
അജയ് ദേവ്ഗൺ പ്രൊഡക്ഷൻ ഒരുക്കുന്ന വെബ് സീരിസിലൂടെയാണ് ഡിജിറ്റൽ സ്ട്രീമിംഗ് ലോകത്തേക്കുള്ള കാജോളിന്റെ എൻട്രി. നെറ്റ് ഫ്ളിക്സിനു വേണ്ടിയാണ് അജയ് ദേവ്ഗൺ ഈ സീരീസ് നിർമ്മിക്കുന്നത്. രേണുക ഷഹാനെയാണ് ട്രിബാൻഗ എന്നു പേരിട്ടിരിക്കുന്ന ഈ വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. വെബ് സീരീസിന്റെ ചിത്രീകരണം ഇന്ന് ആരംഭിച്ചു.
മിഥില പൽകർ, തൻവി ആസ്മി, കുനാൽ റോയ് കപൂർ എന്നിവരും ഈ വെബ് സീരീസിലുണ്ട്. നയൻ എന്ന കഥാപാത്രത്തെയാണ് കാജോൾ അവതരിപ്പിക്കുന്നത്. ഒരു കുടുംബത്തിലെ മൂന്നു തലമുറകളിൽ പെട്ട സ്ത്രീകളുടെ ജീവിതമാണ് വെബ് സീരീസിന്റെ പ്രമേയം.
ലസ്റ്റ് സ്റ്റോറീസ് തെലുങ്ക് റീമേക്കുമായി അമല പോൾ
കാമത്തിന്റെയും ആസക്തികളുടെയും സ്ത്രീ ലൈംഗികതയുടെയും കഥ പറഞ്ഞ ‘ലസ്റ്റ് സ്റ്റോറീസി’ൽ കെയ്റ അദ്വാനി ചെയ്ത കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അമല പോളും വെബ് സീരീസുകളുടെ ലോകത്തേക്ക് ചുവടുവെയ്ക്കുകയാണ്. തെലുങ്ക് റീമേക്കിലാണ് അമല അഭിനയിക്കുന്നത്. ജഗപതി ബാബുവും ഈ സെഗ്മെന്റിൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. റോണി സ്ക്രൂവാലയാണ് സീരിസ് നിർമ്മിക്കുന്നത്.
അനുരാഗ് കശ്യപ്, സോയ അക്തർ, ദിബാകർ ബാനർജി, കരൺ ജോഹർ എന്നിവരായിരുന്നു ‘ലസ്റ്റ് സ്റ്റോറീസ്’ എന്ന ആന്തോളജി സിനിമയിലെ സംവിധായകർ. കൂട്ടത്തിൽ കരൺ ജോഹർ സംവിധാനം ചെയ്ത സെഗ്മെന്റിൽ ആയിരുന്നു കെയ്റ അദ്വാനി അഭിനയിച്ചത്. ചിത്രത്തിലെ ചില ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് കെയ്റ അദ്വാനിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടത്. കാമം പുരുഷന് മാത്രമുള്ള ആനന്ദമാണെന്ന പരമ്പരാഗതമായ തെറ്റിദ്ധാരണകളെയും ചിന്തകളെയുമാണ് കരൺ ജോഹർ ഈ സെഗ്മെന്റിലൂടെ ചോദ്യം ചെയ്തത്. വളരെ ധീരമായ ആ കഥാപാത്രത്തെ അമല എങ്ങനെ അവതരിപ്പിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് താരത്തിന്റെ ആരാധകർ.
നന്ദിനി റെഡ്ഡിയാണ് അമല അഭിനയിക്കുന്ന സെഗ്മെന്റ് സംവിധാനം ചെയ്യുന്നത്. മറ്റു സെഗ്മെന്റുകൾ സങ്കൽപ്പ് റെഡ്ഡി, തരുൺ ഭാസ്കർ, സന്ദീപ് റെഡ്ഡി വാൻഗ എന്നിവരും സംവിധാനം ചെയ്യും. “സ്വാഭാവിക അഭിനയം, റിയലിസ്റ്റികായ പ്രകടനം, അനായാസമായി കഥാപാത്രമായി മാറാനുള്ള അമലയുടെ കഴിവ് എന്നിവ കണക്കിലെടുത്താണ് നന്ദിനി റെഡ്ഡി അമലയെ തെരെഞ്ഞെടുത്തത്. ഈ കഥാപാത്രം സ്വാഭാവികമായ പ്രകടനം ആവശ്യപ്പെടുന്നതിനാൽ അമലയെ ഏകകണ്ഠമായി തിരഞ്ഞെടുക്കുകയായിരുന്നു. ഇതിനായി അമലയെ സമീപിച്ചപ്പോൾ അമലയും ആവേശഭരിതയായിരുന്നു,” ലസ്റ്റ് സീരിസിന്റെ അണിയറപ്രവർത്തകർ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
Read more: ‘ആടൈ’യ്ക്കു ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി അമല പോൾ