പച്ചക്കറി വിൽപ്പനക്കാരിയായി തെരുവിലേക്കിറങ്ങിയ സാമന്ത അക്കിനേനിയെ കണ്ട് ആശ്ചര്യഭരിതരായി ആരാധകർ. സിനിമയ്ക്ക് വേണ്ടിയല്ല, പ്രതായുഷ എന്ന തന്റെ ചാരിറ്റി ഫൗണ്ടേഷന് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു സാമന്തയുടെ ഈ പച്ചക്കറി വിൽപ്പന.

അടിസ്ഥാന ജീവിതസൗകര്യങ്ങൾ പോലുമില്ലാത്ത സ്ത്രീകൾക്കും കുട്ടികൾക്കും ചികിത്സാസഹായം ഏർപ്പെടുത്താനായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രതായുഷ ഫൗണ്ടേഷൻ. 2014 ലാണ് സാമന്ത പ്രതായുഷ ആരംഭിക്കുന്നത്. സൗജന്യ മെഡിക്കൽ ക്യാംപുകൾ, കുഞ്ഞുങ്ങൾക്കുള്ള സൗജന്യ പ്രതിരോധ കുത്തിവയ്പുകൾ, രക്തദാനം തുടങ്ങി നിരവധി സാമൂഹിക പ്രവർത്തനങ്ങൾ പ്രതായുഷ സംഘടിപ്പിക്കുന്നുണ്ട്.

‘ഇരുമ്പുത്തുറൈ’ എന്ന തന്റെ ചിത്രത്തിന്റെ നൂറാംദിന ആഘോഷത്തിൽ പങ്കെടുക്കാൻ ഹൈദരാബാദിൽ നിന്നും വ്യാഴാഴ്ച ചെന്നൈയിൽ എത്തിയതായിരുന്നു താരം. വെള്ളിയാഴ്ച രാവിലെ, തിരുവള്ളിക്കേനി ക്ഷേത്രത്തിന് അരികിലെ ജാം ബസാർ മാർക്കറ്റിലെത്തിയപ്പോഴായിരുന്നു
പച്ചക്കറി വിൽപ്പനക്കാരിയായുള്ള സാമന്തയുടെ ‘വേഷപ്പകർച്ച’.

മാർക്കറ്റിലെ ഒരു പച്ചക്കറിക്കട തിരഞ്ഞെടുത്ത സാമന്ത പച്ചക്കറി വിൽപ്പന തുടങ്ങുകയായിരുന്നു. തങ്ങളുടെ പ്രിയനായികയെ കാണാൻ ആരാധകർ മാർക്കറ്റിൽ തടിച്ചു കൂടി. മണ്ണിലേക്കിറങ്ങിവന്ന താരത്തിന്റെ പ്രവൃത്തിയെ പ്രശംസിക്കുകയാണ് ആരാധകർ.

2016 ൽ കന്നടയിൽ വൻവിജയമായ ‘യു ടേൺ’ എന്ന റിമേക്ക് ചിത്രം, സീമ രാജ എന്നിവയുടെ റിലീസിനായി കാത്തിരിക്കുകയാണ് സാമന്ത. ശിവകാർത്തികേയനാണ് സീമ രാജയിൽ സാമന്തയുടെ നായകൻ. രണ്ടു ചിത്രങ്ങളും സെപ്റ്റംബർ 13 നാണ് റിലീസ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook