കോവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ വ്യാപനത്തെ തുടർന്ന് ദുൽഖർ സൽമാൻ നായകനാവുന്ന ‘സല്യൂട്ട്’ സിനിമയുടെ റിലീസ് മാറ്റിവച്ചു. ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേഫെറർ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഈ വിവരം അറിയിച്ചത്. പുതിയ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജനുവരി 14 നായിരുന്നു നേരത്തെ റിലീസ് തീരുമാനിച്ചിരുന്നത്.
ഒമിക്രോൺ വ്യാപനത്തെ തുടർന്ന് കർണാടക, ആന്ധ്രപ്രദേശ്, ഡൽഹി അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ തിയേറ്ററുകൾ അടച്ചിരുന്നു. ഇതും സല്യൂട്ട് റിലീസ് മാറ്റിവയ്ക്കാൻ കാരണമായി. കുറുപ്പിനുശേഷം ദുൽഖറിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ‘സല്യൂട്ട്’. എന്നാൽ നിലവിലെ സാഹചര്യത്തിൽ സല്യൂട്ടിന്റെ റിലീസിനായി ആരാധകർ ഇനിയും കാത്തിരിക്കേണ്ടി വരും.
നേരത്തെ റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലേക്ക് സല്യൂട്ട് തിരഞ്ഞെടുക്കപ്പെട്ടുവെന്ന് റിപ്പോർട്ട് വന്നിരുന്നു. ഇന്ത്യൻ എക്സ്പ്രസ് അടക്കമുള്ള മാധ്യമങ്ങൾ സിനിമയുടെ പിആർഒയിൽനിന്നും ലഭിച്ച വാർത്താകുറിപ്പിനെ അടിസ്ഥാനമാക്കിയാണ് ഈ വാർത്ത നൽകിയത്.
മുംബൈ പോലീസിന് ശേഷം റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പോലീസ് മൂവി കൂടിയാണ് സല്യൂട്ട്. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി – സഞ്ജയ് കൂട്ടുകെട്ടാണ്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.