തന്റെ ഏറ്റവും പുതിയ ചിത്രമായ ട്യൂബ് ലൈറ്റ് ബോക്‌സോഫീസില്‍ പ്രതീക്ഷിച്ച തരംഗം സൃഷ്ടിക്കാത്തതിനെ തുടര്‍ന്ന് വിതരണക്കാര്‍ക്കുണ്ടായ നഷ്ടം നികത്താന്‍ ഒരുങ്ങുകയാണ് സല്‍മാന്‍ ഖാന്‍. ചിത്രത്തിലെ നായകനും നിര്‍മ്മാതാക്കളില്‍ ഒരാളുമായിരുന്നു സല്‍മാന്‍ ഖാന്‍. ഏകദേശം 55 കോടിയോളം രൂപയാണ് നഷ്ടപരിഹാരത്തുക.

മറ്റ് നിര്‍മ്മാതാക്കളും വിതരണക്കാരും നേരത്തേ തന്നെ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ട്യൂബ് ലൈറ്റിന്റെ പേരിലുണ്ടായ നഷ്ടം നികത്താനായി വിതരണക്കാര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും പണം നല്‍കാമെന്ന് സല്‍മാന്‍ ഖാന്‍ സമ്മതിച്ചതായി ട്രേഡ് അനലിസ്റ്റ് കോമള്‍ നഹ്തയുടെ ട്വീറ്റും പുറത്തുവന്നു.

സല്‍മാന്‍ 55 കോടി രൂപ നല്‍കാമെന്നേറ്റതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നഷ്ടപരിഹാരം നല്‍കുന്ന കാര്യം സല്‍മാന്റെ പിതാവും പ്രശസ്ത എഴുത്തുകാരനുമായ സലീംഖാന്‍ അറിയിച്ചു. ‘വിതരണക്കാര്‍ നഷ്ടം നേരിടുമ്പോള്‍ ആ ബാധ്യത പങ്കിടാന്‍ നിര്‍മ്മാതാക്കള്‍ക്കും ഉത്തരവാദിത്തമുണ്ട്. അതാണ് ഞങ്ങള്‍ ചെയ്യുന്നത്. ഞങ്ങള്‍ ചില വിതരണക്കാരുമായി ചര്‍ച്ച നടത്തി. നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു.’ അദ്ദേഹം അറിയിച്ചു.

1962ലെ ഇന്ത്യാ-ചൈന യുദ്ധത്തെ അടിസ്ഥാനമാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞമാസം 23നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. യുദ്ധത്തില്‍ നഷ്ടപ്പെട്ട തന്റെ സഹോദരനെ അന്വേഷിക്കുന്ന കഥാപാത്രമാണ് സല്‍മാന്റേത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ