നടൻ ആയുഷ് ശർമ്മയുടെ ഭാര്യാസഹോദരനാണ് ബോളിവുഡിന്റെ സൂപ്പർതാരം സൽമാൻ ഖാൻ. സൽമാൻ വളരെ ലാളിത്യത്തോടെ ജീവിക്കുന്ന ഒരാളാണെന്ന് പറയുകയാണ് ആയുഷ് ഇപ്പോൾ, വീട്ടിൽ പാകം ചെയ്ത ഭക്ഷണവും പഴയ സെൽഫോണും കൊണ്ട് സംതൃപ്തനാണ് സൽമാനെന്നാണ് ആയുഷ് പറയുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മഹേഷ് മഞ്ജരേക്കരുടെ ‘ആന്റിം: ദി ഫൈനൽ ട്രൂത്ത്’ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.
ആർജെ സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിൽ, സൽമാനെക്കുറിച്ച് സംവിധായകൻ മഹേഷ് പറഞ്ഞ കാര്യങ്ങൾ സത്യമാണോ എന്ന ചോദ്യത്തിന് മറുപടിയായാണ് ആയുഷ് ഇത് പറഞ്ഞത്. എസിയൊന്നുമില്ലാത്ത ഫാൻ മാത്രമായി സോഫയിൽ കിടക്കാൻ തയ്യാറാകുന്ന ആളാണ് സൽമാൻ എന്നാണ് മഹേഷ് പറഞ്ഞത്.
“ഞാൻ അദ്ദേഹത്തെപോലെയാണെന്ന് കള്ളം പറയില്ല. സൽമാൻ ഭായിയുടെ ജീവിതശൈലി, വീട്, ഒക്കെ വളരെ ലളിതമാണ്. അദ്ദേഹം ഏത് ഫോണാണ് ഉപയോഗിക്കുന്നതെന്ന് ചോദിച്ചാൽ, അദ്ദേഹം രണ്ട്-മൂന്ന് വർഷം പഴക്കമുള്ള ഒരു മോഡലായിരിക്കും കാണിക്കുക. അയാൾക്ക് ഫോണുകൾ, കാറുകൾ, വസ്ത്രങ്ങൾ എന്നിവയിൽ താൽപ്പര്യമില്ല. വീട്ടിൽ ഏറ്റവും പുതിയ ടിവി വെക്കുന്നതിനോ വേഗതയേറിയ ഇന്റർനെറ്റ് ഉണ്ടാകുന്നതോ അദ്ദേഹം ശ്രദ്ധിക്കാറില്ല. അദ്ദേഹത്തിന് സിനിമകളിൽ മാത്രമാണ് താൽപര്യമെന്ന് തോന്നുന്നു. നിങ്ങൾ അദ്ദേഹത്തെ കുറച്ച് നേരം തനിച്ചാക്കിയാൽ, ആ സമയത്ത് അദ്ദേഹം സിനിമ കാണും,” ആയുഷ് പറഞ്ഞു.
“നിങ്ങൾ അദ്ദേഹത്തിന്റെ ജിം നോക്കുകയാണെങ്കിൽ, അത് പോലും വളരെ അടിസ്ഥാനപരമാണ്. വാസ്തവത്തിൽ, പുതിയ കാറുകൾ വാങ്ങാൻ ഞങ്ങൾ അദ്ദേഹത്തെ നിർബന്ധിക്കണം. അദ്ദേഹം അതൊന്നും കാര്യമാക്കുന്നില്ല. ചിലപ്പോൾ തറയിൽ കിടന്ന് വരെ ഉറങ്ങും. ഫാൻസി ഭക്ഷണത്തെക്കുറിച്ച് അദ്ദേഹം ശ്രദ്ധിക്കാറില്ല വീട്ടിൽ പാകം ചെയ്ത ഭക്ഷണമാണ് അദ്ദേഹത്തിന് വേണ്ടത്” ആയുഷ് കൂട്ടിച്ചേർത്തു.
മറാത്തി ചിത്രമായ മുൽഷി പാറ്റേണിന്റെ റീമേക്കാണ് റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ ഏകദേശം 4.5 കോടി രൂപ നേടിയ ആന്റിം. 2018-ൽ സൽമാൻ നിർമ്മിച്ച ലൗയാത്രി എന്ന ചിത്രത്തിലൂടെയാണ് ആയുഷ് അഭിനയ രംഗത്തേക്ക് എത്തിയത്. സൽമാന്റെ സഹോദരി അർപിത ഖാനെയാണ് ആയുഷ് വിവാഹം കഴിച്ചിരിക്കുന്നത്.
ടൈഗർ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണത്തിലാണ് സൽമാൻ ഇപ്പോൾ. ഷാരൂഖ് ഖാന്റെ വരാനിരിക്കുന്ന ചിത്രമായ പഠാനിലും സൽമാൻ ഉണ്ടാകുമെന്ന് പറയപ്പെടുന്നു. പഠാൻ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, വൈആർഎഫ് നിർമ്മിക്കുന്ന നിർമ്മിക്കുന്ന ചിത്രങ്ങളുടെ ഭാഗമായിരിക്കുമെന്ന് പറയപ്പെടുന്നുണ്ട്.