സല്‍മാന്‍ ഖാന്റെ പുതിയ ചിത്രമായ ഭാരതില്‍ നായിക ആകുന്നത് പ്രിയങ്ക ചോപ്രയാണെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ബോളിവുഡ് സ്വീകരിച്ചിരിക്കുന്നത്. ബോളിവുഡും കടന്ന് ഹോളിവുഡില്‍ താരമായി മാറിയിരിക്കുകയാണ് ഇന്ന് പ്രിയങ്ക. അതുകൊണ്ട് തന്നെ പ്രിയങ്ക സല്‍മാന്റെ നായികയാകുമ്പോള്‍ ആരാധകരും കാത്തിരിക്കുകയാണ്.

ഭാരതിന്റെ സംവിധായകന്‍ അലി അബ്ബാസ് സഫറാണ് പ്രിയങ്കയായിരിക്കും ചിത്രത്തിലെ നായിക എന്ന് അറിയിച്ചത്. പ്രിയങ്കയെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് സഫര്‍ ട്വിറ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ നായകന്‍ സല്‍മാനും പ്രിയങ്കയെ സ്വാഗതം ചെയ്ത് ട്വീറ്റ് ചെയ്തിരിക്കുകയാണ്. തന്റെ സ്വതസിദ്ധമായ ശൈലിയിലായിരുന്നു സല്‍മാന്റെ ട്വീറ്റ്.

പ്രിയങ്കയുടെ ഹോളിവുഡ് താര പരിവേഷത്തെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു സല്‍മാന്റെ ട്വീറ്റ്. ഭാരതം നിങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും ചിത്രം ഹിന്ദിയിലാണെന്നുമായിരുന്നു സല്‍മാന്റെ ട്വീറ്റ്. മുമ്പ് മുജ് സേ ഷാദി കരോഗെ, സലാം എ-ഇഷ്്ക്, ഗോഡ് തുസി ഗ്രേറ്റ് ഹോ, എന്നീ ചിത്രങ്ങിലാണ് ഇരുവരും ഒരുമിച്ചത്. സല്‍മാന്റെ ട്വീറ്റിന് പ്രിയങ്ക അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കുകയും ചെയ്തു.

യുപിയില്‍ ജനിച്ച് വളര്‍ന്ന ദേസി ഗേള്‍ തന്നെയാണ് താനിന്നെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ല്ലാവരേയും വീണ്ടും കാണാന്‍ സാധിച്ചതിലും ഒരുമിച്ച് അഭിനയിക്കാന്‍ സാധിച്ചതിലും സന്തോഷമുണ്ടെന്നും പ്രിയങ്ക ട്വീറ്റില്‍ പറയുന്നു. ഈദ് റിലീസായാണ് ഭാരത് ഒരുങ്ങുന്നത്. ഇന്ത്യയ്ക്ക് പുറമെ സ്‌പെയിന്‍, അബുദാബി എന്നിവിടങ്ങളിലും ചിത്രീകരണമുണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ