വധ ഭീഷണി മൂലം Y+ സുരക്ഷയാണ് ബോളിവുഡ് താരം സൽമാൻ ഖാന് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനിടയിൽ തന്റെ ആരാധകനായെത്തിയ കുട്ടിയെ കെട്ടിപ്പിടിക്കുന്ന സൽമാന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. മുംബൈ വിമാനതാവളത്തിലെത്തിയതാണ് താരം. തന്റെ പ്രിയപ്പെട്ട താരത്തെ കണ്ടയുടനെ അദ്ദേഹത്തിനരികിലേക്ക് ഓടിയെത്തുകയാണ് കുട്ടി. സൽമാൻ കെട്ടിപ്പിടിച്ചപ്പോൾ, സന്തോഷത്തോടെ പുഞ്ചിരിക്കുകയാണ് കുട്ടി ആരാധകൻ.
ബ്ലാക്ക് വസ്ത്രമണിഞ്ഞാണ് സൽമാൻ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. വിമാനതാവളത്തിലേക്ക് നടക്കുന്നതിനിടയിൽ കുട്ടിയെ കണ്ടപ്പോൾ തന്നെ സൽമാൻ അവിടെ നിൽക്കുകയായിരുന്നു. കുട്ടിയെ കെട്ടിപിടിച്ച ശേഷം കൈ കൊടുത്ത് അദ്ദേഹം അകത്തേയ്ക്ക് നടന്നു നീങ്ങി.
കുട്ടിയോടുള്ള സൽമാന്റെ പ്രവർത്തി സോഷ്യൽ മീഡിയയ്ക്കും ഇഷ്ടപ്പെട്ടു. താരത്തെ അഭിനന്ദിച്ചു കൊണ്ട് അനവധി പേർ കമന്റു ചെയ്തിട്ടുണ്ട്. എന്തൊരു നല്ല മനസ്സിനുടമയാണ് അദ്ദേഹം, കൂടുതലായി തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വം തുടങ്ങിയവയാണ് ആരാധക കമന്റുകൾ.
‘ടൈഗർ 3’ ആണ് സൽമാന്റെ പുതിയ ചിത്രം. യഷ് രാജ് ഫിലിംസ് നിർമിച്ച ടൈഗർ സീരീസിലെ മൂന്നാമത് ചിത്രമാണിത്. ‘കിസി കാ ഭായ് കിസി കാ ജാൻ’ ആണ് സൽമാന്റെ അവസാനം റിലീസിനെത്തിയ ചിത്രം. എന്നാൽ ചിത്രത്തിനു പ്രേക്ഷക പ്രീതി നേടാൻ കഴിഞ്ഞില്ല.