കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് രണ്ടാഴ്ചയിലേറെയായി മുംബൈയിൽ ലോക്ക്ഡൗണാണ്. ഈ സമയത്ത് മുൻനിര പ്രവർത്തകരായ പൊലീസ് ഉദ്യോഗസ്ഥർ, ബിഎംസി തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്ക് ഭക്ഷണമെത്തിച്ചു നൽകുകയാണ് നടൻ സൽമാൻ ഖാൻ.
സൽമാൻ ഖാൻ നേരിട്ടെത്തിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
മുൻനിര പ്രവർത്തകർക്ക് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിച്ചുറപ്പിക്കാൻ സൽമാൻ ഖാൻ നേരിട്ടെത്തിയെന്ന് ശിവസേനയുടെ യൂത്ത് വിങ്ങായ യുവസേന കോർ കമ്മിറ്റി അംഗം രാഹുൽ കനാൽ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
“സൽമാൻ ഭായ്ക്ക് മുൻനിര തൊഴിലാളികളോട് അങ്ങേയറ്റം ബഹുമാനമുണ്ട്. സെക്യൂരിറ്റി ഡ്യൂട്ടിയിൽ വീടിന് പുറത്ത് നിലയുറപ്പിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥർക്കായി അദ്ദേഹത്തിന്റെ അമ്മ സ്വന്തം കൈകൊണ്ടുണ്ടാക്കിയ ഭക്ഷണമാണ് നൽകുന്നത്. ലോക്ക്ഡൗണിൽ ഈ തൊഴിലാളികൾ 24/7 ഡ്യൂട്ടിയിലാണെന്ന് മനസിലാക്കിയ സൽമാൻ ഭായ് അവർക്ക് ഭക്ഷണ പായ്ക്കറ്റുകൾ നൽകി അവരുടെ ജോലി കുറച്ചുകൂടി എളുപ്പമാക്കണമെന്ന് കരുതുകയാണ്.”
“ഞങ്ങൾ ഇന്ന് ഭൈജാൻസ് കിച്ചനിലാണ്. അവിടെ ലഘുഭക്ഷണങ്ങൾ തയ്യാറാക്കുന്നു. ഞായറാഴ്ച 5,000 പാക്കറ്റുകൾ അയച്ചു. ഇപ്പോൾ ഞങ്ങൾ ഈ ഭക്ഷണ പാക്കറ്റുകൾ ബൈക്കുളയിൽ നിന്ന് ജുഹുവിലേക്കും ബാന്ദ്ര ഈസ്റ്റിലേക്കും അയയ്ക്കുന്നു. വരും ദിവസങ്ങളിൽ ഇരട്ടി പാക്കറ്റുകൾ അയയ്ക്കും,” രാഹുൽ പറഞ്ഞു.