തനിക്കെതിരെ ഉയരുന്ന വധ ഭീഷണികളുടെ ഗൗരവം മനസ്സിലാക്കുന്നെന്ന് ബോളിവുഡ് താരം സൽമാൻ ഖാൻ. ജീവിതത്തെ വളരെ ശ്രദ്ധയോടെയാണ് ഇപ്പോൾ നോക്കി കാണുന്നതെന്നും പൊതുയിടങ്ങളിൽ പോകുമ്പോഴെല്ലാം തനിക്ക് ചുറ്റും തോക്കുമായി നിൽക്കുന്ന അവസ്ഥയോട് പൊരുത്തപ്പെട്ട് വരുന്നതായും സൽമാൻ പറഞ്ഞു.
കുറച്ചധികം നാളുകളായി സൽമാനെതിരെ പല ഭാഗങ്ങളിൽ നിന്ന് വധ ഭീഷണി ഉയരുന്നുണ്ട്. കഴിഞ്ഞ ജൂണിലാണ് സൽമാന്റെ പിതാവ് സലീം ഖാൻ ദിവസവും നടക്കുന്ന ബാന്ദ്ര ബാൻഡ്സ്റ്റാൻഡിൽ നിന്നൊരും കത്ത് ലഭിച്ചത്. ഗായകൻ സിദ്ധു മൂസവാലയ്ക്കുണ്ടായ അതേ അനുഭവം സൽമാനും നേരിടും എന്നതാണ് കത്തിൽ പറഞ്ഞത്.
സൽമാന്റെ കടുത്ത സുരക്ഷയെക്കുറിച്ചുള്ള കാര്യങ്ങൾ താരം പങ്കെടുത്ത ആപ് കി അദാലത്തിന്റെ എപ്പിസോഡിൽ ചോദിച്ചിരുന്നു. വഴിയിലൂടെ സ്വാതന്ത്ര്യത്തോടെ നടക്കാനോ സൈക്ക്ലിങ്ങ് ചെയ്യാനോ തനിക്കിപ്പോൾ ആകുന്നില്ലെന്നായിരുന്നു സൽമാന്റെ മറുപടി. മാത്രമല്ല സുരക്ഷാക്രമീകരണങ്ങളോട് താൻ പൂർണമായി സഹകരിക്കുന്നുണ്ടെന്നും താരം പറഞ്ഞു.
“അതെ, സുരക്ഷയുണ്ട്. എനിക്കപ്പോൾ വഴിയിലൂടെ ഒറ്റയ്ക്ക് നടക്കാനോ സൈക്ക്ലിങ്ങ് ചെയ്യാനോ ആകില്ല. റോഡിലൂടെ പോകുമ്പോൾ എനിക്ക് ചുറ്റുമുള്ള സെക്യൂരിറ്റി വാഹനങ്ങൾ മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഓ നീയിപ്പോൾ ഒരു സ്റ്റാറായല്ലേ എന്ന നോട്ടങ്ങൾ എനിക്ക് മനസ്സിലാകുന്നുണ്ട്. ഒരുപാട് ഭീഷണികളുണ്ട് അതുകൊണ്ടാണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. എന്നോട് ചെയ്യാൻ പറയുന്ന കാര്യങ്ങളൊക്കെ ഞാൻ അനുസരിക്കുകയും ചെയ്യുന്നു.”
ദൈവം എന്നെ സംരക്ഷിക്കുമെന്നാണ് എന്റെ വിശ്വാസം പക്ഷെ അതു പറഞ്ഞ് തനിക്ക് ശ്രദ്ധിക്കാതിരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. തോക്കുമായി നടക്കുന്ന ആളുകളുടെ കൂടെ നടന്ന് തനിക്കിപ്പോൾ ശീലമായെന്നും താരം പറയുന്നു.കൃഷ്ണമൃഗത്തെ വധിച്ച കേസിന്റെ പേരിലല്ലേ ഈ ഭീഷണികളെല്ലാം ഉയരുന്നതെന്ന ചോദ്യത്തിന് അതു തനിക്കറിയില്ലെന്നും കോടതി തീരുമാനിക്കട്ടെ കാര്യങ്ങളെല്ലാം എന്നാണ് താരം മറുപടി പറഞ്ഞത്.
ഏപ്രിൽ 30 നാണ് മുംബൈ പൊലീസ് ക്രൈം ബ്രാഞ്ച് പതിനാറുകാരനായ ഷാഹ്പുർ തലുക്കയെ കസ്റ്റഡിയിലെടുത്തത്. പൊലീസ് കൺട്രോൾ റൂമിലേക്ക് സൽമാൻ ഖാനെ വധിക്കുമെന്ന് പേരിൽ ഫോൺ ചെയ്തതിനെ തുടർന്നാണ് കുട്ടിയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്. പത്തു കിലോമീറ്റർ പിന്തുടർന്ന ശേഷമാണ് കുട്ടിയെ പിടികൂടാനായത്.
പഞ്ചാബി ഗായകൻ സിദ്ധൂ മൂസവാലയെ വധിച്ച കേസിൽ ലോറൻസ് ബിഷ്ണോയി പഞ്ചാബ് പൊലീസ് കസ്റ്റഡിയിലാണ്. തങ്ങളുടെ സമൂഹത്തിന്റെ വിശിഷ്ട മൃഗത്തെ വധിച്ചെന്ന പേരിൽ സൽമാനെതിരെ ബിഷ്ണോയി വധഭീഷണി ഉയർത്തിയിരുന്നു.