ഡിസംബർ 25ന് രാത്രിയാണ് ബോളിവുഡ് താരം സൽമാൻ ഖാന് പാമ്പുകടിയേറ്റത്. തന്റെ പിറന്നാൾ ആഘോഷിക്കാനായി പൻവേലിനടുത്തെ ഫാം ഹൗസിലെത്തിയതായിരുന്നു സൽമാൻ. സൽമാനെ ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആറുമണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്യുകയുമായിരുന്നു. സൽമാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പിതാവ് സലിം ഖാൻ മാധ്യമങ്ങളെ അറിയിച്ചിരുന്നു.
ഇപ്പോഴിതാ, പാമ്പുകടിച്ച സംഭവത്തെ കുറിച്ച് സൽമാന്റെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്. പാമ്പ് തന്നെ മൂന്നു തവണ കടിച്ചെന്നാണ് താരം പറയുന്നത്. താനിപ്പോൾ സുഖമായിരിക്കുന്നുവെന്നും കടിച്ച പാമ്പിനെ കാട്ടിൽ ഉപേക്ഷിച്ചെന്നും താരം കൂട്ടിച്ചേർത്തു. “വലിയ പ്രശ്നമൊന്നുമില്ല, പൻവേലിലെ ഫാം ഹൗസ് കാടിനോട് ചേർന്നാണ്. ഒരു പാമ്പ് മുറിയിലേക്ക് പ്രവേശിച്ചു. പാമ്പ് മുറിയിൽ കയറിയപ്പോൾ കുട്ടികൾ ഭയന്നുപോയി. ഞാൻ ഓടിചെന്നു, ഒരു വടി കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ആദ്യം വന്നത് ചെറിയ വടിയായിരുന്നതിനാൽ വലുതൊന്നു കൊണ്ടുവരാൻ പറഞ്ഞു. അവർ ഒരെണ്ണം കൊണ്ടുവന്നു, അതുപയോഗിച്ച് ഞാൻ പാമ്പിനെ വളരെ സ്നേഹത്തോടെ വടിയിൽ പൊതിഞ്ഞെടുത്തു പുറത്തേക്ക് കളയാൻ നോക്കുന്നതിനിടയിൽ അത് വടിയിലൂടെ മുകളിലേക്ക് കയറാൻ തുടങ്ങി. അതെന്റെ കൈയ്ക്ക് വളരെ അടുത്ത് എത്തിയതിനാൽ ഞാൻ മറുകൈ കൊണ്ട് പാമ്പിനെ പിടിച്ച് വടി താഴെയിട്ടു.
ചുറ്റുമുള്ള ഗ്രാമവാസികൾ വിഷമുള്ള പാമ്പാണെന്നു കരുതി ഉറക്കെ ബഹളം വെയ്ക്കാൻ തുടങ്ങിയപ്പോഴാണ് പാമ്പ് തന്നെ തിരിഞ്ഞ് കയ്യിൽ കടിച്ചതെന്നും മൂന്നു തവണ അതു തന്നെ കടിച്ചെന്നും താരം പറയുന്നു. ബഹളം കേട്ട് ഭയന്നാവാം അത് തന്നെ വീണ്ടും വീണ്ടും കടിച്ചതെന്നും സൽമാൻ കൂട്ടിച്ചേർത്തു.
“ഞങ്ങൾ ആശുപത്രിയിൽ നിന്നും തിരിച്ചെത്തിയപ്പോൾ, പാമ്പിനെ അവിടെ തന്നെ കണ്ടു. ഞങ്ങൾ അതിനെ കാട്ടിൽ കൊണ്ടുപോയി വിട്ടു. ഞാനിപ്പോൾ സുഖമായിരിക്കുന്നു. ഇത് വിഷപാമ്പാണോ അല്ലയോ എന്നറിയാത്തതിനാൽ ആന്റിവെനം എടുത്തിട്ടുണ്ട്. ആറുമണിക്കൂറോളം നിരീക്ഷണത്തിൽ കിടന്നശേഷമാണ് ആശുപത്രി വിട്ടത്.”
സൽമാൻ ഖാന്റെ അമ്പത്തിയാറാം ജന്മദിനമാണ് ഇന്ന്. ആരോഗ്യനില സുഖം പ്രാപിച്ചുവരുന്ന താരത്തിന് പിറന്നാൾ ആശംസകൾ നേരുകയാണ് ആരാധകരും സിനിമാപ്രവർത്തകരും.
Read more: പാമ്പ് കടിയേറ്റ സൽമാൻഖാന്റെ നില സാധാരണ ഗതിയിലെന്ന് പിതാവ്