ഈയടുത്ത് നൽകിയ അഭിമുഖത്തിലാണ് തനിക്ക് ഒരു അച്ഛനാകാൻ ആഗ്രഹമുണ്ടെന്ന കാര്യ സൽമാൻ ഖാൻ വെളിപ്പെടുത്തിയത്. താരത്തിന്റെ പ്രണയ ബന്ധങ്ങളെ കുറിച്ചുള്ള വാർത്തകൾ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. എന്നാൽ വിവാഹത്തിനെ കുറിച്ചല്ല മറിച്ച് അച്ഛനാകാനുള്ള താത്പര്യമാണ് സൽമാൻ പറഞ്ഞിരിക്കുന്നത്. രാജ്യത്തെ നിയമങ്ങൾ തന്റെ ആഗ്രഹത്തിനു വെല്ലുവിളിയാകുമെന്നും സൽമാൻ കൂട്ടിച്ചേർത്തു.
സൽമാന്റെ അച്ഛനമ്മമാരുടെ വലിയ ആഗ്രഹമായിരുന്നു താരത്തിന്റെ വിവാഹം കാണുകയെന്നത്. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് വിവാഹത്തെ പറ്റിയുള്ള തീരുമാനങ്ങളൊന്നുമായില്ല, എന്നാൽ അച്ഛനാകാനുള്ള ചിന്തയുണ്ടെന്നായിരുന്നു മറുപടി.
“എന്താ ഇപ്പോ പറയുക, എന്റെ ചിന്തകൾ അങ്ങനെയൊക്കയായിരുന്നു. മരുമകളെ വീട്ടിലേക്ക് കൊണ്ടുവരാനല്ല ഒരു കുഞ്ഞുമായി ചെല്ലുക എന്നതായിരുന്നു ആഗ്രഹം. പക്ഷെ രാജ്യത്തിന്റെ നിയമങ്ങൾക്ക് അതു എതിരാണ്. ഇനി എന്തു ചെയ്യാനാകും എന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്” സൽമാൻ പറഞ്ഞു.
സൽമാന്റെ വിവാഹം സംബന്ധിച്ച് ഒരുപാട് അഭ്യൂഹങ്ങളുണ്ടായിട്ടുണ്ട്. നടി സംഗീത ബിജ്‌ലാനിയുമായുള്ള വിവാഹം അവസാന നിമിഷമാണ് മുടങ്ങിയത്. 1994 ൽ വിവാഹിതരാകാനിരിക്കെ ഒരു മാസം മുൻപ് ചടങ്ങ് റദ്ദാക്കുകയാണ് ചെയ്തത്.
വാടക ഗർഭധാരണത്തിലുള്ള പിതാവായ കരൺ ജോഹറിനെക്കുറിച്ചും സൽമാൻ വേദിയിൽ പറഞ്ഞു. “അങ്ങനെയാണ് ഞാനും ചെയ്യാൻ വിചാരിച്ചിരുന്നത്. പക്ഷെ നിയമങ്ങൾ ഇപ്പോൾ മാറിയെന്ന് തോന്നുന്നു. എനിക്ക് കുട്ടികളെ വളരെയധികം ഇഷ്ടമാണ്. കുഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ അമ്മയും കൂടെയുണ്ടാകുമല്ലോ. അമ്മ വരുന്നത് കുട്ടികൾക്ക് നല്ലതാണ്,പക്ഷെ വീട്ടിൽ ഒരുപാട് അമ്മമാരുണ്ട്. അവർ കുഞ്ഞുങ്ങളെ നോക്കും. എന്റെ കുഞ്ഞുങ്ങളുടെ യഥാർത്ഥ അമ്മ എന്റെ ഭാര്യ കൂടിയാണ് എന്ന കാര്യത്തിനും ഇവിടെ പ്രസക്തിയുണ്ട്” സൽമാൻ കൂട്ടിച്ചേർത്തു.