ഒരു കാലത്ത് ബോളിവുഡിൽ തിളങ്ങിനിന്നിരുന്ന ബോളിവുഡ് നടിയുടെ ജീവിതം ഇന്നു ദുരിതപൂർണമാണ്. 1995 ൽ പുറത്തിറങ്ങിയ ‘വീർഗതി’ എന്ന ചിത്രത്തിൽ സൽമാൻ ഖാന്‍റെ നായികയായെത്തിയ പൂജ ദഡ്‌വാൾ ആണ് ഒരു കപ്പ് ചായയ്ക്കുപോലും കാശില്ലാതെ വലയുന്നത്. നവഭാരത് ടൈംസ് ദിനപത്രമാണ് പൂജയുടെ ദുരവസ്ഥ പുറംലോകത്തെ അറിയിച്ചത്.

ക്ഷയ രോഗമാണ് പൂജയെ ബാധിച്ചിരിക്കുന്നത്. മുംബൈയിലെ ശിവദി ആശുപത്രിയിൽ ചികിൽസയിലാണ് ഇപ്പോൾ പൂജ. ”ആറു മാസം മുൻപാണ് തനിക്ക് ക്ഷയരോഗമാണെന്ന് അറിഞ്ഞത്. ചികിൽസയ്ക്ക് സഹായം തേടി സൽമാൻ ഖാനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. പക്ഷേ ഒന്നും നടന്നില്ല. എന്‍റെ രോഗവിവരവും ഇപ്പോഴത്തെ അവസ്ഥയും അറിയിച്ചുകൊണ്ടുളള ഒരു വീഡിയോ സൽമാൻ ഖാന് അയച്ചിട്ടുണ്ട്. അദ്ദേഹം അത് കണ്ടാൽ ഉറപ്പായും എന്നെ സഹായിക്കുമെന്ന വിശ്വാസമുണ്ട്” പൂജ പറഞ്ഞതായി പത്ര റിപ്പോർട്ടിൽ പറയുന്നു.

”വർഷങ്ങളായി ഗോവയിലെ ഒരു കാസിനോവിൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു. രോഗം ബാധിച്ചതോടെ ഞാൻ ദരിദ്രയായി. എന്‍റെ കൈയ്യിൽ പണമില്ല. ഒരു കപ്പ് ചായയ്ക്കുപോലും ഞാൻ മറ്റുളളവരുടെ മുന്നിൽ കൈനീട്ടുകയാണ്”, പൂജ പറഞ്ഞു.

പൂജയ്ക്ക് രോഗം ബാധിച്ചതോടെ ഭർത്താവും മറ്റും കുടുംബാംഗങ്ങളും ഉപേക്ഷിച്ചു പോയതായാണ് വിവരം. ഹിന്ദുസ്ഥാൻ, സിന്ദൂർ സൗഗന്ധ്, ദബാദ തുടങ്ങിയ ചിത്രങ്ങളിലും പൂജ അഭിനയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook