ചൊവ്വാഴ്ച്ച രാവിലെ തന്നെ സല്‍മാന്‍ ഖാന്‍ ആരാധകര്‍ താരത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് പിന്നാലെയാണ്. അതിന് കാരണമായത് സല്‍മാന്റെ ഒരു ട്വീറ്റും. ‘മുജെ ലഡ്കി മില്‍ ഗയി’ (ഞാനൊരു പെണ്‍കുട്ടിയെ കണ്ടെത്തി) എന്നായിരുന്നു ട്വീറ്റ്. ഇതിന് പിന്നാലെ സല്‍മാന്‍ കാമുകിയെ കുറിച്ചാണ് പറഞ്ഞതെന്നും അദ്ദേഹം വിവാഹം കഴിക്കാന്‍ പോവുകയാണെന്നും ട്വിറ്ററില്‍ സംസാരം ഉയര്‍ന്നു. ആരാണ് ആ പെണ്‍കുട്ടി എന്ന് അറിയാനായിരുന്നു പിന്നെ ട്വിറ്റേറിയന്‍സിന്റെ ആകാംക്ഷ.

‘കാമുകിയെ കുറിച്ച് ഒരു വാക്ക്’ എന്ന് ആരാധകര്‍ സല്‍മാനോട് ട്വിറ്ററില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് വിശദീകരണവുമായി സല്‍മാന്‍ തന്നെ രംഗത്തെത്തി. തന്റെ സഹോദരി അര്‍പ്പിത ഖാന്റെ ഭര്‍ത്താവ് ആയുഷ് ശര്‍മ്മയുടെ അരങ്ങേറ്റ ചിത്രത്തിലേക്ക് നായികയെ കണ്ടെത്തിയതായാണ് താന്‍ പറഞ്ഞതെന്ന് സല്‍മാന്‍ ട്വീറ്റ് ചെയ്തു. മറ്റൊന്നും ചിന്തിച്ച് ആരും വിഷമിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാരിന എന്നാണ് പുതിയ നായികയുടെ പേര്.

സല്‍മാന്‍ഖാന്റെ പിതാവ് സലീംഖാനും ഭാര്യ സല്‍മയും എടുത്തുവളര്‍ത്തിയ മകളാണ് അര്‍പ്പിത. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഫാഷനില്‍നിന്ന് ഉന്നത ബിരുദം നേടിയ അര്‍പിത 2014ലാണ് ആയുഷിനെ വിവാഹം ചെയ്തത്. ന്യൂഡല്‍ഹിയിലെ വ്യവസായിയുടെ മകനായ ആയുഷ് ശര്‍മ്മ ബോളിവുഡ് സ്വപ്നങ്ങള്‍ താലോലിക്കുന്ന വ്യക്തിയാണ്. അത്കൊണ്ട് തന്നെ അരങ്ങേറ്റത്തിന് എല്ലാ സഹായങ്ങളുമായി സല്‍മാന്‍ തന്നെ കൂടെയുണ്ട്.

ലൗരാത്രി എന്നാണ് ചിത്രത്തിന്റെ പേര്. സുല്‍ത്താന്‍ എന്ന ചിത്രത്തിന്റെ സഹസംവിധായകനായ അഭിരാജ് മിനാവലിന്റെ സംവിധാന അരങ്ങേറ്റം കൂടിയാണ് ചിത്രത്തിലൂടെ നടക്കുക. ആയുഷിന് മുമ്പ് നിരവധി താരങ്ങളെ സല്‍മാന്‍ ബോളിവുഡിലേക്ക് കൈപിടിച്ച് കയറ്റിയിട്ടുണ്ട്. സൂരജ് പഞ്ചോളി, സറീന്‍ ഖാന്‍, പുല്‍കിത് സാമ്രാട്ട് എന്നിവരൊക്കെ ഇത്തരത്തില്‍ എത്തിയവരാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ