റിലീസിനായി ഒരുങ്ങുന്ന തന്റെ ചിത്രം ട്യൂബ്‌ലൈറ്റിന്റെ പ്രമോഷൻ തിരക്കുകളിലാണ് നടൻ സൽമാൻ ഖാൻ. ഇതിനിടയിൽ സീ ടിവിയിലെ ഒരു മ്യൂസിക് റിയാലിറ്റി ഷോയിലും സൽമാൻ പങ്കെടുത്തു. സൽമാന്റെ സഹോദരനും നടനുമായ സൊഹെയ്ൽ ഖാനും ഒപ്പമുണ്ടായിരുന്നു. ട്യൂബ്‌ലൈറ്റിൽ ഒരു സൈനികനായി സൊഹെയ്ൽ എത്തുന്നുണ്ട്.

പരിപാടിക്കിടയിൽ ഒരു കുട്ടി മൽസരാർഥി സൽമാനോട് ഒരു ചോദ്യം ചോദിച്ചു- വലിയ ബംഗ്ലാവ് വാങ്ങാൻ പണം ഉണ്ടെങ്കിലും എന്തിനാണ് ഇപ്പോഴും ഫ്ലാറ്റിൽ താമസിക്കുന്നതെന്നായിരുന്നു ചോദ്യം. ഇതിനു താരം നൽകിയ മറുപടി കേട്ടാൽ ആർക്കും സൽമാനോട് ബഹുമാനം തോന്നിപ്പോകും.

”ബാന്ദ്രയിലെ ഫ്ലാറ്റിൽ തന്റെ അച്ഛനും അമ്മയ്കക്കും ഒപ്പം താമസിക്കാനാണ് എനിക്കിഷ്ടം. ആഡംബര ബംഗ്ലാവിൽ താമസിക്കുന്നതിനായി അവരെ ഉപേക്ഷിക്കാൻ തയാറല്ല”-ഇതായിരുന്നു സൽമാൻ ഖാന്റെ മറുപടി. മുംബൈയിലെ ബാന്ദ്രയിലുളള ഗ്യാലക്സി അപ്പാർട്മെന്റിലാണ് സൽമാൻ താമസിക്കുന്നത്.

Salman Khan, tubelight

”ആ കെട്ടിടം ഒരു വലിയ കുടുംബം പോലെയാണ്. ചെറുപ്പത്തിൽ കെട്ടിടത്തിലെ മുഴുവൻ കുട്ടികളും അവിടുത്തെ പൂന്തോട്ടത്തിൽ ഒരുമിച്ച് കളിക്കുമായിരുന്നു. ചിലപ്പോൾ അവിടെതന്നെ കിടന്നുറങ്ങും. അവിടെയുളള എല്ലാ വീടുകളും സ്വന്തം വീടുപോലെയാണ്. സ്വന്തം കുട്ടികളെ പോലെയാണ് എല്ലാവരും കണ്ടിരുന്നത്. ഏതു വീട്ടിൽനിന്നും ഭക്ഷണം കഴിക്കാം. ഞാനിപ്പോഴും ആ ഫ്ലാറ്റിൽ താമസിക്കുന്നതിന്റെ കാരണം എനിക്കൊരുപാട് ഓർമകൾ ആ വീടിനോട് ഉളളതുകൊണ്ടാണെന്നും” സൽമാൻ പറഞ്ഞു.

1962ലെ ഇന്ത്യ-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ട്യൂബ്‌ലൈറ്റ് ചിത്രം ഒരുങ്ങുന്നത്. കബീർ ഖാനാണ് ട്യൂബ്‌ലൈറ്റ് സംവിധാനം ചെയ്യുന്നത്. ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് ഖാനും ട്യൂബ്‌ലൈറ്റിൽ എത്തുന്നുണ്ട്. തൊണ്ണൂറുകൾക്ക് ശേഷം രണ്ട് ഖാൻമാരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ട്യൂബ്‌ലൈറ്റ്. ചൈനക്കാരിയായ സു സുവാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ