തമിഴ് ചിത്രം ‘കാതലനി’ലെ ‘ഉർവശി ഉർവശി’ എന്നു തുടങ്ങുന്ന ഗാനത്തിനൊപ്പം ചുവടുവെയ്ക്കുകയാണ് ബോളിവുഡിന്റെ സ്വന്തം സല്ലുഭായ്. കൂടെ നടനും കൊറിയോഗ്രാഫറുമായ പ്രഭുദേവയും കിച്ച സുദീപും. സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ് സൽമാൻ ഖാന്റെയും പ്രഭുദേവയുടെയും ‘ഉർവശി’ ഗാനം. സൽമാൻ ഖാൻ തന്നെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
മാസ്റ്റർക്കൊപ്പമുള്ള ഡാൻസ് ക്ലാസ്സ് എന്ന ക്യാപ്ഷനോടെയാണ് സൽമാൻ ചിത്രം പങ്കുവച്ചിരിക്കുന്നത്. സൽമാനെയും കിച്ച സുദീപിനെയും ഡാൻസിന്റെ സ്റ്റെപ്പുകൾ പഠിപ്പിക്കുന്ന പ്രഭുദേവയേയും വീഡിയോയിൽ കാണാം. ബോളിവുഡിലെയും തമിഴകത്തെയും കന്നടയിലേയും പ്രിയതാരങ്ങളെ ഒന്നിച്ച് ഒരു ഫ്രെയിമിൽ കണ്ട സന്തോഷത്തിലാണ് ആരാധകരും.
എസ് ശങ്കർ സംവിധാനം ചെയ്ത റൊമാന്റിക് ത്രില്ലർ ചിത്രമാണ് ‘കാതലൻ’. 1994 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ പ്രഭുദേവ, നഗ്മ, വടിവേലു, രഘുവരൻ, ഗിരീഷ് കർണാട് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എ.ആർ. റഹ്‌മാൻ സംഗീതം നിർവ്വഹിച്ച ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എ.ആർ. റഹ്‌മാന് മികച്ച സംഗീത സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരവും ‘കാതലൻ’ നേടി കൊടുത്തു. ‘ഉർവശി’ എന്ന ഗാനത്തിന് പ്രഭുദേവ ഒരുക്കിയ കൊറിയോഗ്രാഫിയും ഏറെ ശ്രദ്ധ നേടിയിരുന്നു.
Read more: സല്ലു ഭായിയുടെ വർക്ക് ഔട്ട് വീഡിയോ കണ്ട് ഞെട്ടി ആരാധകർ