സിനിമാലോകത്തെ നായിമാർക്ക് മേഖലയിൽ അധിക നാൾ നിലനിൽക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. ഒന്നുകിൽ അവർ വിവാഹം ചെയ്‌ത് കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങും അതുമല്ലെങ്കിൽ പുതു മുഖങ്ങൾ അവരുടെ സ്ഥാനം കൈയ്യേറും. എന്നാൽ തങ്ങൾക്ക് ഇഷ്ടമുള്ള കാലമത്രെയും നായക നടന്മാർ മേഖലയിൽ ചുവടുറപ്പിക്കുകയും ചെയ്യും. ‘ധബാങ്ക്’ എന്ന ചിത്രത്തിന്റെ പ്രമോഷൻ സമയത്ത് ഒരു മാധ്യമ പ്രവർത്തകനിൽ നിന്ന് സൽമാൻ ഖാനോട് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ രീതിയെക്കുറിച്ച് ചോദ്യം ഉയർന്നിരുന്നു.
2012ൽ പുറത്തിറങ്ങിയ ചിത്രം ‘ധബാങ്കി’ൽ പുതുമുഖ നായികയായെത്തിയത് സൊനാക്ഷി സിൻഹയാണ്. ഇരുപതുകളുടെ ആദ്യ പാദത്തിലുള്ള സൊനാക്ഷിക്കൊപ്പം ചിത്രത്തിൽ നായകനായെത്തിയത് നാൽപ്പത്തിയഞ്ചു വയസ്സുള്ള സൽമാൻ ഖാനാണ്. ഇന്ന് ഹെഡ്‌ലൈൻസ് ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സൊനാക്ഷി തന്നെ അങ്കിൾ എന്നാണ് ചെറുപ്പകാലത്ത് വിളിച്ചിരുന്നതെന്നു സൽമാൻ പറഞ്ഞു. അതിനെക്കുറിച്ച് എന്താണ് താരത്തിനു പറയാനുള്ളതെന്നും അവതാരകൻ ചോദിച്ചു.
“സൊനാക്ഷിക്കിപ്പോൾ എന്നെ എന്താണ് വിളിക്കേണ്ടതെന്നറിയില്ല അതുകൊണ്ട് ഒന്നും വിളിക്കാറുമില്ല” സൽമാൻ പറഞ്ഞു. താനും നായികമാരും തമ്മിലുള്ള പ്രായ വ്യത്യാസത്തെക്കുറിച്ച് ആലോചിക്കാറുണ്ടെന്നും സൽമാൻ പറഞ്ഞു അതുകൊണ്ടാണ് ഒരുപാടു നാൾ താരം കരീന കപൂറിനൊപ്പം അഭിനയിക്കാതിരുന്നത്. “സൊനാക്ഷിക്ക് 16-17 വയസ്സുള്ളപ്പോൾ മുതൽ എനിക്കറിയാം. കരീനയെ അവരുടെ ഒൻപതു വയസ്സു മുതൽ കാണാൻ തുടങ്ങിയതാണ്. അതുകൊണ്ടാണ് ഞങ്ങൾ ഒന്നിച്ച് അഭിനയിക്കാതിരുന്നത്” സൽമാൻ പറഞ്ഞു.
എന്തുകൊണ്ടാണ് സമ പ്രായക്കാരായ നായികമാർക്കൊപ്പം അഭിനയിക്കാത്തതെന്ന ചോദ്യത്തിന് സിനിമയിലേക്ക് പുതുമുഖങ്ങൾ വരുന്നത് മേഖലക്ക് ഗുണം ചെയ്യുമെന്നായിരുന്നു താരത്തിന്റെ മറുപടി. തനിക്കിപ്പോഴും മാധുരി ദീക്ഷിത്, ശിൽപ ഷെട്ടി എന്നിവർക്കൊപ്പം അഭിനയിക്കുന്നതിൽ പ്രശ്‌നമില്ലെന്നും എന്നാൽ നിർമാതാക്കൾ അത്തരം ചിത്രങ്ങളിലേക്ക് തന്നെ കാസ്റ്റ് ചെയ്യുന്നില്ലെന്നും സൽമാൻ പറഞ്ഞു.
‘കിസി കാ ഭായ് കിസി കി ജാൻ’ ആണ് സൽമാന്റെ പുതിയ ചിത്രം. തന്നേക്കാൾ 25 വയസ്സ് കുറവുള്ള പൂജ ഹെജ്‌ഡെയാണ് ചിത്രത്തിൽ സൽമാന്റെ നായികയായി എത്തുന്നത്.