സല്‍മാന്‍ ഖാന്‍ നായകനാകുന്ന റേസ് 3യിലെ താരനിരയെ ഒടുവില്‍ പ്രഖ്യാപിച്ചു. ആരാധകര്‍ ഊഹിച്ചു കണ്ടുപിടിക്കട്ടെയെന്നു പറഞ്ഞ് ഇത്രയും നാള്‍ അഭിനേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്താതെ സൂക്ഷിക്കുകയായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. സല്‍മാന്‍ ഖാന്റെയും ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റേയും പേരുകള്‍ മാത്രമായിരുന്നു ഇത്രയും നാള്‍ പുറത്തുവിട്ടിരുന്നത്. മുഴുവന്‍ താരങ്ങളുടേയും വിവരങ്ങള്‍ പ്രഖ്യാപിച്ചത് സല്‍മാന്‍ തന്നെയാണ്.

ട്വിറ്ററിലൂടെയായിരുന്നു സല്‍മാന്‍ ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്. ഡെയ്‌സി ഷാ, ബോബി ഡിയോള്‍, സഖിബ് സലീം എന്നിവരും ഈ റെമോ ഡിസൂസ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഇവരെക്കൂടാതെ സിദ്ദാര്‍ത്ഥ് മല്‍ഹോത്ര, കത്രീന കൈഫ് എന്നിവരും ചിത്രത്തിലുണ്ട്. ഇത്രയും താരങ്ങള്‍ ഒന്നിച്ചെത്തുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാകും.

റേസ്, റേസ് 2 എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത് അബ്ബാസ് മസ്താനല്ല മൂന്നാം ഭാഗം സംവിധാനം ചെയ്യുന്നത്. എബിസിഡി, എബിസിഡി2, ഫ്‌ളൈയിംങ് ജറ്റ് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പ്രശസ്ത കൊറിയോഗ്രാഫറും കൂടിയായ റെമോ ഡിസൂസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യ രണ്ടു ചിത്രങ്ങളുടേയും ഭാഗമായ അനില്‍ കപൂര്‍ റേസ് 3യില്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ആയിട്ടില്ല. സിനിമയുടെ ചിത്രീകരണം ഞായറാഴ്ച ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ