100 കോടി ബജറ്റ് പ്രതീക്ഷിക്കുന്ന ചിത്രമാണ് റേസ് 3. സല്മാന് ഖാന്, ബോബി ഡിയോള്‍, ജാക്വിലിന് ഫെര്‍ണാണ്ടസ്, ഡെയ്സി ഷാ, സാഖിബ് സലിം, അനില്‍ കപൂര്‍ തുടങ്ങി വമ്പന്‍ താര നിര തന്നെയാണ് റേസ് 3 ടീമില്‍ അണിനിരക്കുന്നത്. റേസ് 3 ടീം ലേ- ലഡാക്കിലേക്ക് പുറപ്പെട്ടതായാണ് പുതിയ വിവരം. രണ്ട് ദിവസം കശ്മീരില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് സംഘം ലേയിലും ലഡാക്കിലും ചിത്രീകരണത്തിനായി പുറപ്പെട്ടത്.
മോട്ടോ സൈക്കിളിലും ജീപ്പുകളിലുമായാണ് സംഘം യാത്ര തിരിച്ചത്. സല്മാന് ഖാനും ജാക്വിലിനും ആണ് ഒരു ബുള്ളറ്റില്‍ യാത്ര ചെയ്തത്. നിര്‍മ്മാതാവ് രമേഷ് തൗരാനിയും സംവിധായകന് റെമോ ഡിസൂസയും മറ്റൊരു ബുള്ളറ്റിലും പിന്നാലെയുണ്ട്. യാത്രയുടെ വീഡിയോ നടി പകര്‍ത്തിയിട്ടുണ്ട്.
നേരത്തേ ചിത്രീകരണത്തിനിടെ ജാക്വിലിൻ ഫെർണാണ്ടസിന് പരുക്കേറ്റിരുന്നു. കണ്ണിനാണ് നടിക്ക് പരുക്ക് പറ്റിയത്. ചിത്രത്തിന് വേണ്ടി സ്ക്വാഷ് കളിക്കുന്നതിനിടെയായിരുന്നു നടിക്ക് പരുക്കേറ്റത്. ബോൾ ശക്തിയായി കണ്ണിൽ വന്ന് പതിക്കുകയായിരുന്നു. കണ്ണിന് പരുക്കേറ്റ് ഉടനെ കണ്ണിൽ നിന്ന് അമിതമായ രീതിയിൽ രക്തം ഒഴുകി. പിന്നീട് ചികിത്സയ്ക്ക് ശേഷം നടി വീണ്ടും ഷൂട്ടിങ്ങിനെത്തുകയായിരുന്നു.
2008 ലായിരുന്നു റേസ് സീരിയസിലെ ആദ്യചിത്രം പുറത്തുവന്നത്. അനില്‍ കപൂര്‍, സെയ്ഫ് അലി ഖാന്, കത്രീന കെയ്ഫ്, ബിപാഷ ബസു തുടങ്ങിയവരായിരുന്നു സിനിമയിലെ താരങ്ങള്‍. 2013 ല്‍ റേസ് 2 എന്ന പേരില്‍ സിനിമയുടെ രണ്ടാം ഭാഗവും പുറത്തെത്തി.
ആദ്യ സിനിമയെക്കാള്‍ സ്വീകരണമായിരുന്നു രണ്ടാം ഭാഗത്തിന്. ആദ്യ രണ്ട് ഭാഗങ്ങളും വിജയിച്ചതോടെയാണ് മൂന്നാമതായി ഒരു ഭാഗം കൂടി നിര്‍മ്മിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.
ടിപ്സ് ഫിലിംസും സല്മാന് ഖാന് ഫിലിംസും ചേര്‍ന്ന് വിപണിയില്‍ എത്തിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് രമേശ് എസ്.തൗറാണി ആണ്. ബാങ്കോക്കിലും മുംബൈയിലും അബുദാബിയിലുമായി പൂര്‍ത്തീകരിക്കുന്ന റേസിന്റെ മൂന്നാം ലക്കം ഈദിനു റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.