ബോളിവുഡ് നടൻ സൽമാൻ ഖാന് ആരാധികമാർ ഒരുപാടുണ്ട്. പക്ഷേ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നൊരു വീഡിയോ സൽമാന്റെ ആരാധികമാരെ നിരാശപ്പെടുത്തും. സെൽഫിക്കായി അടുത്തെത്തിയ ആരാധികയെ ദേഷ്യത്തോടെ തളളി മാറ്റുന്ന സൽമാൻ ഖാന്രെ വീഡിയോ ആണ് പുറത്തു വന്നിട്ടുളളത്.

സൽമാൻ ഖാൻ നായകനായ ‘ഹം ആപ്കേ ഹേം കോൻ’ എന്ന സിനിമയുടെ 25-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി മുംബൈയിലെ ലിബർട്ടി സിനിമയിൽ സ്പെഷ്യൽ സ്ക്രീനിങ് ഉണ്ടായിരുന്നു. ഇതു കാണാൻ സിനിമയിലെ താരങ്ങളായ സൽമാൻ ഖാനും മാധുരി ദീക്ഷിതും എത്തിയിരുന്നു. സൽമാൻ ഖാനെ കാണാനായി നിരവധി പേരാണ് അവിടെ എത്തിയത്.

ആരാധകരുടെ ഇടയിൽ കൂടി സൽമാൻ ഖാൻ നടന്നു പോകുമ്പോഴാണ് ഒരു ആരാധിക ഫോണുമായി അടുത്തേക്ക് എത്തിയത്. സൽമാനൊപ്പം സെൽഫിയെടുക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ സൽമാൻ സെൽഫിക്ക് തയ്യാറാവാതെ മുന്നോട്ടു നടക്കവേ യുവതി കൈപിടിച്ചു വലിച്ചു. ഇതിൽ കുപിതനായ സൽമാൻ ആരാധികയെ തളളി മാറ്റുകയായിരുന്നു. ഇതിനു പിന്നാലെ സൽമാന്റെ അംഗരക്ഷകർ യുവതിയെ പിന്നിലേക്ക് പിടിച്ചു മാറ്റുകയും ചെയ്തു.

നിലവിൽ ‘ദബാങ് 3’ സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലാണ് സൽമാൻ. സൊനാക്ഷി സിൻഹ, അർബാസ് ഖാൻ, ഡിമ്പിൾ കപാഡിയ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഡിസംബർ 20 നാണ് ചിത്രം റിലീസിനെത്തുകയെന്നാണ് ഇപ്പോഴത്തെ വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook