ഒരു ചോദ്യത്തിനുളള ഉത്തരത്തിനായി വളരെ വർഷങ്ങളായി സൽമാൻ ഖാന്റെ ആരാധകർ കാത്തിരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, എപ്പോഴാണ് സൽമാൻ ഖാൻ വിവാഹം കഴിക്കുക?. പലതവണ സൽമാൻ ഖാൻ ഈ ചോദ്യം നേരിട്ടിട്ടുണ്ട്. പക്ഷേ അപ്പോഴൊക്കെ തനിക്ക് അതിനെക്കുറിച്ച് അറിയില്ലെന്നും ചിലപ്പോൾ അടുത്ത വർഷം നടക്കാം എന്നൊക്കെയായിരുന്നു സൽമാൻ പറഞ്ഞിരുന്നത്.

ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിനിടയിലും സൽമാൻ ഖാനോട് ഈ ചോദ്യം ചോദിച്ചു. അപ്പോൾ സല്ലുവിന്റെ മറുപടി ഇങ്ങനെ: ”എന്റെ വിവാഹം നടക്കാത്തതിൽ ഒരുപാട് പേർക്ക് ആശങ്കയുണ്ട്, അവർ അതിനെക്കുറിച്ച് ചിന്തിക്കുന്നു എന്നു കേൾക്കുമ്പോൾ സന്തോഷമുണ്ട്. പക്ഷേ എന്റെ വിവാഹത്തെക്കുറിച്ച് ആളുകൾ ഇത്രമാത്രം ചിന്തിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ വിവാഹം കഴിക്കുമോ എന്നതിനെക്കുറിച്ച് എനിക്ക് ഉത്തരമില്ല. ചിലപ്പോൾ വിവാഹം കഴിക്കുമായിരിക്കും, ചിലപ്പോൾ ഇല്ലായിരിക്കും. അത് നടക്കുന്നുവെങ്കിൽ നടക്കട്ടെ. നടക്കുന്നില്ലെങ്കിൽ വേണ്ട. ഞാൻ വളരെ വളരെ സന്തുഷ്ടനാണ്. സത്യമായിട്ടും”.

സൽമാൻ ഖാന്റെ വിവാഹംം സംബന്ധിച്ച് പല വാർത്തകളും ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. റൊമാനിയൻ ടിവി അവതാരക ലുലിയ വന്തൂറുമായി സൽമാൻ ഡേറ്റിങ്ങിലാണെന്നും ഇരുവരും ഉടൻ വിവാഹിതരാകുമെന്നുമാണ് പുതിയ റിപ്പോർട്ടുകൾ. സൽമാൻ ഖാനൊപ്പമുളള ലുലിയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മാത്രമല്ല സൽമാന്റെ കുടുംബ ചടങ്ങുകളിലും ലുലിയ പങ്കെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് സൽമാന്റെ പുതിയ ഗേൾഫ്രണ്ടാണ് ലുലിയ എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നത്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണങ്കിലും ബോളിവുഡിന്റെ പ്രിയപ്പെട്ട ബാച്ചിലറാണ് സൽമാൻ ഖാൻ. സല്ലുവിന്റെ ബാച്ചിലർ ജീവിതം കണ്ട് അസൂയപ്പെടുന്നവരും ബോളിവുഡിലുണ്ട്. തന്റെ പുതിയ ചിത്രമായ ടൈഗർ സിന്താ ഹേയുടെ പ്രൊമോഷൻ തിരക്കുകളിലാണ് ഇപ്പോൾ താരം. ഡിസംബർ 22 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ