മനീഷ് ശർമ ചിത്രം ‘ടൈഗർ 3’ യുടെ സെറ്റിൽ വച്ച് ബോളിവുഡ് താരം സൽമാൻ ഖാനു പരിക്കേറ്റു. തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് സൽമാൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ടൈഗർ 3 യുടെ ഷൂട്ടിങ്ങ് വളരെ വിജയകരമായി പുരോഗമിക്കുകയാണ്. എന്നാൽ ലൊക്കേഷൻ എവിടെയാണെന്ന് ഇതുവരെ അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല. എക് താ ടൈഗർ, ടൈഗർ സിന്ദാ ഹേ എന്നിവയ്ക്കു ശേഷം അതേ സീരിസിലൊരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണിത്.
പുറം തിരിഞ്ഞു നിൽക്കുന്ന ചിത്രമാണ് സൽമാൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. തോളിന്റെ പുറകിലായി ഒരു വലിയ ബാൻഡേജ് ഒട്ടിച്ചിരിക്കുന്നതായും കാണാം. “ലോകത്തിന്റെ എല്ലാ ഭാരവും നിങ്ങളുടെ തോളിലാണെന്ന് കരുതുമ്പോൾ, ലോകത്തെ നീക്കിയ ശേഷം, ഒരു അഞ്ചു കിലോ ഡംബലെടുക്കുക. ടൈഗറിനു പരിക്കേറ്റു” എന്നാണ് സൽമാൻ ചിത്രത്തിനൊപ്പം കുറിച്ചത്.
ആരോഗ്യം നേടി പെട്ടെന്നു തന്നെ സുഖമാകട്ടെയെന്നാണ് സൽമാൻ ചിത്രം പങ്കുവച്ചതിനു പിന്നാലെ ആരാധകർ പറയുന്നത്. നല്ലവണ്ണം ശ്രദ്ധിക്കൂ എന്നാണ് ഒരു ആരാധകൻ കുറിച്ചത്. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക സിനിമയെല്ലാം അതു കഴിഞ്ഞാകാം എന്നായി മറ്റൊരു ആരാധകൻ. സൽമാന്റെ ബോഡിഗാർഡായ ഷേര ഇമോജികൾ കമന്റ് ബോക്സിലിട്ട് തന്റെ പിന്തുണയും അറിയിച്ചു.
ദിപാവലി റിലീസായി ടൈഗർ 3 തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതിഥി വേഷത്തിൽ ഷാരൂഖ് ഖാനുമെത്തും. ചിത്രത്തിനായി ഷാരൂഖ് തന്റെ മുടി വളർത്തുകയാണെന്നാണ് റിപ്പോർട്ട്. സിദ്ധാർത്ഥ് ആനന്ദ – ഷാരൂഖ് ചിത്രം പഠാനിലും സൽമാൻ അഭിനയിച്ചിരുന്നു.
കത്രീന കൈഫ്, ഇമ്രാൻ ഹാഷ്മി എന്നിവരും ടൈഗർ 3യിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.