ബോളിവുഡ് നടൻ സല്‍മാന്‍ ഖാന് വധഭീഷണി. ജോധ്പൂരില്‍ വച്ച് സല്‍മാന്‍ ഖാനെ വധിക്കുമെന്ന് അധോലോക നായകനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്നോയിയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. വധഭീഷണിയെ തുടര്‍ന്ന് സല്‍മാൻ ഖാന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ കൊണ്ടുവന്ന ശേഷം തിരികെ പൊലീസ് വാഹനത്തിലേക്ക് കയറ്റുമ്പോഴാണ് താന്‍ ജോധ്പൂരിലുണ്ടെങ്കില്‍ സല്‍മാനെ വധിക്കുമെന്ന് ബിഷ്‌നോയി ഭീഷണി മുഴക്കിയത്. ‘ജോധ്പൂരില്‍ വച്ച് സല്‍മാന്‍ ഖാന്‍ കൊല്ലപ്പെടും. അപ്പോള്‍ അയാള്‍ അറിയും ഞങ്ങള്‍ ആരായിരുന്നുവെന്ന്’ മാധ്യമപ്രവര്‍ത്തകരോട് ബിഷ്‌നോയി പറഞ്ഞു.

സല്‍മാനെ കൊല്ലാനുള്ള ഗുണ്ടാനേതാവിന്റെ താല്‍പ്പര്യത്തെക്കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും സല്‍മാന്റെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും പൊലീസ് കമ്മീഷണര്‍ അശോക് രാത്തോഡ് പറഞ്ഞു.

1998ലെ മാന്‍ വേട്ടക്കേസുമായി ബന്ധപ്പെട്ടാണ് ഭീഷണിയെന്നാണ് സൂചന. കൊലപാതകം, മോഷണം തുടങ്ങി ഇരുപതിലധികം കേസുകള്‍ ബിഷ്നോയിക്കെതിരെ നിലവിലുണ്ട്. പിടിച്ചു പറിയും മോഷണവും വാടകക്കൊലയും ഉള്‍പ്പെടെ ഒട്ടേറെ കേസുകള്‍ ബിഷ്നോയിയുടെയും സംഘാംഗങ്ങളുടെയും പേരിലുണ്ട്. പഞ്ചാബ് രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നടന്ന സമീപകാല കുറ്റകൃത്യങ്ങളിലെല്ലാം ബിഷ്നോയിയുടെ പങ്ക് കുപ്രസിദ്ധമാണ്.

താന്‍ നിരപരാധിയാണെന്നും ഇന്നേവരെ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പൊലീസ് തന്നെ കുടുക്കുകയാണെന്നും പറഞ്ഞു കൊണ്ടാണ് സൽമാൻ ഖാനെതിരെ ഇയാള്‍ വധ ഭീഷണി മുഴക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ