ബോളിവുഡ് താരം സൽമാൻ ഖാന് വധഭീഷണി. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിന്റെ വിചാരണ നടന്നു കൊണ്ടിരിക്കെയാണ് താരത്തിനെതിരെ വധഭീഷണി ഉയർന്നിരിക്കുന്നത്. ഗാരി ഷൂട്ടർ എന്ന വ്യക്തിയാണ്​ സെപ്റ്റംബർ 16 ന് ഫെയ്സ്ബുക്ക് ഗ്രൂപ്പിലൂടെ സൽമാനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്. പഞ്ചാബ് സർവകലാശാലയിലെ സ്റ്റുഡന്റ് യൂണിയനിലെ (SOPU- Student Organisation of Punjab University) അംഗമാണ് ഗാരി ഷൂട്ടർ എന്നാണ് റിപ്പോർട്ട്.

“സൽമാൻ, ഇന്ത്യൻ നിയമത്തിൽ നിന്നും രക്ഷപ്പെടാൻ കഴിയുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടാകും. എന്നാൽ ബിഷ്ണോയ് സമൂഹവും സോപുവും (SOPU) നിങ്ങൾക്ക് വധശിക്ഷ വിധിക്കും. സോപു കോടതിയിൽ നിങ്ങൾ കുറ്റക്കാരനാണ്. പെൺകുട്ടികളെ ബഹുമാനിക്കൂ, മൃഗങ്ങളെ രക്ഷിക്കൂ, മയക്കുമരുന്ന് ഒഴിവാക്കൂ, ദരിദ്രരെ സഹായിക്കൂ.” സൽമാൻ ഖാന്റെ ഫോട്ടോ ഷെയർ ചെയ്തുകൊണ്ടാണ് വധഭീഷണി മുഴക്കിയിരിക്കുന്നത്. ഹിന്ദിയിലാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.

ഈ വെള്ളിയാഴ്ച കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസിന്റെ വാദം കേൾക്കാനായി സൽമാൻ കോടതിയിൽ ഹാജരാവാൻ ഇരിക്കുകയാണ്. 1998 ലാണ് കേസിനു ആസ്പദമായ സംഭവം നടക്കുന്നത്. സൽമാൻ ഖാനും സുഹൃത്തുക്കളും 1998 ഒക്ടോബർ ഒന്നിനു രാത്രിയാത്രയ്ക്കിടെ രണ്ടു മാനുകളെ വെടിവച്ചുകൊന്നെന്നാണു കേസ്. ‘ഹം സാത്ത് സാത്ത് ഹേ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് രാജസ്‌ഥാനിലെ ജോധ്‌പൂരിൽ എത്തിയപ്പോഴാണ് കൃഷ്‌ണമൃഗത്തെ വേട്ടയാടി കൊന്നത്. സൽമാനായിരുന്നു ജിപ്സി ഓടിച്ചിരുന്നത്. മാനുകളുടെ കൂട്ടത്തെ കണ്ടപ്പോൾ വാഹനം നിർത്തി വെടിവയ്ക്കുകയായിരുന്നു. കേസിൽ അഞ്ചു വർഷം തടവിന് ശിക്ഷിക്കപ്പെട്ടെങ്കിലും ഒരാഴ്ചയ്ക്ക് അകത്ത് താരം ജാമ്യത്തിലിറങ്ങുകയായിരുന്നു.

പോസ്റ്റ് വൈറലായതോടെ പൊലീസ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ” പോലീസ് ജാഗ്രതയിലാണ്. അദ്ദേഹം ഇതിനു മുൻപ് വാദം കേൾക്കാനായി ഇവിടെ വന്നപ്പോഴും ശരിയായ സുരക്ഷ ഞങ്ങൾ നൽകിയിരുന്നു. വധഭീഷണിയുടെ സാഹചര്യത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്, ”ഡിസിപി ധർമേന്ദ്ര യാദവ് ഐഎഎൻഎസിനോട് പറഞ്ഞു.

Read more: സെൽഫിയെടുക്കാൻ അടുത്തെത്തിയ ആരാധികയെ തളളിമാറ്റി സൽമാൻ ഖാൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook