കൊറോണ വൈറസ് വ്യാപനം തടയാനായി രാജ്യം ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ ഏറ്റവും ബുദ്ധിമുട്ടിലായിരിക്കുന്നത് ദിവസവേതനക്കാരായ സാധാരണക്കാരാണ്. ബോളിവുഡ് സിനിമാ ഇൻഡസ്ട്രിയിലെ ദിവസവേതതനക്കാരുടെ സ്ഥിതിയും മറ്റൊന്നല്ല. ഉപജീവനം പ്രതിസന്ധിയിലായിരിക്കുന്ന ബോളിവുഡ് ഇൻഡസ്ട്രിയിലെ 24,000 ദിവസവേതന തൊഴിലാളികൾക്ക് സഹായവുമായി സൽമാൻ ഖാൻ. ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എപ്ലോയിസ് സംഘടനയിലെ ആർട്ടിസ്റ്റുകൾക്കാണ് സൽമാൻ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. സംഘടന പ്രസിഡന്റ് ബി എൻ തിവാരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

“സംഘടനയിലെ അംഗങ്ങളായ ദിവസവേതനക്കാരുടെ പ്രശ്നങ്ങളുമായി ഞങ്ങൾ സൽമാൻ ഖാനെ സമീപിച്ചിരുന്നു. അസോസിയേഷനിൽ പെടുന്ന ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന തൊഴിലാളികളുടെ എണ്ണം നൽകണമെന്ന് അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെട്ടു, അത്തരം 25,000 ആർട്ടിസ്റ്റുകൾ ഉണ്ടെന്ന് അറിയിച്ചപ്പോൾ അവരെ സഹായിക്കാമെന്ന് അദ്ദേഹം വാക്കു നൽകുകയായിരുന്നു, അംഗങ്ങളുടെ ലിസ്റ്റ് ഇന്ന് വൈകുന്നേരത്തോടെ ഞങ്ങൾ അദ്ദേഹത്തിന് കൈമാറും,” തിവാരി ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. ദിവസ വേതന തൊഴിലാളികളുടെ പട്ടികയും അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സൽമാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നേരിട്ട് തുക അക്കൗണ്ടിലേക്ക് കൈമാറാനാണ് അദ്ദേഹം തീരുമാനിക്കുന്നതെന്നും തിവാരി പറയുന്നു.

Read more: പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് 25 കോടി സംഭാവന ചെയ്യുമെന്ന് അക്ഷയ് കുമാർ

കൊറോണയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് 25 കോടി സംഭാവന നൽകുമെന്ന് പ്രതിജ്ഞ ചെയ്ത് അക്ഷയ് കുമാറും രംഗത്തെത്തിയിരുന്നു. അക്ഷയ് കുമാറിനെ കൂടാതെ ഹൃത്വിക് റോഷൻ, രജനീകാന്ത്, പ്രഭാസ്, മഹേഷ് ബാബു, പവൻ കല്യാൺ, രാം ചരൺ നിരവധി സെലിബ്രിറ്റികളും സഹായഹസ്തവുമായി എത്തിയിട്ടുണ്ട്.

ദൈനംദിന കൂലിത്തൊഴിലാളികളെ സഹായിക്കാൻ 50 ലക്ഷം രൂപ സംഭാവന നൽകി മുന്നോട്ട് വന്ന സെലിബ്രിറ്റികളിൽ ആദ്യ ആൾ സൂപ്പർ സ്റ്റാർ രജനീകാന്ത് ആണ്. ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപറേഷനിലെ ജീവനക്കാർക്കും മറ്റു കെയർടേക്കേഴ്സിനുമായി എൻ95, എഫ്എഫ്പി3 മാസ്ക്കുകൾ വാങ്ങുകയാണ് ഹൃത്വിക് ചെയ്തത്. അതേസമയം കപിൽ ശർമ 50 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook