ന്യൂഡൽഹി: ആമിർ ഖാൻ ചിത്രങ്ങൾ ചൈനയിൽ തുടർച്ചയായി ഹിറ്റുകളായതോടെ അനുകൂലമായ സാഹചര്യത്തെ ലാക്കാക്കി സൽമാൻ ഖാന്റെ സിനിമയും അതിർത്തികടക്കുന്നു. ഇന്ത്യയിലും പാക്കിസ്ഥാനിലും ബിഗ് ഹിറ്റായി മാറിയ സൽമാന്റെ “ബജ്റംഗി ഭായ്‌ജാൻ” ആണ് ചൈനയിൽ പ്രദർശനത്തിന് ഒരുങ്ങുന്നത്.

ബോളിവുഡ് സിനിമകൾക്ക് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന പ്രധാന ബോക്സ് ഓഫീസുകളിലൊന്നായി ചൈന മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇറോസ് ഇന്റർനാഷണൽ ചൈനയിലെ ഇ സ്റ്റാർസ് ഫിലിംസ് ലിമിറ്റഡുമായി ചേർന്നാണ് ഭജ്റംഗി ഭായ്‌ജാൻ ചൈനയിൽ പ്രദർശിപ്പിക്കുന്നത്. മാർച്ച് രണ്ടിന് ചിത്രം റിലീസ് ചെയ്യും.

ചൈനീസ് ഭാഷയിലേക്ക് ഡബ്ബ് ചെയ്ത ശേഷം ചൈനയിലെ 8000 തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യിക്കാനാണ് തീരുമാനം. ഇതിന്റെ പ്രചാരണത്തിനായി ഭജ്റംഗി ഭായ്ജാന്റെ ഔദ്യോഗിക ചൈനീസ് പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.

കാബിർ ഖാൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഹർഷാലി മൽഹോത്ര, നവാസുദ്ദീൻ സിദ്ദിഖി, കരീന കപൂർ എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പാക്കിസ്ഥാൻ സ്വദേശിനിയായ ആറ് വയസുകാരിയെ അവളുടെ ജന്മനാട്ടിലേക്ക് എത്തിക്കാൻ ഹനുമാൻ ഭക്തനായ സൽമാൻ ഖാന്റെ കഥാപാത്രം നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ കഥ.

ദംഗലിന് പിന്നാലെ ആമിർ ഖാന്റെ സീക്രട്ട് സൂപ്പർസ്റ്റാറും ചൈനയിൽ ബംപർ ഹിറ്റിലേക്ക് മാറുകയാണ്. ആദ്യ രണ്ട് ദിവസങ്ങളിൽ നിന്ന് മാത്രം 110 കോടിയാണ് ചിത്രം ചൈനയിൽ കളക്ട് ചെയ്തത്. 2015 ൽ ഇന്ത്യയിൽ റിലീസ് ചെയ്ത ഭജ്റംഗി ഭായ്ജാൻ, ആമിർ ഖാൻ ചിത്രമായ പികെയുടെയും മറ്റൊരു ബോളിവുഡ് ചിത്രം ഹാപ്പി ന്യൂ ഇയറിന്റെയും ആദ്യ ആഴ്ചയിലെ കളക്ഷൻ റെക്കോർഡ് തകർത്ത ചിത്രമാണ്. 300 കോടിയാണ് ആഭ്യന്തര വിപണിയിൽ നിന്ന് മാത്രം ചിത്രം നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ