സൽമാൻ ഖാൻ നായകനായ’ഖാമോഷി'(1996) എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധായകനായി സഞ്ജയ് ലീലാ ബൻസാലിയുടെ സിനിമാ അരങ്ങേറ്റം. സഞ്ജയ് ലീലാ ബൻസാലിയുടെ രണ്ടാമത്തെ സംവിധാനസംരംഭമായ ‘ഹം ദിൽ ദേ ചുകെ സനം’ (1999) എന്ന ചിത്രത്തിലും സൽമാൻ തന്നെയായിരുന്നു നായകൻ. 20 വർഷങ്ങൾക്കു ശേഷം തന്റെ ആദ്യനായകനൊപ്പം വീണ്ടുമൊരു സിനിമയുമായെത്തുകയാണ് സഞ്ജയ് ലീലാ ബൻസാലി.
ഒരു ലവ് സ്റ്റോറിയുമായാണ് ബൻസാലിയും സൽമാനും ഇത്തവണയുമെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. 2007 ൽ റിലീസിനെത്തിയ രൺബീർ കപൂർ നായകനായ ‘സാവരിയ’യിലും അതിഥി വേഷത്തിൽ സൽമാൻ എത്തിയിരുന്നു.
“എന്താണ് സഞ്ജയ് ലീലാ ബൻസാലിയുടെ അടുത്ത ചിത്രമെന്ത് എന്നത് എപ്പോഴും കൗതുകമുളവാക്കുന്ന ഒന്നാണ്. തന്റെ പിറന്നാൾ ദിനത്തിൽ ആരാധകരുടെ അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ട് സഞ്ജയ് ലീലാ ബൻസാലി തന്റെ പുതിയ ചിത്രം അനൗൺസ് ചെയ്തിരിക്കുകയാണ്. 19 വർഷങ്ങൾക്കു മുൻപ് ‘ഹം ദിൽ ദെ ചുകെ സനം’ എന്ന ചിത്രം സൃഷ്ടിച്ച മാജിക് വീണ്ട് ആവർത്തിക്കാൻ അവർ വീണ്ടുമൊന്നിക്കുകയാണ്. ‘ഹം ദിൽ ദെ ചുകെ സനം’ എന്ന ചിത്രത്തിനു ശേഷം മറ്റൊരു പ്രണയകഥയുമായി സൽമാൻ ഖാനും സഞ്ജയ് ലീലാ ബൻസാലിയും വീണ്ടുമെത്തുന്നു,” ബൻസാലി പ്രൊഡക്ഷൻസിന്റെ സിഇഒ പ്രേർനാ സിംഗ് പത്രക്കുറിപ്പിൽ പറയുന്നു.
ട്രേഡ് അനലിസ്റ്റായ തരൺ ആദർശും സഞ്ജയ് ലീലാ ബൻസാലിയും സൽമാനും ഒരുമിക്കുന്ന വിവരം ട്വിറ്ററിലൂടെ പങ്കുവെയ്ക്കുന്നുണ്ട്.
#BreakingNews: Sanjay Leela Bhansali & Salman Khan reunite after 19 year for a love story… The film is set to go on floors soon.
— taran adarsh (@taran_adarsh) February 23, 2019
സെപ്തംബർ മാസത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2020 ലാവും തിയേറ്ററുകളിലെത്തുക. ‘ധബാങ്ക് 3’യുടെ ഷൂട്ടിംഗ് കഴിഞ്ഞതിനു ശേഷമാവും സഞ്ജയ് ബൻസാലി ചിത്രത്തിൽ സൽമാൻ ജോയിൻ ചെയ്യുക എന്നാണ് റിപ്പോർട്ട്. ചിത്രത്തിലെ നായികയടക്കമുള്ള താരങ്ങളുടെ കാര്യത്തിൽ തീരുമാനമാവുന്നതേയുള്ളൂ. ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത് സഞ്ജയ് ലീലാ ബൻസാലി തന്നെയാണ്.
Read more: സൽമാൻ ഖാൻ സ്ക്രീനിൽ നായികമാരെ ചുംബിക്കാത്തത് എന്തുകൊണ്ട്?, രഹസ്യം വെളിപ്പെടുത്തി സഹോദരൻ
‘ഭാരത്’ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് സൽമാൻ ഖാൻ ഇപ്പോൾ. കത്രീന കൈഫ്, സുനിൽ ഗോവർ, താബു, ദിശാ പഠാണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അലി അബ്ബാസ് സഫർ ആണ് ‘ഭാരത്’ എന്ന ചിത്രത്തിന്റെ സംവിധായകൻ. ‘ടൈഗർ സിന്ദാ ഹെ’ എന്ന ചിത്രത്തിനു ശേഷം അലി അബ്ബാസ് സഫർ- സൽമാൻ ഖാൻ- കത്രീന കൈഫ് ടീം വീണ്ടുമൊന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഭാരതി’നുണ്ട്. സല്‍മാനും സഫറും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘ഭാരത്’. ‘സുല്‍ത്താന്‍’, ‘ടൈഗര്‍ സിന്ദാ ഹെ’ എന്നിവയായിരുന്നു മുൻപ് ഈ കൂട്ടുക്കെട്ടിൽ പിറന്ന ഹിറ്റ് ചിത്രങ്ങൾ. നേരത്തെ പ്രിയങ്ക ചോപ്രയെ ആയിരുന്നു ചിത്രത്തിൽ നായികയായി തീരുമാനിച്ചിരുന്നത്. എന്നാൽ നിക്ക് ജോൺസുമായുള്ള വിവാഹനിശ്ചയത്തെ തുടർന്ന് പ്രിയങ്ക ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു.
2014 ൽ പുറത്തിറങ്ങിയ ദക്ഷിണകൊറിയൻ സിനിമയായ ‘ഓഡ് റ്റു മൈ ഫാദർ’ എന്ന ചിത്രത്തിന്റെ പരിഭാഷയാണ് ‘ഭാരത്’ എന്നും റിപ്പോർട്ടുകൾ ഉണ്ട്. 1947ലെ ഇന്ത്യ വിഭജകാലത്ത് നടന്ന സംഭവങ്ങളാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നതതെന്നും ഒപ്പും വിഭജനാനന്തര ഇന്ത്യയുടെ 70 വര്‍ഷം കാലയളവിലുള്ള സംഭവങ്ങളും ചിത്രം പറഞ്ഞുപോകുന്നുണ്ടെന്നാണ് ബോളിവുഡിൽ നിന്നും വരുന്ന റിപ്പോർട്ട്. ഒരു മനുഷ്യന്റെയും ജനതയുടെയും ഒരുമിച്ചുള്ള യാത്ര, എന്നാണ് ചിത്രത്തെ സംവിധായകൻ അലി അബ്ബാസ് സഫർ വിശേഷിപ്പിക്കുന്നത്.
മുംബൈ, ഡൽഹി, അബുദാബി, സ്പെയിൻ, മാൾട്ട എന്നിവിടങ്ങളിലാണ് ‘ഭാരത്’ ചിത്രീകരിക്കുന്നത്. ദിശ പടാനി, സുനിൽ ഗ്രോവർ, ജാക്കി ഷ്‌റോഫ്, താബു, മാനവ് വിജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുണ്ട്. അതുൽ അഗ്നിഹോത്രിയുടെ റീൽ ലൈഫ് പ്രൊഡക്ഷൻ പ്രൈവറ്റ് ലിമിറ്റഡും ഭൂഷൺ കുമാറിന്റെ ടി സീരീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജൂൺ അഞ്ചിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.