മലയാള സിനിമ പ്രേമികളുടെ പ്രിയ നടൻ സലിംകുമാറിന്റെ 24ാം വിവാഹവാർഷികമാണ് ഇന്ന്. വിവാഹ വാർഷിക വേളയിൽ ഭാര്യ സുനിതയ്ക്ക് നന്ദി പറയുകയാണ് പ്രിയ താരം. ജോലിയൊന്നുമില്ലാതിരുന്ന ഈ മിമിക്രികലാകാരനെ വിവാഹം കഴിക്കാൻ തീരുമാനിച്ച ഈ സ്ത്രീയുടെ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സെന്ന് സലിം കുമാർ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

“കല്യാണം കഴിക്കുന്നുണ്ടെങ്കിൽ, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രി കാരനെ മാത്രമായിരിക്കും ” എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂർത്തീകരിക്കുകയാണ്. ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാൻ തുനിഞ്ഞ എന്നെ ഇവിടെ പിടിച്ചു നിർത്തിയതും ഇവരുടെ മറ്റൊരു ദൃഢനിശ്ചയം തന്നെ. എങ്ങനെ നന്ദി പറയണം എന്നറിയില്ല.. ആഘോഷങ്ങൾ ഒന്നുമില്ല.. എല്ലാവരുടെയും പ്രാത്ഥനകൾ ഉണ്ടാകും എന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം സലിംകുമാർ,” സലിം കുമാർ കുറിച്ചു.

1996 സെപ്തംബർ 14നായിരുന്നു സലിം കുമാറിന്റെ വിവാഹം. ചന്തു, ആരോമൽ എന്നിങ്ങനെ രണ്ടുമക്കളും ഈ ദമ്പതികൾക്കുണ്ട്. 23ാം വിവാഹ വാർഷിക ദിനത്തിലും പ്രിയപ്പെട്ടവളുടെ കാത്തിരിപ്പാണ് തന്നെ ഐസിയുവിൽ നിന്ന് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നതെന്ന് ഹൃദയസ്പർശിയായ കുറിപ്പിൽ സലിം കുമാർ വ്യക്തമാക്കിയിരുന്നു.

Read More: എങ്കിൽ ഞങ്ങളൊരു അവധിക്കാലം ആഘോഷിച്ച് വരാം; നയൻസിനൊപ്പം വിഘ്നേഷ്

മിമിക്രിയിലൂടെ സിനിമാ രംഗത്തെത്തി, മലയാള പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് സലിം കുമാർ. സലിംകുമാർ തന്റെ മിമിക്രി ജീവിതം ഇ ആരംഭിച്ചത് കൊച്ചിൻ കലാഭവനിലാണ്. പിന്നീട് ഇദ്ദേഹം കൊച്ചിൻ സാഗർ എന്ന മിമിക്രി ഗ്രൂപ്പിൽ ചേർന്നു. ഏഷ്യാനെറ്റിൽ മുൻപ് പ്രക്ഷേപണം ചെയ്തിരുന്ന കോമിക്കോള എന്ന പരിപാടിയിൽ ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

ഇഷ്ടമാണ് നൂറു വട്ടം എന്ന സിനിമയാണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം. സിദ്ധിക്ക് ഷമീറായിരുന്നു ഈ സിനിമയുടെ സം‌വിധായകൻ. പിന്നീട് ഒട്ടേറെ സിനിമകളിലെ ഹാസ്യനടനായുള്ള റോളുകൾ ഇദ്ദേഹത്തെ തേടി വന്നു. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായകനടനെ അഭിനയിച്ചു ഫലിപ്പിച്ചുകൊണ്ട് ഇദ്ദേഹം പിന്നീട് തനിക്ക് സ്വഭാവറോളുകളും ഇണങ്ങുമെന്ന് തെളിയിച്ചു. ലാൽ ജോസിന്റെ ഈ ചിത്രത്തിലെ അഭിനയത്തിന്, സലീം കുമാറിന് 2007-ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന പുരസ്കാരം ലഭിച്ചു.

ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലെ അഭിനയത്തിനു 2010ലെ മികച്ച നടനുള്ള ദേശീയപുരസ്കാരവും മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook