Salim Kumar Interview: ചിരി ഒരു ഔഷധമാണ്. സമൂഹമാധ്യമങ്ങളിലെ ട്രോൾ ഗ്രൂപ്പുകളിലൂടെ ഒരോട്ട പ്രദക്ഷിണം നടത്തുമ്പോൾ ആ വാക്കുകൾ വെറുതെയല്ലെന്ന് ബോധ്യമാവുകയും ചെയ്യും. ട്രോളുകളും സിനിമാ ഡയലോഗുകളും ഡബ്ബ് മാഷുകളുമെല്ലാമായി സമൂഹമാധ്യമങ്ങളിൽ ചിരിയുടേതായ ഒരു തുരുത്തുണ്ട്.
സംഘർഷഭരിതമായ ലോകത്തു കഴിയുന്ന മനുഷ്യർക്ക് ചുണ്ടിലൊരു നറുച്ചിരി സമ്മാനിക്കുന്ന ചിരിതുരുത്ത്. ആ തുരുത്തിനൊരു രാജാവുണ്ടെങ്കിൽ മലയാളികൾക്ക് അത് സലിം കുമാറാണ്. ട്രോളന്മാരുടെ പ്രിയങ്കരൻ. ട്രോളന്മാർ ഏറ്റവും കൂടുതൽ ആഘോഷിച്ച താരവും ചിലപ്പോൾ സലിം കുമാർ ആവും. മികച്ച നടനുള്ള ദേശീയ പുരസ്കാരം വരെ സ്വന്തമാക്കിയ സലിം കുമാർ എന്ന അഭിനയപ്രതിഭയെ മലയാളികൾ സ്നേഹത്തോടെ ചേർത്തുപിടിക്കുന്നത് അയാൾ എക്കാലത്തേക്കുമായി തന്ന നിരവധി ചിരി മുഹൂർത്തങ്ങളുടെ കൂടെ പേരിലാണ്.
” ഒരു സിനിമ തരുന്നതിനേക്കാളും കൂടുതൽ ചിരിയൊക്കെ ചിലപ്പോൾ ഒരൊറ്റ ട്രോൾ തരാറുണ്ട്,” ട്രോളുകളെ കുറിച്ചും സമൂഹമാധ്യമങ്ങളിലെ ട്രോൾ ആഘോഷങ്ങളെ കുറിച്ചുമൊക്കെ സലിം കുമാർ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് സംസാരിക്കുന്നു.
ട്രോളന്മാർ ഏറ്റവും കൂടുതൽ ആഘോഷിച്ച താരങ്ങളിൽ ഒരാൾ ചിലപ്പോൾ താങ്കളാവും. എന്തുകൊണ്ടാവും അങ്ങനെയെന്ന് ആലോചിച്ചിട്ടുണ്ടോ?
ഞാനാലോചിച്ചിട്ടുണ്ട്, അവരോട് തന്നെ അതിനെ കുറിച്ച് ചോദിച്ചിട്ടുമുണ്ട്. നമ്മളൊരു ഡയലോഗ് പറയുമ്പോൾ അതിന്റെ ഭാവം കൃത്യമായി മുഖത്തു വരണം. അത് നന്നായി വരുന്നതുകൊണ്ടാണ് എന്റെ ചിത്രങ്ങൾ ട്രോളുകളിൽ കൂടുതലായി ഉപയോഗിക്കുന്നതെന്നാണ് അവർ പറഞ്ഞത്. അതാവാം കാരണമെന്നാണ് ഞാനും കരുതുന്നത്. ആദ്യം എന്റെ ചിത്രങ്ങൾ വെച്ചുള്ള ട്രോളുകൾ വാട്സ് ആപ്പിലൊക്കെ വരുമ്പോൾ സന്തോഷവും കൗതുകവുമൊക്കെ തോന്നുമായിരുന്നു. ഇപ്പോൾ കണ്ട് കണ്ട് അത് ഞാനല്ല, വേറെ ഏതോ ആളാണെന്നാണ് തോന്നുന്നത്.
ഒരു ദിവസം ഞാനൊരു ട്രോൾ വീഡിയോ കണ്ടു കൊണ്ടിരിക്കുകയാണ്. രജനീകാന്തിനെ കുറിച്ചൊക്കെയുള്ള ഒരു ട്രോളാണ്. കണ്ടുകൊണ്ടിരിക്കുമ്പോൾ, മറ്റേ ആളെ കണ്ടില്ലല്ലോ, ഈ ട്രോളിൽ മാത്രം അയാളെ കാണുന്നില്ലല്ലോ എന്നൊക്കെ മനസ്സിലിങ്ങനെ ഓർത്തിരിക്കുകയാണ്. പെട്ടെന്ന് സ്ക്രീനിൽ എന്റെ മുഖം വന്നു. ആഹാ! ആള് വന്നല്ലോ എന്നാണ് അറിയാതെ പറഞ്ഞുപോയത്. മറ്റൊരാളായി നിന്ന് നമ്മൾ നമ്മളെ കാണുന്നത് രസകരമായൊരു അനുഭവമാണ്. അങ്ങനെ കാണുമ്പോഴേ മനസ്സു തുറന്ന് ചിരിക്കാനും ആസ്വദിക്കാനും കഴിയൂ.
താങ്കളെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച ട്രോളുകൾ?
അയ്യോ, അങ്ങനെ എടുത്തു പറയാൻ കഴിയില്ല, ഒരുപാടുണ്ട്. നമ്മുടെ ട്രോളന്മാരെ സമ്മതിക്കണം. അഞ്ചു പൈസയുടെ ലാഭമില്ല അവർക്ക് ഈ ട്രോൾ ഇറക്കിയതുകൊണ്ട്. പക്ഷേ അപാരമായ ക്രിയേറ്റിവിറ്റിയാണ് പലപ്പോഴും. ഒരു സിനിമ തരുന്നതിനേക്കാളും കൂടുതൽ ചിരിയൊക്കെ ചിലപ്പോൾ ഒരൊറ്റ ട്രോൾ തരാറുണ്ട്.
ട്രോൾ മെമുകൾക്ക് ഏറ്റവും സംഭാവന നൽകിയ താരവും താങ്കളാവും. ഇപ്പോൾ അഭിനയിക്കുമ്പോൾ, ട്രോളാവാൻ സാധ്യതയുള്ള ഡയലോഗുകളൊക്കെ മുൻകൂട്ടി മനസ്സിലാക്കാൻ സാധിക്കാറുണ്ടോ?
ഇതുകണ്ട് പ്രേക്ഷകൻ ചിരിക്കും എന്ന് നമ്മളുദ്ദേശിക്കുന്ന കാര്യത്തിനല്ല പലപ്പോഴും ഓഡിയൻസ് ചിരിക്കുന്നത്. അതാണ് ഏറ്റവും വലിയ തമാശ. അടുത്തിടെ വന്ന പടങ്ങളിൽ ഞാനത് അരക്കിട്ടുറപ്പിച്ചു. ഇതിന് ജനം ഉറപ്പായും ചിരിക്കും എന്നു വിചാരിക്കുന്നിടത്ത് ചിലപ്പോൾ ചിരി വീഴില്ല. നമ്മുടെ ജഡ്ജ്മെന്റ് ശരിയല്ലെന്ന് തോന്നുന്ന നിമിഷങ്ങളാണത്. ഒട്ടും പ്രതീക്ഷിക്കാത്ത രംഗങ്ങളിലാവും ആളുകൾ ചിരിക്കുക.
ഡബ്ബിംഗ് സമയത്ത് വെറുതെ ടൈം ഫിൽ ചെയ്യാൻ കയ്യിൽ നിന്നെടുത്തിടുന്ന ഡയലോഗുകളൊക്കെ പിന്നീട് സൂപ്പർ ഹിറ്റാവുന്നത് കണ്ട് അമ്പരന്ന് ഇരുന്നിട്ടുണ്ട്. ശശി എന്ന പേര് കോമഡിയായത് ‘ചതിക്കാത്ത ചന്തു’ എന്ന സിനിമയോടെയാണ്. ഈ രാജാവിന്റെ പേരെന്താണ്? എന്നു ചോദിക്കുമ്പോൾ ശശി, തിരുവിതാംകൂർ രാജാവ് എന്നൊക്കെ അപ്പോൾ കയ്യിൽ നിന്ന് എടുത്തിട്ടതാണ്.
അതുപോലെ, ‘നരൻ’ എന്ന ചിത്രത്തിൽ വഞ്ചിയിൽ പോവുമ്പോൾ ‘വിൻഡോ സീറ്റിലിരിക്കാം’ എന്നു പറയുന്നത്. വഞ്ചിയിൽ എന്ത് വിൻഡോ സീറ്റ്, വിൻഡോ സീറ്റിനോടുള്ള മലയാളികളുടെ ഒരിഷ്ടം ഒക്കെയോർത്ത് വെറുതെ ഡബ്ബിംഗ് സമയത്ത് പറഞ്ഞതാണ്. പലരും പിന്നീട് ആ ഡയലോഗിനെ കുറിച്ച് എന്നോട് സംസാരിച്ചിട്ടുണ്ട്.
കേരളത്തിലെ ട്രോളന്മാരോട് എന്താണ് പറയാൻ ഉള്ളത്?
അവർ അവരുടെ കാര്യങ്ങൾ മനോഹരമായി ചെയ്യുന്നുണ്ട്, പ്രത്യേകിച്ചൊന്നും പറയേണ്ടതില്ല. നമ്മൾ അവർക്ക് പുതിയ ഭാവങ്ങളും മെമുകളും കൊടുത്തു കൊണ്ടിരിക്കുന്നു. അവരുടെ പണി അവർ മനോഹരമായി ചെയ്തോളും. എന്നെ പല ട്രോളന്മാരും വിളിച്ചു പറയാറുണ്ട്, പല നടീനടന്മാരും ട്രോളുകൾ ചെയ്യാൻ അവരുടെ അടുത്ത് റിക്വസ്റ്റ് ചെയ്യാറുണ്ടെന്ന്. ട്രോളന്മാർക്കും ആഗ്രഹമുണ്ട് പുതിയ മുഖങ്ങളൊക്കെ പരീക്ഷിക്കാൻ. പക്ഷേ പലതും അങ്ങ് മാച്ചാവുന്നില്ലത്രേ. “മറ്റൊന്നും വെച്ചിട്ട് ഞങ്ങൾക്ക് തൃപ്തി വരുന്നില്ല ചേട്ടാ,” എന്നാണ് പൊലീസ് ട്രോളന്മാർ എന്നോട് പറഞ്ഞത്.
ട്രോളുകളിൽ മാത്രമല്ല, ഡബ്ബ്മാഷ് വീഡിയോകളിലും താങ്കളുടെ സിനിമാരംഗങ്ങൾക്ക് ആരാധകർ ഏറെയാണ്. സലിം കുമാർ സ്പെഷ്യൽ ഡബ്ബ് മാഷ് വീഡിയോകളിൽ എക്സ്പേർട്ട് ആയവരുണ്ട്, സൗഭാഗ്യ വെങ്കിടേഷിനെ പോലെയൊക്കെയുള്ളവർ? അവയൊക്കെ ശ്രദ്ധിക്കാറുണ്ടോ?
ഞാൻ കാണാറുണ്ട്. സൗഭാഗ്യയുടെ ഡബ്ബ് മാഷുകളും കണ്ടിട്ടുണ്ട്. ആ കുട്ടി നന്നായി ചെയ്യുന്നുണ്ട്, മിടുക്കിയാണ്. സൗഭാഗ്യ മാത്രമല്ല, ഒരുപാട് പേർ നന്നായി ചെയ്യുന്നുണ്ട്. പുതിയ തലമുറയിലെ കുട്ടികളും എന്റെ രംഗങ്ങളൊക്കെ ഡബ്ബ്മാഷ് ചെയ്യുന്നത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്.
മലയാളി ഏറ്റവും കൂടുതൽ നിത്യജീവിതത്തിൽ എടുത്തുപയോഗിക്കുന്ന ചലച്ചിത്ര സംഭാഷണങ്ങളിലും താങ്കളുടെ സംഭാവനകൾ ഏറെയാണ്. ‘ഇനി ശരിക്കും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ’ തുടങ്ങിയ ഡയലോഗുകൾ… അതെന്തുകൊണ്ടാവും എന്നാണ് തോന്നുന്നത്?
ജീവിതവുമായി ബന്ധമുള്ളതു കൊണ്ടാവും എന്നു കരുതുന്നു. നമ്മൾ നിത്യേന കാണുന്ന പ്രവർത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, വളരെ ലളിതമായ സംഭാഷണങ്ങൾ അതൊക്കെ ആളുകൾ എപ്പോഴും ഓർക്കും. ‘ഇനി ശരിക്കും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ…’ എന്ന സംഭാഷണം പോലും, മലയാളികളുടെ പൊതുവായ മനസ്സും വിശ്വാസവും ഉണ്ടതിൽ. ‘ഇനി ഉണ്ടെങ്കിലോ’ – അതൊരു സാധ്യതയാണ്. പണ്ട് ഞാൻ, റേഡിയോയ്ക്ക് മുന്നിൽ അവാർഡ് പ്രഖ്യാപിക്കുന്ന ന്യൂസുകളൊക്കെ കേൾക്കാനിരിക്കും. എന്തിന്, നമ്മുടെ സിനിമകളൊന്നും ഇല്ല, ആ ലിസ്റ്റിൽ വരാൻ പോലും ഒരു സാധ്യതയുമില്ല, എന്നാലും നമുക്ക് വല്ലതും ഉണ്ടോ എന്നൊരു ആകാംക്ഷയാണത്. മനുഷ്യസഹജമാണ് അത്.
മറ്റൊരു ഉദാഹരണം പറഞ്ഞാൽ, നമ്മളൊരു മത്സരത്തിനു ചേർന്നു. നമ്മൾ ജയിക്കില്ലെന്ന് നാട്ടുകാർക്ക് മുഴുവൻ അറിയാം, നമുക്കും അറിയാം… എന്നാലും ജയിച്ചാലോ… അങ്ങനെയാണ് ചിന്തിക്കുക. ജീവിതവുമായി ബന്ധമുള്ള ഡയലോഗുകളെ ആളുകൾ ഓർത്തു വെയ്ക്കൂ. ‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ’, ‘കല്യാണം കലക്കാൻ പോകുമ്പോൾ കാഴ്ചയിൽ മാന്യനെന്നു തെറ്റിദ്ധരിക്കുന്ന ഒരുത്തൻ വേണം’ അങ്ങനെ കുറേ ഡയലോഗുകളുണ്ട്.
സിനിമയ്ക്ക് അപ്പുറം ഈ ഡയലോഗുകൾ താങ്കൾക്ക് എപ്പോഴെങ്കിലും ജീവിതത്തിൽ എടുത്തു പ്രയോഗിക്കേണ്ടി വന്നിട്ടുണ്ടോ?
ഞാൻ പറഞ്ഞിട്ടില്ല, പക്ഷേ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എന്നോട് കുറേ വക്കീലന്മാർ പറഞ്ഞിട്ടുണ്ട്, അവരുടെ നാഷണൽ ആന്തം പോലുള്ള ഡയലോഗാണ് ‘ലുക്കില്ലെന്നെ ഉള്ളൂ, ഭയങ്കര ബുദ്ധിയാണെന്ന’ത്. 90 ശതമാനം ലുക്കില്ലാത്ത വക്കീലന്മാരും തമാശയ്ക്ക് വേണ്ടിയെങ്കിലും അവരുടെ സുഹൃത്തുക്കളുടെ അടുത്തെങ്കിലും പറഞ്ഞിട്ടുള്ള ഡയലോഗാവും ഇത്.
സലിം കുമാറുമായുള്ള അഭിമുഖം, അടുത്ത ഭാഗം ഇവിടെ വായിക്കാം: സിനിമ തന്ന ജീവിതം; സലിം കുമാർ സംസാരിക്കുന്നു