സലീംകുമാര്‍ സംവിധാനം ചെയ് ദൈവമെ കൈ തൊഴാം കെ കുമാറാകണം എന്ന സിനിമയില്‍നിന്ന് സെന്‍സര്‍ ബോര്‍ഡ് പശുവിന്റെ ദൃശ്യങ്ങള്‍ നീക്കം ചെയ്യിപ്പിച്ചു. വര്‍ഗീയതയുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് വളരെ സ്വാഭാവികമായി ഒരു പശുവിനെ കാണിക്കുന്ന രംഗം സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതെന്ന് സലീംകുമാര്‍ പറഞ്ഞു.

സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ കോടതിയില്‍ പോയാല്‍ അത് റിലീസിംഗിനെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞ രംഗങ്ങള്‍ ഒഴിവാക്കിയാണ് സിനിമ റിലീസ് ചെയ്തത്. ഒരു കാര്യത്തെയും വിമര്‍ശിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ് ഇപ്പോഴെന്നും സലീംകുമാര്‍ പറയുന്നു.

‘ഒഴിവാക്കിയാലും സിനിമയെ വല്ലാതെയൊന്നും ബാധിക്കാത്ത രംഗമാണ്. അതുകൊണ്ട് ഒഴിവാക്കി. നിയമനടപടിക്കൊരുങ്ങിയാല്‍ അത് സിനിമയുടെ റിലീസിംഗിനെ ബാധിക്കും. ഇന്ന് ചിത്രം റിലീസ് ചെയ്തു. നല്ല അഭിപ്രായങ്ങളാണ് കേള്‍ക്കുന്നത്. ആക്ഷേപഹാസ്യ ചിത്രമാണ് ദൈവമേ കൈതൊഴാം K.കുമാറാകണം. അത്തരം ഒരു രംഗം തന്നെയായിരുന്നു പശുവിനെ വച്ച് ചിത്രീകരിച്ചത്. അതുപക്ഷെ വര്‍ഗീയതയുണ്ടാക്കും എന്നാണ് പറയുന്നത്. ഒരു മലയാള സിനിമയാണിത്. കേരളം സമ്പൂര്‍ണ സാക്ഷരത നേടിയ ഒരു സംസ്ഥാനമാണ്. അങ്ങനെയൊരു നാടിനെ വിലകുറച്ചു കാണുന്ന തരത്തിലൊരു നടപടിയായിപ്പോയി. വന്ന് വന്ന് ഒന്നിനേയും വിമര്‍ശിക്കാന്‍ പാടില്ലെന്ന അവസ്ഥായായി.’ സലിം കുമാര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോടു പറഞ്ഞു.

ഇനി മുതല്‍ സിനിമയെടുക്കുമ്പോള്‍ എന്തെല്ലാം ചെയ്യണം ചെയ്യരുതെന്നൊക്കെ ഇങ്ങനെ പറഞ്ഞു തുടങ്ങിയാല്‍ അത് സിനിമയെ ആണ് ബാധിക്കുകയെന്നും സലിം കുമാര്‍ പറഞ്ഞു. ആവിഷ്‌കാരസ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നതിന്റെ അങ്ങേയറ്റമാണിതെന്നും അദ്ദേഹം പ്രതികരിച്ചു. ചിത്രത്തിലെ ഒരു രംഗത്തില്‍ സലിംകുമാര്‍ ബോബി ചെമ്മണ്ണൂരിനോട് സാദൃശ്യം തോന്നുന്ന രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അദ്ദേഹത്തെ തന്നെയാണോ കാണിക്കാന്‍ ശ്രമിച്ചതെന്ന ചോദ്യത്തിന് അങ്ങിനെ നിങ്ങള്‍ക്ക് തോന്നിയെങ്കില്‍ അല്ലെന്നു ഞാന്‍ പറയില്ല എന്നായിരുന്നു സലിം കുമാറിന്റെ മറുപടി.

ജയറാമും അനുശ്രീയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയറാം അവതരിപ്പിക്കുന്ന കൃഷ്ണകുമാര്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യ നിര്‍മ്മലയായാണ് അനുശ്രീ എത്തുന്നത്. ഇവരെക്കൂടാതെ ശ്രീനിവാസന്‍, സലികുമാര്‍, ഹരീഷ് കണാരന്‍, ശിവജി ഗുരുവായൂര്‍, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, സമദ്, നോബി, സുബീഷ്, കോട്ടയം റഷീദ്, ഏലൂര്‍ ജോര്‍ജ്, സുരഭി, തെസ്‌നി ഖാന്‍, മോളി കണ്ണമാലി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രദീപ് കാവുന്തറയുടെ കഥയ്ക്ക് സലിംകുമാര്‍ തിരക്കഥ രചിക്കുന്നു. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് നാദിര്‍ഷയാണ്. യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ എന്റര്‍ടൈന്‍മെന്റാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook