പ്രിയപ്പെട്ടവളുടെ കാത്തിരിപ്പാവാം, ഐസിയുവിൽ നിന്നും തന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത്, പറയുന്നത് മലയാളത്തിന്റെ പ്രിയനടൻ സലിം കുമാർ. സലിം കുമാറിന്റെ 23-ാം വിവാഹവാർഷികമാണ് ഇന്ന്, വിവാഹ വാർഷികത്തിനോട് അനുബന്ധിച്ച് സലിം കുമാർ ഫെയ്സ് ബുക്കിൽ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് ശ്രദ്ധ നേടുകയാണ്.

“ഈ ദിവസത്തിന് ഇന്നേക്ക് 23 വർഷങ്ങൾ തികയുന്നു. 22 വർഷങ്ങൾക്ക് മുൻപ് ഒരു സെപ്റ്റംബർ 14 നു ആയിരുന്നു ഞങ്ങളുടെ വിവാഹം. അന്ന് ഞാനൊരു മിമിക്രിക്കാരൻ ആയിരുന്നു. സുനിത എന്റെ ജീവിതത്തിലേക്ക് വന്ന പിറ്റേ ദിവസം ആണ് എന്നെ സിനിമയിലേക്ക് വിളിക്കുന്നത്. അന്ന് കലാഭവൻ മണി എന്റെ കല്യാണത്തിന് വന്നു സ്റ്റേജിൽ വച്ചു നാട്ടുകാരോട് പറഞ്ഞു “ഞാൻ സിനിമയിൽ വന്നു, ഇപ്പോൾ എല്ലാവരും പറയുന്നു ഇനി വരാനുള്ളത് സലിംകുമാർ ആണെന്ന്; സുനിതക്ക് ഭാഗ്യമുണ്ടെങ്കിൽ അതു നടക്കും ” അവന്റെ നാക്ക്‌ പൊന്നായി. എന്നും ഓർക്കാറുണ്ട് സഹോദരാ, കേൾക്കാറുമുണ്ട്.” സുനിതയ്ക്കു പിന്നാലെ ഭാഗ്യവും തന്റെ ജീവിതത്തിലേക്ക് വന്ന വഴികൾ ഓർക്കുകയാണ് താരം.

“ഈ ഇരുപത്തിമൂന്നു വർഷങ്ങൾക്കിടയിൽ ഞങ്ങൾ തമ്മിൽ ഒന്ന് വഴക്കിട്ടതായി ഞാൻ ഓർക്കുന്നില്ല അഥവാ ഉണ്ടെങ്കിൽ തന്നെ അതിനൊന്നും പത്തു മിനിറ്റിന്റെ ആയുസ്സു പോലും ഉണ്ടായിട്ടില്ല. 49 വയസ്സ് കഴിഞ്ഞ എന്റെ ജീവിതത്തിൽ എന്നെ ഇവിടെ വരെ എത്തിച്ചതിൽ പ്രധാനികൾ രണ്ടു സ്ത്രീകളാണ്. ഒന്ന് എന്റെ അമ്മ കൗസല്ല്യ, പിന്നെ എന്റെ ഭാര്യ സുനിത.”

“മൂന്നുനാലു വർഷങ്ങൾക്ക് മുൻപ് എനിക്ക് ഒരു മേജർ ഓപ്പറേഷൻ ഉണ്ടായിരുന്നു, അതിനുശേഷം ഡോക്ടർ എന്നോട് പറഞ്ഞു, “ഞങ്ങളൊക്കെ നിങ്ങളുടെ ഭാര്യയോട് പറഞ്ഞു ആൾക്ക് കുഴപ്പം ഒന്നുമില്ല റൂമിൽ പോയി റസ്റ്റ്‌ ചെയ്‌തോളാൻ. പക്ഷെ അവർ നിങ്ങളെ റൂമിലേക്കു മാറ്റുന്നത് വരെ I.C.U വിന്റെ വാതിക്കൽ നിന്നും മാറിയിട്ടില്ല”.എനിക്ക് അതിൽ ഒട്ടും അതിശയം തോന്നിയില്ല കാരണം ആ കാത്തിരിപ്പായിരുന്നു I.C.U വിൽ നിന്നും എന്നെ ഇവിടെ വരെ എത്തിച്ചത്. ഭാര്യയോട് നന്ദി പറയാമോ എന്ന് എനിക്കറിയില്ല. എന്നാലും….. നന്ദി…. സുനു,” സലിം കുമാർ കുറിക്കുന്നു.

കഴിഞ്ഞ വർഷം ‘മധുരരാജ’യുടെ ലൊക്കേഷനിലായിരുന്നു സലിം കുമാറിന്റെ വിവാഹ വാർഷികാഘോഷം. സഹതാരങ്ങളുടെയും അണിയറപ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടത്തിയ ആഘോഷപരിപാടിയ്ക്ക് മെഗാസ്റ്റാർ മമ്മൂട്ടിയായിരുന്നു നേതൃത്വം നൽകിയത്. ചടങ്ങിലെ ‘അപ്രതീക്ഷിത’ അവതാരകനായും മമ്മൂട്ടി തിളങ്ങി. വിവാഹ വാർഷികാഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു.

Read more: ‘മധുരരാജ’യുടെ സാന്നിധ്യത്തിൽ സലിം കുമാറിന് വിവാഹ വാർഷികാഘോഷം, മധുരം പകർന്ന് മമ്മൂട്ടി

1996 സെപ്തംബർ 14-നായിരുന്നു സലിം കുമാറിന്റെ വിവാഹം. ചന്തു, ആരോമൽ എന്നിങ്ങനെ രണ്ടുമക്കളും ഈ ദമ്പതികൾക്കുണ്ട്.

Read more: സിനിമ തന്ന ജീവിതം: സലിം കുമാർ സംസാരിക്കുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook