നടൻ സലിം കുമാറിന്റെ 21-ാം വിവാഹ വാർഷികാഘോഷത്തിന് മമ്മൂട്ടി നായകനായെത്തുന്ന ‘മധുരരാജ’യുടെ ഷൂട്ടിങ് ലൊക്കേഷൻ വേദിയായി. സഹതാരങ്ങളുടെയും അണിയറപ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടത്തിയ ആഘോഷപരിപാടിയ്ക്ക് മമ്മൂട്ടി തന്നെ നേതൃത്വം നൽകി. ചടങ്ങിലെ ‘അപ്രതീക്ഷിത’ അവതാരകനായും മമ്മൂട്ടി തിളങ്ങി. വിവാഹവാര്‍ഷികദിനം മെഗാസ്റ്റാറിന്റെ സാന്നിധ്യത്തിൽ ആഘോഷിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് സലിം കുമാറും ഭാര്യ സുനിതയും.

മമ്മൂട്ടിയെ കൂടാതെ വിനയ പ്രസാദ്, സംവിധായകൻ വൈശാഖ്, തിരക്കഥാകൃത്ത് ഉദയ്‍കൃഷ്ണ, ഷംന കാസിം, തെസ്നിഖാൻ എന്നിവരും ആഘോഷപരിപാടിയിൽ പങ്കെടുത്തു.

വിവാഹ വാർഷികാഘോഷത്തിന്റെ ലൊക്കേഷനിലെ ചിത്രങ്ങൾ സലിം കുമാർ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. “എന്റെയും സുനിതയുടെയും ഇരുപത്തിയൊന്നാം വിവാഹവാര്‍ഷികം ‘മധുരരാജയുടെ’ ലൊക്കേഷനില്‍ വച്ച് ആഘോഷിച്ചു. നന്ദി മമ്മുക്ക, വൈശാഖ്, നെല്‍സണ്‍ ഐപ്പ്, ഉദയകൃഷ്ണ, ഷാജി, ജയ, ക്രൂ മെംബേര്‍സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്‌സ്,” സലിം കുമാര്‍ കുറിക്കുന്നു.

‘പോക്കിരി രാജ’യുടെ രണ്ടാം ഭാഗമാണ് ‘മധുരരാജ‘. ‘പോക്കിരിരാജ’യ്ക്ക് ശേഷം എട്ടു വര്‍ഷങ്ങൾക്കു ശേഷമാണ് വൈശാഖും മമ്മൂട്ടിയും ഒരുമിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook