ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തൊട്ടാകെ ബിജെപി ഹര്‍ത്താല്‍ നടത്തുമ്പോള്‍, നടന്‍ സലിം കുമാര്‍ മമ്മൂട്ടി ചിത്രമായ ‘മധുരരാജ’യുടെ ലൊക്കേഷനിലേക്കുള്ള യാത്രയിലാണ്. കാറിലല്ല, ബൈക്കിലാണ് യാത്ര. ഇതിന്റെ ചിത്രവും അദ്ദേഹം തന്നെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘ഹര്‍ത്താല്‍ ദിനത്തില്‍ ഗുലാബിയോടൊപ്പം മധുരരാജയുടെ ലൊക്കേഷനിലേക്ക്,’ എന്ന തലക്കെട്ടോടെ പൊട്ടിച്ചിരിക്കുന്ന ഒരു സ്‌മൈലിയുമിട്ടാണ് താരത്തിന്റെ പോസ്റ്റ്. ഇതിന് താഴെ സലിം കുമാറിന് പിന്തുണയുമായി നിരവധി പേരെത്തിയിട്ടുണ്ട്. ആശംസകളും അഭിവാദ്യങ്ങളും പറഞ്ഞ് ഒരു കൂട്ടര്‍ എത്തിയപ്പോള്‍ നര്‍മ്മം ചാലിച്ച കമന്റുകളായിരുന്നു മറ്റൊരു കൂട്ടരുടെ വക.

Read More: കറുത്ത തൊപ്പിയും വസ്ത്രവും അണിഞ്ഞ് സലീം കുമാര്‍ ചാനല്‍ ചര്‍ച്ചയില്‍; കുട്ടികളെ കൈവിടില്ലെന്ന് പ്രഖ്യാപനം

‘കറുത്ത യൂണിഫോം എവിടെ’ എന്നാണ് കൂടുതല്‍ പേരും ചോദിക്കുന്നത്. ‘ബൈക്കില്‍ ചുറ്റിനടക്കുന്ന അല്‍ഖായിദ നേതാവ്’ എന്നും ചിലര്‍ വിളിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കമന്റുകള്‍.

വര്‍ക്കലയിലെ സിഎച്ച്എംഎം കോളേജില്‍ നടന്ന ആനുവല്‍ ഡേ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കറുത്ത ജുബ്ബ ധരിച്ചാണ് സലിം കുമാര്‍ എത്തിയത്. സിഐഡി മൂസ എന്ന ചിത്രത്തിലെ ഹിറ്റ് കഥാപാത്രത്തിന്റെ വേഷം അനുകരിച്ച് നടനെ സ്വീകരിക്കാനായിരുന്നു വിദ്യാര്‍ത്ഥികളുടെ പരിപാടി. കറുപ്പും വെളുപ്പും നിറത്തില്‍ ഒരുപോലെ വസ്ത്രം ധരിച്ച് വിദ്യാര്‍ത്ഥികളും എത്തി. എന്നാല്‍ ബിഗ് ബ്രേക്കിങ്ങായി, കേരളത്തില്‍ ഐഎസ്-അൽഖായിദ സംഘടനകള്‍ വേരുറപ്പിക്കുന്നു എന്നു പറഞ്ഞ് ജനം ടിവി വാര്‍ത്ത നല്‍കുകയായിരുന്നു. ഇതിനെതിരെ നടന്‍ തന്നെ പ്രതികരിക്കുകയും ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook