പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’വില്‍ നായകനാകുന്നത് മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസ്. മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനാകും ചിത്രത്തിലെ നായകനെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ദുല്‍ഖറല്ല ടൊവിനോ തോമസാണ് തന്റെ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് സലീം അഹമ്മദ് തന്നെ പ്രഖ്യാപിച്ചു.

സിനിമയ്ക്കുള്ളിലെ സിനിമ കൈകാര്യം ചെയ്യുന്ന ചിത്രമാണിത്. കഴിഞ്ഞ വര്‍ഷത്തെ ഓസ്‌കര്‍ പുരസ്‌കാരത്തോടനുബന്ധിച്ചാണ് ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടന്നത്. ചിത്രത്തിന്റെ പേരും ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. എന്നാല്‍ ടൊവിനോയ്ക്ക് പുറമെ മറ്റാരൊക്കെയാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ എന്നത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

നാല് ദേശീയ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ‘ആദാമിന്റെ മകന്‍ അബു’ എന്ന ചിത്രത്തിലൂടെയാണ് സലീം അഹമ്മദ് സംവിധാന രംഗത്തേക്ക് എത്തുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിനാണ് സലീം കുമാര്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയത്. തുടര്‍ന്ന് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ പത്തേമാരി മികച്ച നിരൂപക പ്രശംസ നേടിയിരുന്നു.

അഭിയുടെ കഥ അനുവിന്റേയും എന്ന ദ്വിഭാഷാ ചിത്രമാണ് ടൊവിനോയുടേതായി അവസാനമിറങ്ങിയ ചിത്രം. തീവണ്ടി, മറഡോണ എന്നീ ചിത്രങ്ങള്‍ റിലീസിനൊരുങ്ങുകയാണ്. ധനുഷ് കേന്ദ്രകഥാപാത്രമായെത്തുന്ന മാരി 2വില്‍ വില്ലനായാണ് ടൊവിനോ അഭിനയിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ