Latest News

മമ്മൂക്കയുടെ പ്രായം പറഞ്ഞ് തെറ്റി; രസകരമായ അനുഭവം പറഞ്ഞു സലാം ബാപ്പു

‘എന്താ ഇന്ത്യക്കാർക്ക് പ്രായമാവില്ലേ..?’ അത്ഭുതത്തോടെ ആ വിദേശി യുവാവ് ചോദിച്ചു

Mammootty, Mammootty birthday, Happy birthday mammootty, mammootty age, mammootty films, mammootty photos

മമ്മൂട്ടിയിലെ നടനോളം തന്നെ മലയാളികളെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് മമ്മൂട്ടിയെന്ന മനുഷ്യനും. സിനിമയാണ് മമ്മൂട്ടിയ്ക്ക് എല്ലാം. ഏതൊരു പുതുമുഖ നടനേക്കാളും ഉന്മേഷത്തോടെയും അടങ്ങാത്ത അഭിനിവേശത്തോടെയുമാണ് മമ്മൂട്ടി ഇന്നും സിനിമയെ സമീപിക്കുന്നത്. ഇനിയും തന്നെ തേടിയെത്താനുള്ള അനേകായിരം കഥാപാത്രങ്ങൾക്കായി തന്റെ ശരീരത്തെ അതിന്റെ യുവത്വത്തോടെയും ഊർജ്ജസ്വലതയോടെയും കാത്തുസൂക്ഷിക്കുന്ന കഠിനാധ്വാനിയായ മനുഷ്യൻ. അതുകൊണ്ടാണ് മമ്മൂട്ടിയുടെ പ്രായം എന്നും കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നത്. തന്റെ രാപ്പകലുകളെല്ലാം സിനിമയ്ക്കായി നിക്ഷേപിച്ച് സിരകളിൽ ഇപ്പോഴും സിനിമയോടുള്ള ഒടുങ്ങാത്ത പ്രണയം നിറച്ച് പ്രായത്തെ വറുതിയിലാക്കുന്ന നിത്യയൗവ്വനമാണ് മലയാളികൾക്ക് മമ്മൂട്ടി.

മലയാളികൾക്ക് മാത്രമല്ല, വിദേശികൾക്കും മമ്മൂട്ടി ഒരു അത്ഭുതമാണ്. പ്രായം തട്ടാത്ത ആ ‘ലുക്ക്‌’ വിദേശികളെ പോലും അത്ഭുതപ്പെടുത്തുന്നു. അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായകൻ സലാം ബാപ്പു. “മംഗ്ളീഷിലെ ഗാനചിത്രീകരണത്തിനായി ഹോളണ്ടിലെ ആംസ്റ്റർഡാമിലേക്ക് ഞാനും മമ്മൂക്കയും ക്യാമറാമാൻ പ്രജീഷ് വർമയും ജോർജേട്ടനും ഷാനി സാക്കിയും മാത്രമേ കേരളത്തിൽ നിന്നും പോയിരുന്നുള്ളൂ. നായിക കരോളിൻ ബൈക്ക് അവിടത്തുകാരിയാണ്. ക്യാമറയും യൂണിറ്റും ബാക്കിയെല്ലാം എന്റെ സുഹൃത്ത് മുസ്തഫ അവിടെ അറേഞ്ച് ചെയ്തതാണ്.”

“ഒരു റംസാൻ കാലത്താണ് ഞങ്ങൾ അവിടെ എത്തിയത്. ആ ദൈർഘ്യമേറിയ സമ്മറിലെ അവിടത്തെ പകലിലും മമ്മുക്ക നോമ്പ് എടുത്തിരുന്നു. ക്യാമറ യൂണിറ്റിൽ ഹോളണ്ടുകാരും ജർമൻകാരും സ്പെയിൻകാരുമുണ്ട്. ക്യാമറ അസിസ്റ്റന്റായ സാന്ദ്രയെ ഞങ്ങൾ ശ്രദ്ധിച്ചു. വളരെ ആക്റ്റീവ് ആയ കുട്ടി. ക്ലാപ് അടിക്കുന്നതും റീഡിങ് എടുക്കുന്നതും ലെങ്ത്ത് അളക്കുന്നതും മാർക്ക് ചെയ്യുന്നതും ക്യാമറ മെറ്റീരിയൽ സൂക്ഷിക്കുന്നതും എല്ലാം സാന്ദ്രതന്നെ. ഞങ്ങൾ പറഞ്ഞു. ‘പെൺകുട്ടികളായാൽ ഇങ്ങിനെ വേണം.’

“ആദ്യ ദിവസത്തിൽ നിന്നും വ്യത്യസ്തമായി ഷൂട്ടിന്റെ രണ്ടാം നാൾ സാന്ദ്ര ഒട്ടും അക്റ്റിവ്‌ അല്ലാതായി. ഒരു ദുഃഖഭാവം, കണ്ണ് നിറഞ്ഞിട്ടുണ്ട്, ഞാനവളെ ശ്രദ്ധിച്ചു. ഇടക്ക് മാറി നിന്ന് കരയുന്നുണ്ട്. ഞാൻ ചോദിച്ചു എന്താ കാര്യം? അവൾ മമ്മുക്കയെ ചൂണ്ടി പറഞ്ഞു. അദ്ദേഹം കാരണമാണ് ഞാൻ വിഷമിക്കുന്നത്‌ എന്ന്. മമ്മുക്ക എന്തെങ്കിലും വഴക്ക് പറഞ്ഞോ? ചൂടായോ? ഞാൻ പരിഭ്രാന്തനായി. ഇല്ല, അവൾ പറഞ്ഞു.

അവളുടെ കാമുകൻ ആംസ്റ്റർഡാമിൽ സ്റ്റുഡന്റാണ്. പേര് ചാൾസ്, അയാൾക്ക് മമ്മൂക്കയുടെ ആദ്യ ദിവസത്തെ ഫോട്ടോ അയച്ചു കൊടുത്തിട്ട് അവൾ പറഞ്ഞു. ‘ഇത് ഞാൻ വർക്ക് ചെയ്യുന്ന ഇന്ത്യൻ സിനിമയിലെ നായകനാണ്. ഇയാൾക്ക് എത്ര വയസ്സുണ്ടാകും?’
അവൻ ഒട്ടും സംശയമില്ലാതെ മറുപടി അയച്ചു. 28, അവൾ അല്ലെന്നു പറഞ്ഞപ്പോൾ അവൻ വീണ്ടും ഉത്തരങ്ങൾ അയച്ചു കൊണ്ടിരുന്നു, 30? 32? 34? 36? 38? ഇതിനും അല്ല എന്ന മറുപടി കേട്ടപ്പോൾ ചാൾസ് നിർത്തി, ഇതിനപ്പുറം പോകില്ല ഉറപ്പ്, അവൻ കട്ടായം പറഞ്ഞു, അവൾ സമ്മതിക്കാതായപ്പോൾ അവളോട് തന്നെ മമ്മുക്കയുടെ പ്രായം പറയാൻ ആവശ്യപ്പെട്ടു. അവനെ കുറെ കളിപ്പിച്ചതിനു ശേഷം അവൾ പറഞ്ഞു 63! അവന് വിശ്വാസം വന്നില്ല. അല്ലെങ്കിലും നിനക്ക് പുരുഷന്മാരോട് ബഹുമാനമില്ല, നീ നുണയാണ് പറയുന്നത്. ഇത് പറഞ്ഞ് അവർ തമ്മിൽ തെറ്റി. ഇപ്പോൾ ബ്രേക്ക് അപ്പിന്റെ വക്ക്‌ വരെയെത്തി. ഇതാണ് അവളുടെ സങ്കടത്തിന്റെ കാരണം.

മമ്മൂക്കയുടെ പ്രായം ചാൾസിന് ബോധ്യമാക്കി കൊടുക്കണം എന്നാലേ അവന്റെ പിണക്കം മാറൂ..! മുസ്തഫ അവന്റെ കയ്യിലുള്ള മമ്മൂക്കയുടെ പാസ്‌പോർട്ടിന്റെ കോപ്പി അവൾക്ക് കൊടുത്തു, അവളത് ചാൾസിന് അയച്ചു കൊടുത്തു, മഞ്ഞുരുക്കി. ഷൂട്ടിന്റെ മൂന്നാമത്തെ ദിവസം മമ്മുക്കയെ കാണാൻ ചാൾസ് ലൊക്കേഷനിൽ വന്നു. കൂടെ നിന്ന് ഫോട്ടോയെടുത്തു എന്നിട്ട് പറഞ്ഞു. ‘എന്താ ഇന്ത്യക്കാർക്ക് പ്രായമാവില്ലേ..!?’
അവന്റെ മുഖത്ത് അപ്പോഴും അവിശ്വസനീയത തളം കെട്ടിനിന്നിരുന്നു.

സാന്ദ്ര പഴയതിലും സജീവമായി അന്ന് ജോലിയിൽ മുഴുകി, പിറ്റേന്ന് ആംസ്റ്റർഡാമിൽ നിന്നും യാത്ര തിരിക്കുമ്പോൾ ചാൾസും സാന്ദ്രയും എയർപോർട്ടിൽ വന്നു ഞങ്ങളെ യാത്രയാക്കി. ഇക്കാര്യം ദുബായിലെ ഹിറ്റ് എഫ് എമ്മിൽ മംഗ്ളീഷ് കഴിഞ്ഞ് ഒരു ഇന്റർവ്യൂവിൽ പറഞ്ഞു, അവർ അതുവെച്ച് അവരുടെ വിദേശികളായ സ്റ്റാഫുകളെവെച്ച് ഒരു വീഡിയോ ചെയ്ത്‌ വൈറലാക്കി.” സലാം ബാപ്പു കുറിക്കുന്നു.

Read more:

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Salam bappu sharing manglish movie location experience about mammootty age

Next Story
ഇച്ചാക്കക്ക് പിറന്നാൾ ആശംസിച്ച് ലാൽ; വീഡിയോ
The moderation of comments is automated and not cleared manually by malayalam.indianexpress.com