/indian-express-malayalam/media/media_files/wpx4YBKVX194oa3NIPwc.jpg)
യുഎസ്എ, നോർത്ത് അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് 2.60 മില്യൺ ഡോളറാണ് ചിത്രം നേടിയത്
ഇന്ത്യൻ ചലച്ചിത്ര പ്രേമികൾ ഏറെ കാത്തിരുന്ന പാൻ ഇന്ത്യൻ ചിത്രമായിരുന്നു 'സലാർ.' ഡിസംബർ 22 ന് റിലീസിനെത്തിയ ചിത്രത്തിന് വൻ പ്രതികരണങ്ങളാണ് തീയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ, പാൻ ഇന്ത്യൻ സ്റ്റാർ പ്രഭാസ് എന്നിവർ ഒന്നിക്കുന്നു എന്നതു തന്നെയാണ് ചിത്രത്തിനായുള്ള പ്രതീക്ഷ ഉയർത്തിയതും. റിലീസായ ആദ്യദിനം ചിത്രം നേടിയത് റെക്കോർഡ് കളക്ഷനാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് മാത്രമായി ചിത്രം 95 കോടി രൂപ നേടിയെന്നാണ് ഇന്റസ്റ്റ്ട്രി ട്രാക്കറായ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തുടങ്ങിയ നിരവധി ഭാഷകളിൽ റിലീസായ ചിത്രം 175 കോടി രൂപ വേൾഡ് വൈഡ് കളക്ഷൻ നേടിയെന്നാണ് ചിത്രത്തിന്റെ നിർമ്മാതാക്കളായ ഹോംബാലെ ഫീലിംസ് പറയുന്നത്.
യുഎസ്എ, നോർത്ത് അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് 2.60 മില്യൺ ഡോളറാണ് ചിത്രം നേടിയത്. ഒരു ഇന്ത്യൻ ചിത്രം നേടുന്ന ഉയർന്ന കളക്ഷനിൽ ആർആർആർ- ന് പിന്നിലായി രണ്ടാം സ്ഥാനമാണിത്. ബാഹുഹലി 2, കബാലി, ലിയോ തുടങ്ങിയ ചിത്രങ്ങളെ പിന്നിലാക്കിയാണ് ഈ നേട്ടം.
ഇന്ത്യയിൽ, ഈ വർഷം ഏറ്റവും വലിയ ഓപ്പണിങ്ങ് കളക്ഷൻ നേടിയ ചിത്രം ഷാരൂഖ് ഖാൻ നായകനായ ജവാൻ ആയിരുന്നു. ആദ്യദിനം 75 കോടി നേടിയ ജവാന്റെ റെക്കോർഡാണ് ​ഇതോടെ സാലാർ സ്വന്തമാക്കിയത്. പ്രഭാസിന്റെ തിരിച്ചുവരവായിട്ടാണ് സലാർ കണക്കാക്കുന്നത്. പ്രഭാസിന്റെ സമീപകാല റിലീസുകളായിരുന്ന, ആദിപുരുഷ് ഇന്ത്യയിൽ 86.75 കോടി രൂപ നേടിയിരുന്നു. കൂടാതെ 2019 ൽ പുറത്തിറങ്ങിയ സാഹോയും ശക്തമായ ഓപ്പണിംഗ് കളക്ഷൻ നേടി, 89 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്.
എന്നാൽ കെജിഎഫ് ചിത്രങ്ങളുടെ സംവിധായകനായ പ്രശാന്ത് നീലിനെ സംബന്ധിച്ചിടത്തോളം ഈ ബോക്സ് ഓഫീസ് ഓപ്പണിംഗ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ചതല്ല. 2022-ൽ പുറത്തിറങ്ങിയ കെജിഎഫ് 2 ഇന്ത്യയിൽ 116 കോടി രൂപ ആദ്യദിനം കളക്ട് ചെയ്തിരുന്നു. കൂടാതെ ലോകമെമ്പാടും 1000 കോടിയിലധികം നേടുകയും ചെയ്തു.
സലാറിൽ പ്രഭാസിനൊപ്പം പൃഥ്വിരാജ് സുകുമാരൻ, ശ്രുതി ഹാസൻ, ജഗപതി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിജയ് കിരഗന്ദൂർ നിർമ്മിച്ച ചിത്രം രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങും. ഷാരൂഖ് ചിത്രമായ ഡങ്കിക്കൊപ്പമാണ് സലാർ തീയറ്ററുകളിലെത്തിയത്, ഡങ്കി ആദ്യദിനം 30 കോടി രൂപയാണ് ബോക്സ് ഓഫീസിൽ നിന്നു നേടിയതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.