കൊച്ചി: വിമൻ കളക്ടീവ് ഇൻ സിനിമ സംഘടനയക്ക് എതിരായി നടി ലക്ഷ്മിപ്രിയ ഉയർത്തിയ ആരോോപണങ്ങൾക്ക് മറുപടിയുമായി സജിത മഠത്തിൽ. ലക്ഷ്മിപ്രിയ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് പറഞ്ഞ സജിത, സംഘടനയുടെ രജിസ്ട്രേഷൻ സംബന്ധിച്ച കാര്യങ്ങൾ നടക്കുകയാണെന്നും അത് പൂർത്തിയായ ശേഷം അംഗത്വം വിതരണം ചെയ്യുമെന്നും പറഞ്ഞു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വിമൻ കളക്ടീവ് ഇൻ സിനിമയുടെ ആദ്യ ചർച്ചകൾ തുടങ്ങിയത്. 20 പേർ ചേർന്നുള്ള ഒരു വർക്കിംഗ് ഗ്രൂപ്പ് ആണ് സംഘടനാ രൂപീകരണത്തിനുള്ള പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇതിന്റെ രജിസ്ട്രേഷൻ നടപടികൾ സെപ്തംബർ അവസാനവാരത്തോടെയേ പൂർത്തിയാകൂ. ഇതിന് ശേഷം അംഗത്വ പ്രചാരണം ആരംഭിക്കുമെന്നും സജിത വ്യക്തമാക്കി.

സംഘടനയിൽ അംഗത്വം ആഗ്രഹിക്കുന്നവർ അതുവരെ കാത്തിരിക്കണം. സംഘടനയുടെ ആശയങ്ങളുമായി യോജിക്കുന്ന എല്ലാവർക്കും ഇതിന്റെ ഭാഗമാകാൻ സാധിക്കും. പക്ഷെ, സംഘടനയിൽ നിന്ന് മനപ്പൂർവ്വം ആരെയും ഒഴിവാക്കിയിട്ടില്ല. സംഘടന എന്നത് നേരത്തേ ഉണ്ടായിരുന്ന ആശയമായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തോടെയാണ് അത് ശക്തമായത്. പത്മപ്രിയയും രേവതിയും അടക്കമുള്ളവർ ഇതിന് പിന്നിലുണ്ടെന്നും സജിത കൂട്ടിച്ചേർത്തു.

ഫെയ്സ്ബുക്കിലൂടെ പ്രതികരിക്കുകയല്ല തങ്ങളെന്ന് വ്യക്തമാക്കിയ അവർ, നിയമപരമായ നടപടി എടുത്ത ശേഷം ജനങ്ങളെ അറിയിക്കാൻ ഫെയ്സ്ബുക്ക് മാധ്യമമാക്കുകയാണെന്നും വിശദീകരിച്ചു. എപ്പോഴും വാർത്താസമ്മേളനം വിളിക്കേണ്ട ആവശ്യമില്ലല്ലോയെന്നും അവർ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ