അക്ഷയ് കുമാർ നായകനാകുന്ന ‘ഹൗസ്ഫുൾ 4’ൽ നിന്ന് സംവിധായകൻ സാജിദ് ഖാനും പിറകെ അഭിനേതാവായ നാനാ പടേക്കറും പുറത്ത്. ‘മീ ടൂ’ ക്യാമ്പെയിനിന്റെ ഭാഗമായി നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നാനാ പടേക്കർ ചിത്രവുമായുള്ള അസോസിയേഷനിൽ നിന്നും സ്വയം പിൻമാറുകയായിരുന്നു. ഇന്നലെ സംവിധായകൻ സാജിദ് ഖാനും ചിത്രത്തിന്റെ സംവിധായകന്റെ റോളിൽ നിന്നും സ്ഥാനമൊഴിഞ്ഞിരുന്നു. തുടർ അന്വേഷണം കഴിഞ്ഞ് സത്യം തെളിയും വരെ ചിത്രത്തിന്റെ ഷൂട്ടിംഗ് ക്യാൻസൽ ചെയ്യാൻ ചിത്രത്തിലെ നായകനായ അക്ഷയ് കുമാർ നിർമ്മാതാക്കളോട് അഭ്യർത്ഥിച്ചിരുന്നു. അതിനെ തുടർന്നാണ് ഇപ്പോൾ സംവിധായകനും നാനാ പടേക്കറും ചിത്രത്തിൽ നിന്നും പിൻമാറിയിരിക്കുന്നത്.

2008 ൽ ‘ഹോൺ ഓകെ പ്ലീസ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നാനാ പടേക്കർ തന്നോട് അപമര്യാദയായി പെരുമാറി എന്ന തനുശ്രീയുടെ ആരോപണമാണ് ബോളിവുഡിൽ ‘മീ ടൂ’ ക്യാമ്പെയ്ൻ ശക്തി പ്രാപിക്കാൻ കാരണമായത്. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നാനാ പടേക്കറിന്റെ തീരുമാനമെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്, “തന്നെ കുറിച്ചുള്ള തെറ്റായ ആരോപണങ്ങളുടെ പുറത്തത് ആർക്കും അസൗകര്യമുണ്ടാവാൻ നാനാ സാഹിബ് ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ഹൗസ്ഫുളിൽ നിന്നും പിന്മാറാൻ അദ്ദേഹം സ്വയമേവ തീരുമാനമെടുത്തിരിക്കുന്നത്.”

#മീ ടൂ ക്യാമ്പെയിനിൽ പത്രപ്രവർത്തകയും നടിയും അസിസ്റ്റന്റ് ഡയറക്ടറുമടക്കം മൂന്നു സ്ത്രീകളാണ് സാജിദ് ഖാൻ ലൈംഗികമായി പീഡിപ്പിച്ചു എന്നു ആരോപിച്ച് മുന്നോട്ടു വന്നത്. അതിനെ തുടർന്നാണ് ‘ചിത്രത്തിന്റെ സംവിധായകറോളിൽ നിന്നും ഞാൻ പടിയിറങ്ങുന്നു’ എന്ന പ്രഖ്യാപനം സാജിദ് ഖാൻ വെള്ളിയാഴ്ച നടത്തിയത്. ട്വിറ്ററിലൂടെ സാജിദ് ഖാൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ” എന്റെ പേരിൽ വന്ന ആരോപണങ്ങൾ എന്റെ കുടുംബത്തിന്റെയും നിർമാതാക്കളുടെയും ചിത്രത്തിലെ താരങ്ങളെയും സമ്മർദ്ദത്തിലാക്കുന്നു, അതുകൊണ്ട് ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കപ്പെടുംവരെ ഞാൻ സംവിധായകന്റെ റോളിൽ നിന്നും താഴെയിറങ്ങുകയാണ്. സത്യം പുറത്തുവരും വരെ ദയവായി ജഡ്ജ്‌മെന്റ് നടത്തരുതെന്ന് എന്റെ പ്രിയപ്പെട്ട മാധ്യമസുഹൃത്തുക്കളോട് ഞാനഭ്യർത്ഥിക്കുകയാണ്,” സാജിദ് ഖാൻ കുറിക്കുന്നു.

“ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിക്കപ്പെട്ടവർക്കൊപ്പം  വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്നില്ല. പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നവർ അത് തുറന്നു പറയുമ്പോൾ നമ്മൾ അവരെ കേൾക്കുകയും അർഹിക്കുന്ന നീതി അവർക്ക് ലഭിക്കുകയും വേണം. ഇത്തരം കേസുകളിൽ കടുത്ത നടപടികൾ എടുക്കേണ്ടതുണ്ട്,” എന്ന് അക്ഷയ് കുമാറും വിഷയത്തിൽ പ്രതികരിക്കുകയും തുടർ അന്വേഷണം കഴിഞ്ഞ് സത്യം തെളിയും വരെ ചിത്രത്തിന്റെ ഷൂട്ടിംഗ് ക്യാൻസൽ ചെയ്യാൻ ചിത്രത്തിന്റെ നിർമാതാക്കളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

“കൂടുതൽ ആരോപണങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. സ്ത്രീകൾ കടന്നുപോയ ഈ അനുഭവങ്ങളെല്ലാം ഭയപ്പെടുത്തുന്നു. ഹൗസ്‌ഫുളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരെല്ലാം ഈ വിഷയത്തിൽ ഒരു ഉറച്ച നിലപാട് എടുക്കേണ്ടതുണ്ട്. ഇതിങ്ങനെ മുന്നോട്ട് പോവാൻ കഴിയില്ല,” ട്വിങ്കിൾ ഖന്നയും ട്വിറ്ററിലൂടെ തന്റെ പ്രതികരണം രേഖപ്പെടുത്തിയിരുന്നു.

നാദിയത്‌വാല ഗ്രാൻഡ്‌സൺ എന്റർടെയിൻമെന്റിന്റെ ബാനറിൽ സാജിദ് നാദിയത്‌വാല നിർമ്മിക്കുന്ന ചിത്രമായ ‘ഹൗസ്‌ഫുൾ4’ 2019 ൽ ദീപാവലിയോട് അനുബന്ധിച്ച് തിയേറ്ററുകളിലെത്തുമെന്നായിരുന്നു അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. പുതിയ വിവാദങ്ങൾ സിനിമയെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook