കൊച്ചി: മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായാണ് മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘മാമാങ്കം’ തിയറ്ററുകളിലേക്ക് എത്തുന്നത്. സിനിമാ ലോകം ഏറെ പ്രതീക്ഷയോടെയാണ് മാമാങ്കത്തിനായി കാത്തിരിക്കുന്നത്. അതേ സമയം, സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇതു വരെ കെട്ടടങ്ങിയിട്ടില്ല.
ചിത്രം തിയറ്ററുകളിലേക്ക് എത്തും മുന്‍പേ ഇതിന്റെ തിരക്കഥാകൃത്തും ആദ്യ സംവിധായകനുമായ സജീവ് പിള്ള മാമാങ്കം നോവലായി പുറത്തിറക്കിയിരിക്കുകയാണ്. ഡിസി ബുക്സാണു പ്രസാധനം. ‘മാമാങ്കം’ എന്ന പേരിൽ ‘സിനിമയ്ക്ക് ആധാരമായ നോവല്‍’ എന്ന വിശേഷണത്തോടെയാണു പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
രണ്ട് ദിവസം മുൻപാണ് നോവൽ പുറത്തിറക്കിയത്. നോവൽ രണ്ടുദിവസം മുൻപ് പുറത്തിറങ്ങിയതായും ഇതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ പിന്നീട് പറയാമെന്നും സജീവ് പിള്ള ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. സജീവ് പിള്ള ‘മാമാങ്കം’ നോവൽ പുറത്തിറക്കുമെന്ന തരത്തിൽ ഒരു വാർത്തയും ഇതുവരെ പുറത്തുവന്നിരുന്നില്ല.
മാമാങ്കം സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചപ്പോൾ സജീവ് പിള്ളയായിരുന്നു സംവിധായകൻ. നിർമാതാവുമായുള്ള തർക്കത്തെത്തുടർന്ന് സജീവ് പിള്ളയെ പുറത്താക്കി എം.പദ്‌മകുമാറിനെ സംവിധാനച്ചുമതല ഏൽപ്പിക്കുകയായിരുന്നു.
ഡിസംബർ 12നാണ് ചിത്രത്തിന്റെ റിലീസ്. വള്ളുവനാടിന്റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള മാമാങ്ക മഹോത്സവമാണ് ചിത്രത്തിന്റെ പ്രമേയമാകുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മേടമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ദേശാഭിമാനത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ധീര ചാവേറുകളുടെയും കഥയാണ് ചിത്രം പറയുന്നത്.
പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളിലാണ് മലപ്പുറം ജില്ലയിലെ തിരുനാവായയിൽ മാമാങ്ക മഹോത്സവം അരങ്ങേറിയിരുന്നത്. ഇതിന്റെ അധ്യക്ഷപദം അലങ്കരിച്ചിരുന്ന വള്ളുവക്കോനാതിരിയെ പുറത്താക്കി സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം തട്ടിയെടുത്തു. ഇതോടെയാണ് വൈദേശികർ ഉൾപ്പെടെ നിരവധി കച്ചവടക്കാർ എത്തിയിരുന്ന മാമാങ്ക മഹോത്സവം രക്തരൂക്ഷമായത്. പിന്നീടുള്ള ഓരോ വർഷങ്ങളിലും ദേശാഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടമായിരുന്നു വള്ളുവനാട്ടിലെ ചാവേറുകളുടേത്.
മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിൽ പ്രാചി തെഹ്ലാനാണ് നായിക. ഇവർക്ക് ഒപ്പം ഉണ്ണി മുകുന്ദൻ, അനു സിതാര, കനിഹ, സിദ്ദീഖ്, തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ, ഇനിയ, നീരജ് മാധവ്, മണികണ്ഠൻ, വത്സല മേനോൻ, കവിയൂർ പൊന്നമ്മ, മാലാ പാർവ്വതി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലേക്കും മൊഴി മാറ്റിയെത്തുന്ന ചിത്രം, മലേഷ്യയിലും ഇന്തോനേഷ്യയിലും റിലീസ് ചെയ്യുന്നുണ്ട്. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പിള്ളിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. എം. ജയചന്ദ്രൻ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നു. 50 കോടിയോളം രൂപ മുടക്കിയാണ് സിനിമ നിർമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.