/indian-express-malayalam/media/media_files/uploads/2023/10/Shah-Rukh-Khan-Gauri-Khan.jpg)
ഷാരൂഖും കുടുംബവുമായി അടുത്ത ആത്മബന്ധം പുലർത്തുന്നയാളാണ് സൈറ ബാനു
ഞായറാഴ്ചയായിരുന്നു ഇന്റീരിയർ ഡിസൈനറും ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഭാര്യയുമായ ഗൗരി ഖാന്റെ 53-ാം ജന്മദിനം. ഗൗരിയുടെ ജന്മദിനത്തിൽ നടൻ ദിലീപ് കുമാറിന്റെ ഭാര്യയും നടിയുമായ സൈറ ബാനു പങ്കുവച്ച ആശംസ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സുന്ദരിയും കഠിനാധ്വാനിയും ട്രെൻഡ് സെറ്ററുമായ സ്ത്രീ എന്നാണ് ഗൗരിയെ സൈറ ബാനു വിശേഷിപ്പിച്ചത്.
മോശം സമയത്തും നല്ല സമയത്തും കരുത്തുറ്റ പിന്തുണയുമായി ഷാരൂഖിനൊപ്പം നിന്ന ഗൗരിയെ തന്നോടു തന്നെയാണ് സൈറ ബാനു ഉപമിക്കുന്നത്. ദിലീപ് കുമാറിന്റെ കരിയറിലും ജീവിതത്തിലും ഉടനീളം പിന്തുണയായി നിന്ന തന്റെ ജീവിതം സൈറ ബാനു ഓർത്തെടുക്കുന്നു. വർഷങ്ങളായി ഗൗരിയിൽ വന്ന മാറ്റങ്ങളെ കുറിച്ചും ഗൗരി ഖാൻ കുറിപ്പിൽ പറയുന്നു.
“ജന്മദിനാശംസകൾ, ഗൗരി! സൂപ്പർസ്റ്റാറിന്റെ ജീവിതപങ്കാളിയായതിന്റെ ശ്രദ്ധേയമായ അനുഭവം നമ്മൾ ഇരുവരും പങ്കിടുന്നു. ബബ്ളിയായൊരു പെൺകുട്ടിയിൽ നിന്നും ഊർജസ്വലയായ ഒരു നവവധുവിൽ നിന്നും സുന്ദരിയായ, കഠിനാധ്വാനിയായ, ട്രെൻഡ് സെറ്ററായൊരു സ്ത്രീയായി നിങ്ങൾ മാറുന്നത് ഞാൻ അടുത്ത് കണ്ടിട്ടുണ്ട്."
"ഇതിനെയെല്ലാം നിങ്ങൾ കൈകാര്യം ചെയ്യുന്ന രീതി ശരിക്കും എന്നെ പ്രതിധ്വനിപ്പിക്കുന്നു. ദിലീപ് സാഹിബിനൊപ്പമുള്ള കാലത്തെ എന്റെ ഓർമ്മകൾ തിരികെ കൊണ്ടുവരുന്നു. ദിലീപ് സാഹിബിനൊപ്പം നല്ലതും ചീത്തയുമായ സമയങ്ങളിൽ ഞാൻ നിന്നതുപോലെ നിങ്ങൾ ഷാരൂഖിനൊപ്പവും നിന്നിട്ടുണ്ട്," സൈറ ബാനു കുറിച്ചു.
/indian-express-malayalam/media/media_files/uploads/2023/10/image-4.png)
സൈറ ബാനുവുമായി അടുത്ത ആത്മബന്ധം പുലർത്തുന്നവരാണ് ഷാരൂഖും ഗൗരിയും. തനിക്കും അന്തരിച്ച നടൻ ദിലീപ് കുമാറിനും ഒരു മകനുണ്ടായിരുന്നുവെങ്കിൽ ആ കുട്ടി ഷാരൂഖിനെ പോലെയാവുമായിരുന്നു എന്ന് സൈറ ബാനു പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഷാരൂഖിനെയും ദിവ്യഭാരതിയേയും പ്രധാന കഥാപാത്രങ്ങളാക്കി ഹേമമാലിനിയുടെ സംവിധാനം ചെയ്ത 'ദിൽ ആഷ്‌ന ഹേ'യുടെ പൂജചടങ്ങിൽ താനും ദിലീപ് കുമാറും പങ്കെടുത്തതിനെ കുറിച്ചും 2017ൽ മുംബൈ മിററിന് നൽകിയ അഭിമുഖത്തിൽ സൈറ ബാനു പറഞ്ഞിരുന്നു.
"ദിലീപ് സാബ് ആയിരുന്നു ആദ്യ ക്ലാപ്പ് അടിച്ചത്. ഞങ്ങൾക്കൊരു മകനുണ്ടായിരുന്നെങ്കിൽ ഷാരൂഖിനെപ്പോലെ കാണപ്പെടുമായിരുന്നുവെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. ഷാരൂഖും ദിലീപ് സാബും ഒരുപോലെയാണ്, ഏറെ സാമ്യമുണ്ട്, സമാനമായ മുടിയുള്ളവരാണ്. അതുകൊണ്ടാണ് ഞങ്ങൾ കണ്ടുമുട്ടുമ്പോൾ ഷാരൂഖ് ഖാന്റെ മുടിയിഴകളിൽ വിരലോടിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നത്," സൈറ ബാനു പറയുന്നു.
/indian-express-malayalam/media/media_files/uploads/2023/10/Shah-Rukh-Khan-Family-Photo.jpg)
ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്റീരിയർ ഡിസൈനർമാരിൽ ഒരാളാണ് ഗൗരി ഖാൻ ഇന്ന്. പണം സമ്പാദിക്കുന്ന കാര്യത്തിൽ ഗൗരി ഖാൻ തന്റെ ഭർത്താവ് ഷാരൂഖ് ഖാനെ വച്ചു നോക്കുമ്പോൾ ഒട്ടും പിന്നിലല്ല. ബിസിനസ്സ് രംഗത്ത് തിളങ്ങുന്ന ഗൗരി ഖാന്റെ പ്രൊജക്റ്റുകൾ വലിയ രീതിയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ഏതാണ്ട്, 1600 കോടി രൂപയോളം ആസ്തിയുണ്ട് ഗൗരി ഖാന് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
വസ്ത്രവ്യാപാരിയായിരുന്നു ഗൗരിയുടെ പിതാവ്. പിതാവിന്റെ ബിസിനസ് കാരണം ഫാഷൻ ഡിസൈനിംഗിൽ താൽപ്പര്യം തോന്നിയ ഗൗരി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയിൽ നിന്ന് ഫാഷൻ ഡിസൈനിംഗിൽ ആറ് മാസത്തെ കോഴ്‌സ് പൂർത്തിയാക്കി. 1991ലാണ് ഗൗരി ഖാനും ഷാരൂഖ് ഖാനും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് അധികം താമസിയാതെ ഗൗരി ഷാരൂഖിനൊപ്പം മുംബൈയിലേക്ക് എത്തി. 2002ൽ റെഡ് ചില്ലീസ് എന്റർടൈൻമെന്റ് എന്ന നിർമ്മാണ കമ്പനി സ്ഥാപിച്ചു, നിർമ്മാതാവെന്ന നിലയിൽ ഗൗരിയുടെ ആദ്യ ചിത്രം 'മെയിൻ ഹൂ നാ' ആയിരുന്നു. ഫറാ ഖാനാണ് ചിത്രം സംവിധാനം ചെയ്തത്.
ഷാരൂഖിന്റെയും ഗൗരിയുടെയും മന്നത്ത് എന്ന ബംഗ്ലാവ് പുതുക്കിപ്പണിയുന്നതിനിടയിലാണ് ഗൗരിയ്ക്ക് ഇന്റീരിയർ ഡിസൈനിംഗിൽ താൽപ്പര്യം തോന്നിയത്. തുടർന്ന് സുഹൃത്ത് സുസെയ്ൻ ഖാനും ചേർന്ന് എക്സ്ക്ലൂസീവ് ഇന്റീരിയർ പ്രോജക്റ്റുകൾ ഗൗരി രൂപകൽപ്പന ചെയ്തു തുടങ്ങി. മുകേഷ് അംബാനി പോലുള്ള വ്യവസായ പ്രമുഖർ വരെ ഇന്ന് ഗൗരിയുചെ ക്ലൈന്റാണ്. 2018ൽ ഫോർച്യൂൺ മാഗസിൻ ലോകത്തെ 50 പവർഫുൾ സ്ത്രീകളെ തിരഞ്ഞെടുത്തപ്പോൾ ആ ലിസ്റ്റിലും ഗൗരി ഇടം നേടിയിരുന്നു.
2014ന്റെ തുടക്കത്തിൽ മുംബൈയിലെ വോർലിയിൽ 'ദി ഡിസൈൻ സെൽ' എന്ന പേരിൽ ഗൗരി തന്റെ ആദ്യത്തെ കൺസെപ്റ്റ് സ്റ്റോർ ആരംഭിച്ചു. ഗൗരി സ്വയം രൂപകൽപ്പന ചെയ്ത ഫർണിച്ചറുകൾ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. 2016ൽ പാരീസിലെ പ്രശസ്തമായ മൈസൺ എറ്റ് ഒബ്‌ജെറ്റ് ഷോയിലേക്ക് ഗൗരിയുടെ ഡിസൈനുകൾ പ്രദർശിപ്പിക്കാൻ ക്ഷണം ലഭിച്ചു. 2017 ഓഗസ്റ്റിൽ, മുംബൈയിലെ ജുഹുവിൽ 'ഗൗരി ഖാൻ ഡിസൈൻസ്' എന്ന തന്റെ ഡിസൈൻ സ്റ്റുഡിയോ ഗൗരി ആരംഭിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.